Nothing is over, that is the only certainty.
The other certainty is that everything ends, even this*
സമ്പന്നരായ രാഷ്ട്രീയ കക്ഷികളും, ദരിദ്രരായ വോട്ടർമാരുമെന്ന (Rich Parties, Poor Voters) വൈരുദ്ധ്യം ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി മാറിയെന്ന നിഗമനങ്ങള്‍ ഇപ്പോള്‍ സുവിദിതമാണ്.
പ്രബലരുടെ (Elite) സാമ്പത്തിക-സാമൂഹിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന പാർട്ടികള്‍, പലപ്പോഴും അവരുടെ ഇരകളായ ദരിദ്രരുടെ വിശ്വാസ്യതയും വോട്ടും നേടുന്നതിന്റെ രഹസ്യം എന്താണെന്ന ചോദ്യം ഇന്ത്യയില്‍ മാത്രമല്ല ലോകമാകെ രാഷ്ട്രീയ-സാമൂഹിക ശാസ്ത്രജ്ഞരെ അലട്ടുന്ന വിഷയങ്ങളിലൊന്നാണ്. നോട്ട് നിരോധന പ്രഖ്യാപനത്തിന് 10 വർഷം തികയുന്ന വേളയില്‍ ഈ ചോദ്യത്തിന് കൂടുതല്‍ പ്രാധാന്യം കൈവരുന്നു.
ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ തീരുമാനങ്ങളിലൊന്നായ നോട്ട് നിരോധനം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നത് 2016 നവംബർ എട്ടാം തീയതിയാണ്. രാത്രി 8 മണിക്ക് ടെലിവിഷൻ ചാനല്‍ വഴി രാജ്യത്തെ അഭിസംബോധന ചെയ്ത അദ്ദേഹത്തിന്റെ 40-മിനിട്ട് നീണ്ട പ്രസംഗത്തില്‍ ഒരു മുന്നറിയിപ്പുമില്ലാതെ 500-ന്റെയും, 1000-ത്തിന്റെയും കറൻസി നോട്ട്കള് റദ്ദു ചെയ്യുന്ന തീരുമാനം പുറത്തു വന്നു. പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനം രാജ്യമാകെ ജനജീവിതം സ്തംഭിപ്പിച്ചു. ഡിമോണിട്ടൈസേഷൻ എന്ന് ഇംഗ്ലീഷിലും നോട്ട് നിരോധനമെന്ന് മലയാളത്തിലും പ്രചാരം നേടിയ ഈ നടപടിയുടെ തിക്തഫലങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക മേഖലയില്‍ ഇപ്പോഴും തുടരുന്നതായി പ്രമുഖ സാമ്പത്തിക പണ്ഡിതർ കണക്കാക്കുന്നു. എന്നാല്‍, നോട്ട് നിരോധനം ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിച്ച ജന വിഭാഗങ്ങളില്‍ നല്ലൊരു പങ്കും 2019-ലെ പൊതുതിരഞ്ഞെടുപ്പിലും, അതിനു മുൻപായി നടന്ന ചില സുപ്രധാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, അദ്ദേഹത്തിന്റെ പാർട്ടിക്കും കൂടുതല്‍ വീറോടെ വോട്ട് ചെയ്തുവെന്നാണ് തിരഞ്ഞെടുപ്പു ഫലങ്ങള്‍ വ്യക്തമാക്കിയത്.
