ജബല്‍പൂർ: മധ്യപ്രദേശിലെ ജബല്‍പൂർ ജില്ലയില്‍ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ക്രൂയിസ് ബോട്ട് ദുരന്തത്തിന് കാരണം പെട്ടെന്നുണ്ടായ കാറ്റും, യാത്രക്കാർ കൂട്ടത്തോടെ മുകള്‍ത്തട്ടിലേക്ക് മാറിയപ്പോള്‍ ബോട്ടിന്റെ ഗുരുത്വകേന്ദ്രം മാറിയതുമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
വ്യാഴാഴ്ച വൈകുന്നേരം ജബല്‍പൂർ നഗരത്തിന് സമീപമുള്ള ബർഗി ഡാം പ്രദേശത്താണ് അപകടമുണ്ടായത്. കളക്ടർ രാഘവേന്ദ്ര സിംഗ് നല്‍കുന്ന വിവരമനുസരിച്ച്, 90 പേരെ കയറ്റാൻ ശേഷിയുള്ള ബോട്ടില്‍ ഏകദേശം 40 യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ബർഗി ഡാം റിസർവോയറില്‍ ഒരു വിനോദയാത്രയായി തുടങ്ങിയ ക്രൂയിസ് നിമിഷങ്ങള്‍ക്കുള്ളില്‍ ഭീകരമായ അവസ്ഥയിലേക്ക് മാറുകയായിരുന്നു. ബോട്ട് മറിഞ്ഞ് മുങ്ങിയതോടെ പലരും ഉള്ളില്‍ കുടുങ്ങിപ്പോയി. വെള്ളിയാഴ്ചയോടെ നാല് വയസ്സുള്ള കുട്ടിയുടേതടക്കം ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെടുത്തു. 28 പേരെ രക്ഷപ്പെടുത്തി.
യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ പെട്ടെന്ന് ശക്തമായ കാറ്റും കോളും ഉണ്ടായതായി ജില്ലാ കളക്ടർ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഈ സമയത്ത് പല യാത്രക്കാരും കാഴ്ചകള്‍ കാണുന്നതിനും മറ്റുമായി ബോട്ടിന്റെ മുകള്‍ത്തട്ടില്‍ ഒത്തുകൂടിയിരുന്നു.
"എല്ലാവരും മുകള്‍ത്തട്ടിലേക്ക് കയറിയപ്പോള്‍ ബോട്ടിന്റെ ഗുരുത്വകേന്ദ്രത്തില്‍ വ്യതിയാനം സംഭവിച്ചു. ബോട്ട് വല്ലാതെ ആടാൻ തുടങ്ങി. സന്തുലിതാവസ്ഥ നിലനിർത്താൻ ആളുകള്‍ ഒരു വശത്ത് നിന്ന് മറുവശത്തേക്ക് ഓടി. ഇത് ബോട്ടിന്റെ സുരക്ഷിതത്വം പൂർണ്ണമായും തകർത്തു," അദ്ദേഹം പറഞ്ഞു.
ഇതോടെ ബോട്ടിന്റെ താഴ്ഭാഗത്തേക്ക് വെള്ളം കയറാൻ തുടങ്ങുകയും, താഴത്തെ തട്ടിലുണ്ടായിരുന്നവരും താഴേക്ക് തിരിച്ചെത്തിയവരും അവിടെ കുടുങ്ങിപ്പോകുകയും ചെയ്തു.
അപകടത്തിലേക്ക് നയിച്ച കാരണങ്ങള്‍ യാത്ര തുടങ്ങുന്നതിന് മുൻപേ ആരംഭിച്ചിരുന്നതായാണ് മുതിർന്ന ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും പറയുന്നത്. മണിക്കൂറില്‍ 40-50 കിലോമീറ്റർ വേഗതയില്‍ കാറ്റടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് ഒരു ദിവസം മുൻപേ നല്‍കിയിരുന്നു. എന്നാല്‍ 2006 മുതല്‍ പ്രവർത്തിക്കുന്ന ഈ ടൂറിസം ബോട്ട് വൈകുന്നേരം 4.30-ഓടെ യാത്ര ആരംഭിച്ചു. ഉയർന്ന വേഗതയിലുള്ള കാറ്റിനെ പ്രതിരോധിക്കാൻ ബോട്ടിന് സാധിക്കുമെന്ന പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലാണ് യാത്രയ്ക്ക് അനുമതി നല്‍കിയതെന്ന് കളക്ടർ സിംഗ് പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുത്തു. ബോട്ട് പൈലറ്റ് മഹേഷ് പട്ടേല്‍, സഹായി, ടിക്കറ്റ് കൗണ്ടർ ഇൻചാർജ് എന്നിവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സർക്കാർ നടത്തുന്ന മൈക്കല്‍ റിസോർട്ട് ആൻഡ് ബോട്ട് ക്ലബ് മാനേജർ സുനില്‍ മരാവിയെ വീഴ്ചയുടെ പേരില്‍ സസ്പെൻഡ് ചെയ്തു, റീജിയണല്‍ മാനേജർ സഞ്ജയ് മല്‍ഹോത്രയെ ഹെഡ്ക്വാർട്ടേഴ്സിലേക്ക് മാറ്റി.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചു. ഹോം ഗാർഡ്സ് ആൻഡ് സിവില്‍ ഡിഫൻസ് ഡയറക്ടർ ജനറല്‍, സർക്കാർ സെക്രട്ടറി, ജബല്‍പൂർ ഡിവിഷൻ കമ്മീഷണർ എന്നിവരടങ്ങുന്ന സമിതി അപകടകാരണം, ചട്ടങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങള്‍ പരിശോധിക്കും. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാൻ ടൂറിസം വകുപ്പ് വഴി ക്രൂയിസ് പ്രവർത്തനങ്ങള്‍ക്കായി പ്രത്യേക സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (SOP) രൂപീകരിക്കുമെന്നും സർക്കാർ അറിയിച്ചു.

