ഇന്ത്യൻ റെയില്‍വേ 2021ല്‍ പുറത്തിറക്കി ഇയർബുക്ക് പ്രകാരം ഡല്‍ഹിയിലെ നാഷണല്‍ റെയില്‍ മ്യൂസിയത്തില്‍ സൂപ്പർ സ്റ്റാർ ആയി മാറിയ ഒരു 'ട്വിൻ കാർ പ്രസിഡൻഷ്യല്‍ സലൂണ്‍' ഉണ്ട്.
ഇന്ത്യൻ പ്രസിഡന്റുമാർ ഒരുകാലത്ത് ട്രെയിൻ വഴിയുള്ള യാത്രക്കായിരുന്നു മുൻഗണന നല്‍കിയിരുന്നത്. പ്രഥമ പ്രസിഡന്റ് ഡോ രാജേന്ദ്ര പ്രസാദ് പലപ്പോഴും ട്രെയിൻ യാത്രകള്‍ നടത്തിയിരുന്നതിനെക്കുറിച്ച് സർക്കാർ 2021ല്‍ ഇറക്കിയ ഒരു പത്രക്കുറിപ്പില്‍ പരാമർശിച്ചിരുന്നു. അദ്ദേഹം രാഷ്ട്രപതിയായി ചുമതലയേറ്റയുടനെയാണ് ആദ്യത്തെ യാത്ര നടത്തിയത്. ബിഹാറിലെ ഛപ്രയില്‍ നിന്ന് ഒരു 'പ്രസിഡന്റ്സ് സ്പെഷ്യല്‍' ട്രെയിനില്‍ തന്റെ ജന്മസ്ഥലമായ സിവൻ ജില്ലയിലെ ജിരാദെയ് സന്ദർശിക്കാനായിരുന്നു ആ യാത്ര.
ഇപ്പോഴത്തെ പ്രസിഡന്റുമാർ ട്രെയിനില്‍ യാത്ര ചെയ്യാറില്ല. അത് വെറും രണ്ട് മണിക്കൂർ നേരത്തേക്ക് മാത്രമാണെങ്കില്‍ പോലും. എന്നാല്‍ രാഷ്ട്രപതി യാത്രക്കായി ട്രെയില്‍ തിരഞ്ഞെടുക്കുമ്പോള്‍ അത് രണ്ട് മണിക്കൂറുള്ള യാത്ര ആണെങ്കില്‍ പോലും റെയില്‍വേയ്ക്ക് ഒരുപാട് ഒരുക്കങ്ങള്‍ ചെയ്യേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം സ്വന്തം സംസ്ഥാനമായ ഒഡീഷയില്‍ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി എത്തിയ പ്രസിഡന്റ് ദ്രൗപതി മുർമു ചൊവ്വാഴ്ച മഴ മുന്നറിയിപ്പിനെ തുടർന്ന് ഹെലികോപ്റ്റർ യാത്ര ഒഴിവാക്കി. തുടർന്ന് ഭുവനേശ്വറില്‍ നിന്ന് 170 കിലോമീറ്റർ അകലെയുള്ള ബെർഹാംപൂരിലേക്ക് ഒരു 'പ്രസിഡന്റ്സ് സ്പെഷ്യല്‍' ട്രെയിനിലാണ് യാത്ര ചെയ്തത്.
എയർകണ്ടീഷണർ ചെയ്ത കിടപ്പുമുറികള്‍, ലിവിംഗ് കം ഡൈനിംഗ് റൂം, ഒരു അടുക്കള എന്നിവ ഉള്‍പ്പെടുന്ന അതിമനോഹരമായ സ്വകാര്യ ആഡംബര റെയില്‍ കാറാണ് ഇതിനായി ഒരുക്കിയതെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വേ (ഇസിഒആർ) അധികൃതർ പറഞ്ഞു.
പ്രസിഡന്റിന്റെ യാത്രകള്‍ക്ക് അകമ്പടി വാഹനങ്ങള്‍ ഉണ്ടാകണം. അത് ട്രെയിൻ യാത്രയിലാണെങ്കിലും മാറ്റമില്ല. അതിനാല്‍ രാഷ്ട്രപതിയുടെ പ്രത്യേക ട്രെയിൻ ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുമ്പോള്‍ മുൻപില്‍ ഒരു ട്രെയിനും പിന്നില്‍ മറ്റൊരു ട്രെയിനും അകമ്പടിയായി ഉണ്ടായിരുന്നു. 'പ്രസിഡൻസ് സ്പെഷ്യല്‍' പോകുന്ന സമയത്ത് മറ്റ് ട്രെയിനുകളൊന്നും ട്രാക്കിലൂടെ പോകാൻ അനുവദിച്ചിരുന്നില്ല.
രാവിലെ ഒൻപത് മണി മുതല്‍ 11 മണി വരെ നീണ്ട ഈ യാത്രയില്‍ ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരണ്‍ മാഞ്ചിയും ഗവർണർ ഹരി ബാബു കുംഭപതിയും രാഷ്ട്രപതിക്കൊപ്പം ഉണ്ടായിരുന്നു.
പ്രസിഡന്റിന്റെ സെക്രട്ടേറിയറ്റ് ബന്ധപ്പെട്ടതിനെ തുടർന്ന് പ്ലാറ്റ്‌ഫോമില്‍ നിന്ന് തുടങ്ങി, റാംപ് വഴി, കോച്ചിലേക്ക് കയറുന്നത് വരെ അക്ഷരാർത്ഥത്തില്‍ ചുവന്ന പരവതാനി വിരിച്ചത് ഉള്‍പ്പെടെയുള്ള തയ്യാറെടുപ്പുകള്‍ റെയില്‍വേ നടത്തിയതായി ഇസിഒആർ വക്താവ് പറഞ്ഞു.