'വോട്ടു ചോരി' എന്ന പ്രയോഗം അക്കാലങ്ങളില്‍ ഏതായാലും ഭാഷയില്‍ വന്നിരുന്നില്ല. സമ്പന്നരായ രാഷ്ട്രീയ കക്ഷികളും, ദരിദ്രരായ വോട്ടർമാരുമെന്ന വൈരുദ്ധ്യത്തിന്റെ ലക്ഷണമൊത്ത ഉദാഹരണമായി 2019 ലെ തിരഞ്ഞെടുപ്പ് ഫലത്തെ കണക്കാക്കുകയാണെങ്കില്‍ നോട്ട് നിരോധനത്തിന് 10 വർഷം തികയുന്ന വേളയില്‍ അതിന്റെ സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക വിവക്ഷകളെ എങ്ങനെയാണ് മനസ്സിലാക്കാൻ കഴിയുക. നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യയിലെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക മേഖലകളില്‍ വന്ന മാറ്റങ്ങള്‍ എന്താണ് തുടങ്ങിയ ചോദ്യങ്ങള്‍ വർത്തമാനകാല ഇന്ത്യയെ മനസ്സിലാക്കുവാൻ അനിവാര്യമാണ്.
ജനപ്രിയ ഏകാധിപത്യത്തില്‍ നിന്നും ഹിന്ദുത്വ/മോദി രാഷ്ട്രീയം നവഫാസിസത്തിലേക്ക് ചുവടുമാറ്റുന്ന ഘട്ടത്തിലെ സുപ്രധാന ഏടായി നോട്ട് നിരോധനത്തെ വിലയിരുത്തുന്ന ഒരു സമീപനം ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാൻ നമ്മെ സഹായിക്കും. കള്ളപ്പണം, കള്ളനോട്ട്, അഴിമതി, ഭീകരവാദികളുടെ ധന ശൃംഖലകള്‍ എന്നിവ ഇല്ലാതാക്കുന്നതിനായി കരുത്തനായ നേതാവ് നിശ്ചയദാർഢ്യത്തോടെ നടപ്പാക്കിയ
തീരുമാനമെന്ന നിലയിലാണ് നോട്ട് നിരോധനത്തെ തുടക്കത്തില്‍ അവതരിപ്പിച്ചത്, അതിന് പിന്നില്‍ അണിനിരക്കാൻ ജനങ്ങളെ ആഹ്വാനം ചെയ്യുക മാത്രമല്ല അതില്‍ പരാജയപ്പെടുകയാണെങ്കില്‍ ജനങ്ങള്‍ നല്കുന്ന ഏതു ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണെന്നും മോദി പറഞ്ഞു.
ഫൊട്ടോ: സാഹില്‍ വാലിയജീവനോടെ കത്തിച്ചാല്‍ പോലും കള്ളപ്പണത്തിനെതിരായ യുദ്ധത്തില്‍ നിന്നും പിന്നോട്ടില്ലെന്ന അവകാശവാദങ്ങളുമായുള്ള മോദിയുടെ ജൈത്രയാത്ര പക്ഷെ ഒരു മാസം പോലും നീണ്ടുനിന്നില്ല. നവംബർ അവസാനത്തോടെ കള്ളപ്പണത്തിനെതിരായ യുദ്ധത്തെ കുറിച്ചുള്ള പരാമർശങ്ങള്‍ മോദിയുടെ പ്രസ്താവനകളില്‍ നിന്നും പ്രസംഗങ്ങളില്‍ നിന്നും ഏതാണ്ട് പൂർണ്ണമായും അപ്രത്യക്ഷമായി. പകരം ക്യാഷ്ലെസ് അഥവാ കറൻസിരഹിത എക്കണോമിയിലേക്കുള്ള പരിവർത്തനത്തിനുള്ള വഴിയൊരുക്കലായി നോട്ട് നിരോധനത്തിന്റെ ലക്ഷ്യം എന്ന വാദം പതുക്കെ മുന്നോട്ട് വച്ചു.
