ചെന്നൈ: അശ്ലീല പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ വിട്ടയച്ചു.
ചോദ്യം ചെയ്യലിനു ശേഷം സ്റ്റേഷൻ ജാമ്യത്തിലാണ് ഉദയനിധിയെ പൊലീസ് വിട്ടയച്ചത്. തഞ്ചാവൂരിന് അടുത്തുള്ള ചെങ്കിപ്പട്ടി പൊലീസ് സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയ ഉദയനിധിയ്ക്ക് വൻ സ്വീകരണം നല്‍കിയാണ് ഡി.എം.കെ പ്രവർത്തകർ സ്വീകരിച്ചത്.
പൊലീസ് നടപടിക്കെതിരെ ഡിഎംകെ നല്‍കിയ ഹർജി പരിഗണിക്കവേ, ചോദ്യം ചെയ്ത ശേഷം പ്രതിപക്ഷ നേതാവിനെ വിട്ടയക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശം നല്‍കിയിരുന്നു. മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് പ്രശസ്ത തമിഴ് നടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് ലൈംഗികാധിക്ഷേപകരമായ പരാമർശം നടത്തിയ കേസില്‍ ഇന്നു രാവിലെയായിരുന്നു ഉദയനിധിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
രാവിലെ 11 മണിയോടെ ചെന്നൈയിലെ വീട്ടിലെത്തിയാണ് പൊലീസ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്തത്. കാവേരി വിഷയവുമായി ബന്ധപ്പെട്ട് തഞ്ചാവൂരില്‍ ഡി.എം.കെ.യുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിന് നേതൃത്വം നല്‍കി സംസാരിച്ച ഉദയനിധി സ്റ്റാലിൻ നടത്തിയ ചില പരാമർശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച് വലിയ വിവാദമായി മാറിയിരുന്നു.
അതേസമയം, ഉദയനിധിയെ അറസ്റ്റ് ചെയ്ത നടപടിയെ മുൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രൂക്ഷമായി അപലപിച്ചു. റീല്‍സ് എടുത്ത് നടക്കുന്നതില്‍ മാത്രം തൃപ്തിയടയാതെ ഉത്തരവാദിത്തത്തോടെ പെരുമാറാൻ മുഖ്യമന്ത്രി വിജയ്‌യോട് അദ്ദേഹം ആവശ്യപ്പെട്ടു. അഹങ്കാരം നാശത്തിലേക്ക് വഴിതെളിക്കുമെന്നും തുടർച്ചയായ അഹങ്കാരം ആ നാശത്തെ വേഗത്തിലാക്കുമെന്നും ഡി.എം.കെ പുറത്തിറക്കിയ പ്രസ്താവനയിലൂടെ സ്റ്റാലിൻ പറഞ്ഞു.