ട്രെയിനിന്റെ കാര്യങ്ങള്‍ റെയില്‍വേ നടത്തിയപ്പോള്‍ ബോംബ് സ്ക്വാഡുകള്‍, സ്നിഫർ നായ്ക്കള്‍, ഭുവനേശ്വർ, ബെർഹാംപൂർ റെയില്‍വേ സ്റ്റേഷനുകളിലെ സമഗ്രമായ യാത്രക്കാരുടെ ബാഗേജ് പരിശോധന എന്നിവ ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഗവണ്‍മെന്റാണ് കൈകാര്യം ചെയ്തതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. റെയില്‍വേ പോലീസിന്റെയും റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെയും ഉദ്യോഗസ്ഥർക്ക് പുറമെ കേന്ദ്ര ഏജൻസികളുടെ കമാൻഡോകളും ട്രെയിനില്‍ യാത്ര ചെയ്തിരുന്നു.
ഭുവനേശ്വർ സ്റ്റേഷനില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. ട്രെയിനിന്റെ അവസാന സ്റ്റേഷനായ ബെർഹാംപൂരിലും ഏകദേശം 15 പ്ലാറ്റൂണുകള്‍ വീതം (450 ഉദ്യോഗസ്ഥർ അടങ്ങിയത്) പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. പ്രസിഡന്റ് സന്ദർശിക്കുന്ന സ്ഥലങ്ങള്‍ "നോ-ഫ്ലൈയിംഗ്" സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഗഞ്ജം കളക്ടർ വി കീർത്തി വാസൻ പറഞ്ഞു.
ബെർഹാംപൂരില്‍ തപ്തപാനിക്കടുത്തുള്ള മാ കന്ധുനി ദേവി ക്ഷേത്രത്തിലെ സന്ദർശനവും പരിപാടിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വനത്തിനുള്ള സ്ഥിതി ചെയ്യുന്ന തപ്തപാനി, അതിന്റെ പ്രകൃതിദത്ത ചൂടുനീരുറവകള്‍ക്ക് പേരുകേട്ട ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാണ്.
പ്രസിഡന്റായ ശേഷം മുർമു അവസാനമായി ട്രെയിൻ യാത്ര നടത്തിയതും മറ്റൊരു മതപരമായ കേന്ദ്രത്തിലേക്കുള്ള രണ്ട് മണിക്കൂർ യാത്രയായിരുന്നു. 2025 സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നിന്ന് വൃന്ദാവനിലെ ബാങ്കെ ബിഹാരി ക്ഷേത്ര സന്ദർശനത്തിനായി അവർ മഹാരാജ എക്സ്പ്രസില്‍ കയറി യാത്ര ചെയ്തു. ആ യാത്രയ്ക്കായി, 18 കോച്ചുകളില്‍ 12 കോച്ചുകളും പ്രസിഡന്റിനും പ്രസിഡന്റിന്റെ സ്റ്റാഫിനുമായി മാറ്റിവെച്ചിരുന്നു. അതില്‍ ഒരു പ്രസിഡൻഷ്യല്‍ സ്യൂട്ട്, ഡീലക്സ് ക്യാബിനുകള്‍, ഡൈനിംഗ് കാറുകള്‍ എന്നിവ ഉള്‍പ്പെട്ടിരുന്നു.
വൈകുന്നേരം മഥുരയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ട്രെയിനില്‍ മടങ്ങി. എങ്കിലും പ്രസിഡന്റ് മുർമുവിന് ഏറ്റവും സന്തോഷം നല്‍കിയ യാത്ര സ്വന്തം ജില്ലയായ മയൂർഭഞ്ചിലേതായിരിക്കും. 2023 നവംബർ 21ന്, മയൂർഭഞ്ചിലെ ബദംപഹാർ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാഷ്ട്രപതി മൂന്ന് പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ചെയ്തു. ബദംപഹാർ-ഷാലിമാർ എക്സ്പ്രസില്‍ ആദ്യ യാത്ര നടത്തി രാഷ്ട്രപതി തന്റെ ജന്മസ്ഥലമായ ഉപർബേദയ്ക്ക് സമീപമുള്ള രായരംഗ്പൂരില്‍ ഇറങ്ങി.
ചൊവ്വാഴ്ച ഒഡീഷയില്‍ രാഷ്ട്രപതി യാത്ര ചെയ്ത ട്രാക്കില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ 1896 മാർച്ച് 1ന് തുറന്ന ഒഡീഷയിലെ ഏറ്റവും പഴയ 100 കിലോമീറ്റർ പാതയും ഉള്‍പ്പെടുന്നുണ്ട്. അത് ചില്‍ക്ക തടാകവും മുറിച്ചുകടന്നാണ് പോകുന്നത്. ബ്രിട്ടീഷ് അധികാരികള്‍ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ അതിലൂടെ സഞ്ചരിച്ചപ്പോഴാണ് ഒഡീഷയിലെ മുൻനിര കവിയും സാമൂഹിക പ്രവർത്തകനുമായ ഉത്കല്‍മണി ഗോപബന്ധു ദാസ് ആ മനോഹരമായ യാത്രയെക്കുറിച്ച് ഒരു കവിത എഴുതിയത്.