ഡിസംബർ മാസത്തോടെ മോദിയുടെ ചുവടുമാറ്റം പൂർണ്ണമായി. റദ്ദാക്കിയ കറൻസിയുടെ ഭൂരിഭാഗവും ബാങ്കുകളില്‍ തിരിച്ചെത്താൻ തുടങ്ങിയതായി അപ്പോഴേക്കും വ്യക്തമായിരുന്നു. ഉത്തർ പ്രദേശിലെ കാണ്‍പൂർ, ഡെറാഡൂണ്‍ എന്നിവടങ്ങളില്‍ ഡിസംബറില്‍ നടത്തിയ പ്രചാരണ റാലികളില്‍ പ്രധാന വിഷയം 'ഡിജിറ്റല്‍ ഇന്ത്യ'യായി മാറി. "നിങ്ങളുടെ മൊബൈല്‍ തന്നെയാണ് നിങ്ങളുടെ ബാങ്ക്" എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അതിന് പുറമെ ഡിസംബർ 15-ന് ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നവർക്ക് സമ്മാന പദ്ധതികള്‍ പ്രഖ്യാപിച്ചു. നീതി ആയോഗ് ആയിരുന്നു അതിന്റെ പിന്നില്‍. 'ലക്കി ഗ്രാഹക് യോജന,' 'ഡിജി-ധൻ വ്യാപാർ യോജന' എന്നിവയായിരുന്നു സമ്മാന പദ്ധതികള്‍. നോട്ടുകള്‍ തിരികെ ഏല്‍പ്പിക്കാനുള്ള 50 ദിവസത്തെ കാലാവധി അവസാനിച്ച ഡിസംബർ 30-ന് 'BHIM UPI' ആപ്പ് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നോട്ട് നിരോധനത്തിന്റെ പ്രധാന ലക്ഷ്യം ഡിജിറ്റല്‍ വിപ്ലവമാണെന്ന് പ്രഖ്യാപിച്ചു.
കള്ളപ്പണത്തിന് എതിരായി തുടങ്ങിയ യുദ്ധം വഴി മാറി ഡിജിറ്റല്‍ വിപ്ലവത്തിലെത്തിയതോടെ നോട്ട് നിരോധനത്തെ തുടക്കം മുതല്‍ സംശയത്തോടെ സമീപിച്ച സാമ്പത്തിക പണ്ഡിതരും മറ്റുള്ള വിമർശകരും കൂടുതല്‍ ചോദ്യങ്ങളുമായി രംഗത്തു വന്നു. പ്രതിപക്ഷത്തെ രാഷ്ട്രീയ കക്ഷികള്‍ സർക്കാരിനെതിരെ പൊതുവായും പ്രധാനമന്ത്രി മോദിക്കെതിരെ പ്രത്യേകിച്ചും വിമർശനങ്ങള്‍ രൂക്ഷമാക്കി. എന്നാല്‍, അതൊന്നും മോദിയുടെ ജനപ്രിയതയില്‍ ഗണ്യമായ ഇടിവ് വരുത്തിയതായി കരുതാനാവില്ല. നോട്ടു നിരോധനത്തിന് തൊട്ടു പിന്നാലെ 2017 ഫെബ്രുവരി-മാർച്ച് മാസങ്ങളില്‍ നടന്ന ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി വൻഭൂരിപക്ഷം നേടിയത് അതിന്റെ ഉദാഹരണമായി കണക്കാക്കാം. മൊത്തം 403 സീറ്റുകളില്‍ ബിജെപി സഖ്യം 325 സീറ്റുകള്‍ നേടിയപ്പോള്‍ സമാജ്വാദി പാർട്ടി-കോണ്‍ഗ്രസ് സഖ്യം 54 സീറ്റുകളില്‍ ഒതുങ്ങി. മായാവതിയുടെ ബിഎസ്പി 19 സീറ്റുകളില്‍ വിജയിച്ചു. രേഖപ്പെടുത്തിയ വോട്ടിന്റെ 39.67 ശതമാനം വോട്ട് നേടിയ ബിജെപി സ്വന്തം നിലയില്‍ 312 സീറ്റുകളില്‍ വിജയം നേടി. അത് ബിജെപി വിരുദ്ധ കക്ഷികളെ മാത്രമല്ല തിരഞ്ഞെടുപ്പു രാഷ്ട്രീയത്തെ സൂക്ഷ്മമായി പിന്തുടരുന്നവരെയും അമ്പരപ്പിച്ച ഒന്നായിരുന്നു.
