പ്രഭാതഭക്ഷണങ്ങളില്‍ വ്യത്യസ്തത ആഗ്രഹിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു വിഭവമാണ് പാലക്കാടൻ സ്‌പെഷ്യല്‍ 'തൊട്ടുപുരട്ടി'.
വളരെ എളുപ്പത്തില്‍ തയ്യാറാക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സാധാരണയായി അപ്പം അല്ലെങ്കില്‍ ദോശ ഉണ്ടാക്കുമ്പോള്‍ മാവ് മണിക്കൂറുകളോളം പുളിക്കാൻ വെക്കാറുണ്ട്.
എന്നാല്‍, ഈ വിഭവത്തിന്റെ പ്രത്യേകത എന്തെന്നാല്‍ അരി അരച്ച ഉടനെ തന്നെ ദോശയോ അപ്പമോ പോലെ ചുട്ടെടുക്കാം എന്നതാണ്. പച്ചരിയും ബാക്കി വന്ന ചോറും ചേരുമ്പോള്‍ ലഭിക്കുന്ന ഈ വിഭവം നല്ല മൃദുലവും സ്വാദിഷ്ടവുമാണ്. ഇതിലേക്ക് തേങ്ങയും ചുവന്നുള്ളിയും ജീരകവും ചേർത്ത് ഒന്ന് അരച്ചെടുത്ത് ചേർക്കുമ്പോള്‍ ലഭിക്കുന്ന രുചി വാക്കുകള്‍ക്ക് അതീതമാണ്.
വെറുതെ കഴിക്കാൻ തന്നെ ഏറെ രുചികരമാണെങ്കിലും, ഒരു ചെറിയ ചമ്മന്തി കൂടി കൂട്ടിനൊപ്പമുണ്ടെങ്കില്‍ പ്രഭാതഭക്ഷണം ഗംഭീരമാകും. തിരക്കുള്ള പ്രഭാതങ്ങളില്‍ പോഷകപ്രദവും രുചികരവുമായ ഒരു വിഭവം തയ്യാറാക്കാൻ ഇതിലും മികച്ചൊരു ഓപ്ഷനില്ല. ഷാഗി ഉഷകുമാർ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകള്‍
- പച്ചരി-2 കപ്പ്
- ചോറ്- 2 ടേബിള്‍സ്പൂണ്‍
- ഉപ്പ്-1 ടീസ്പൂണ്‍
- വെള്ളം- ആവശ്യത്തിന്
- ചിരകിയ തേങ്ങ- 1 കപ്പ്
- ചുവന്നുള്ളി- 6/7
- വറ്റല്‍മുളക്- 5
- ജീരകം-1 ടീസ്പൂണ്‍
- കറിവേപ്പില- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- ഒരു മിക്സിയുടെ ജാറില്‍ കുതിർത്തുവെച്ച പച്ചരി, ചോറ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കാം.
- ഇതിലേക്ക് ചിരകിയ തേങ്ങ, ചുവന്നുള്ളി, വറ്റല്‍മുളക്, ജീരകം, കറിവേപ്പില എന്നിവ ചേർത്ത് അരച്ചെടുക്കാം. മാവ് പുളിക്കാൻ വെക്കേണ്ട ആവശ്യമില്ല.
- അല്പം ലൂസ് ആയ പരുവത്തില്‍ വേണം മാവ് തയ്യാറാക്കാൻ.
- ഒരു അപ്പച്ചട്ടി ചൂടാക്കി അതില്‍ മാവ് ഒഴിച്ച് തൊട്ടുപുരട്ടി ചുട്ടെടുക്കാം. വേണമെങ്കില്‍ ഇടയില്‍ അല്പം വെളിച്ചെണ്ണയോ നെയ്യോ ചേർക്കാവുന്നതാണ്.