സാമ്പത്തിക-സാമൂഹിക കെടുതികളും, ഇല്ലായ്മകളും നിത്യജീവിതത്തിന്റെ ഭാഗമായ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ അധിവസിക്കുന്ന ഒരു ദേശം അതിന് കാരണക്കാരായ ശക്തികളുടെ താല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്നവരെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുന്ന വിചിത്രമായ നിലപാടിനെ എങ്ങനെ തിരിച്ചറിയും? നോട്ട് നിരോധനത്തിന് ശേഷമുള്ള രാഷ്ട്രീയത്തെ അതിനുള്ള ഒരു ചൂണ്ടുപലകയായി കണക്കാക്കാൻ കഴിയുമോ? കള്ളപ്പണത്തിനെതിരായ സാമ്പത്തിക നടപടിയെന്ന നിലയില്‍ നോട്ട് നിരോധനം പൂർണ്ണ പരാജയമായിരുന്നുവെന്ന കാര്യത്തില്‍ ഇപ്പോള്‍ ആർക്കും സംശയമില്ല. മാത്രമല്ല, നോട്ടു നിരോധനം ഇന്ത്യൻ സമ്പദ്ഘടനക്ക് ഇനിയും പരിഹരിക്കാത്ത ആഘാതങ്ങള്‍ ഏല്‍പ്പിച്ചുവെന്നതും വ്യക്തമാണ്. ഇത്രയൊക്ക ദുരിതങ്ങള്‍ക്ക് ഉത്തരവാദികളായ രാഷ്ട്രീയ നേതൃത്വം വിജയശ്രീലാളിതരായി എങ്ങനെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്? പ്രബലരുടെ സാമ്പത്തിക-സാമൂഹിക താല്പര്യങ്ങള് സംരക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധരായ രാഷ്ട്രീയ കക്ഷികള്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെ മേല്‍ കെട്ടിയേല്പിക്കുന്ന ദുരിതങ്ങളുടെ പുതിയ പതിപ്പുകളെ എങ്ങനെ തിരിച്ചറിയാനാവുമെന്ന ചോദ്യവും വളരെ പ്രസക്തമാണ്. ഭരണഘടനപരമായ അവകാശങ്ങളുടെയും, ജനാധിപത്യപരമായ രാഷ്ട്രീയ സംസ്കാരത്തിന്റെയും നിലനില്‍പ്പിന് ഈ ചോദ്യങ്ങളെ അവഗണിക്കാനാവില്ല.
മാജിക്കല്‍ റിയലിസത്തെ 'പൊട്ടിച്ചു കൈയ്യില്‍ കൊടുക്കുന്ന'1 തരത്തിലുള്ള വിവരണങ്ങളുടെ പിൻബലത്തോടെ അരങ്ങേറിയ ഒന്നായിരുന്നു നോട്ട് നിരോധനം. ഇന്ത്യയിലെ സാമൂഹിക-സാമ്പത്തിക ജീവിതത്തെ ദിവസങ്ങളോളം മുള്‍മുനയിലാക്കിയ മോദിയുടെ പ്രഖ്യാപനത്തിന് 10 വർഷം തികയുമ്പോള്‍ അതിന്റെ ഉപജ്ഞാതാക്കള്‍ പോലും ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത, 'ക്രോണിക്കള്‍ ഓഫ് എ ഡെത്ത് ഫോർടോള്‍ഡ് 2' എന്ന വിഖ്യാത കൃതിയുടെ പേരിനെ ഓർമ്മിപ്പിക്കുന്ന ഒന്നായി മാറിയ ആ നടപടി.
എക്സ്പ്രസ് ഫൊട്ടോക്ഷേമരാഷ്ട്ര മാതൃകയുടെ പ്രതിസന്ധിയില്‍ നിന്നാണ് ജനപ്രിയ ഏകാധിപത്യത്തിന്റെ ഉദയം. അതിന്റെ രാഷ്ട്രീയ-സാമ്പത്തിക ആവരണമായിരിന്നു നിയോ-ലിബറലിസം. 1970-കളുടെ അവസാനത്തോടെ മാര്‍ഗരറ്റ് താച്ചര്‍ ബ്രിട്ടനിലും 1980-കളുടെ തുടക്കത്തില്‍ റൊണാള്‍ഡ് റീഗന് അമേരിക്കയിലും തുടക്കമിട്ട നിയോലിബറല്‍ മാതൃക 1990-കളോടെ ലോകവ്യാപകമായി. പ്രാദേശികമായ സവിശേഷതകള്‍ക്ക് അനുസൃതമായി ആഴങ്ങളിലും വ്യാപ്തിയിലും പദാവലികളിലെ ഏറ്റക്കുറച്ചിലുകളുമൊഴിച്ചാല് ആഗോള രാഷ്ട്രീയ-സമ്പദ്ഘടന 90-കളോടെ ആഗോളതലത്തില്‍ നിയോലിബറല്‍ നയങ്ങളുടെ ഏകവിളത്തോട്ടമായി മാറി. സംഘര്‍ഷരഹിതമായ മുതലാളിത്തത്തെ പറ്റി (Frictionless Capitalism) 1995-ല്‍ ബില്‍ ഗേറ്റ്സും, ഉയര്‍ച്ചയും താഴ്ചയും ആവര്‍ത്തിക്കുന്ന എക്കണോമിക് സൈക്കിളുകളുടെ (Economic Cycles) കാലം കഴിഞ്ഞുവെന്ന് മറ്റു ചില സാമ്പത്തിക പണ്ഡിതരും വാചാലരാവുന്നത് മേല്‍പ്പറഞ്ഞ ഉത്സാഹത്തിന്റെ അന്തരീക്ഷത്തിലായിരുന്നു. കമ്പ്യൂട്ടര്‍, ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യകള്‍ ബഹുജന വിപണിക്ക് (Mass Market) പ്രാപ്യമായ നിലയിലുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളുമായി ലഭ്യമായതോടെ
അനന്തമായ വളര്‍ച്ചയെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ വാനോളമുയര്‍ന്നു. ബഹുജന വിപണിയിലെ കണ്ണഞ്ചിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ എന്നാല്‍, ആഗോളതലത്തില്‍ നിലനിന്നിരുന്ന ഘടനാപരമായ അസന്തുലിതത്വങ്ങള്ക്കും അസമത്വങ്ങള്‍ക്കും പരിഹാരമായിരുന്നില്ല. എന്നുമാത്രമല്ല അവയെ കൂടുതല്‍ രൂക്ഷവും അസഹനീയവുമാക്കുന്നതായിരിന്നു അതിന്റെ ഉള്ളടക്കം.
സമൂഹികജീവിതത്തിന്റെ നാനാതുറകളില്‍ നിലനിന്ന വൈരുദ്ധ്യങ്ങള്‍ -- സാമ്പത്തിക അന്തരങ്ങള്‍, വംശീയത, ലിംഗവിവേചനങ്ങള്‍, കൊളോണിയല്‍ അധിനിവേശം ബാക്കിയാക്കിയ ഇല്ലായ്മകളും ഏങ്കോണിപ്പുകളും, കാലാവസ്ഥാ മാറ്റം ഉയര്‍ത്തുന്ന ഭീഷണികള്‍ --- തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളും അവയുടെ ഭാഗമായ എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങളും ലോകമാകെ കൂടുതല്‍ തീവ്രമായതല്ലാതെ ഏതെങ്കിലും തരത്തില്‍ കുറയുന്നതായി ഒരു സൂചനയും നവലിബറലിസത്തില്‍ ഉണ്ടായില്ല. അതിനുപുറമെ നവലിബറല്‍ മാതൃകയില്‍ അന്തര്‍ലീനമായ വൈരുധ്യം സാമ്പത്തിക തകര്‍ച്ചകളുടെ രൂപത്തില്‍ 90-കളുടെ രണ്ടാം പകുതിയോടെ വ്യാപകമായി. 'ഏഷ്യന്‍ കടുവകള്‍' എന്ന പേരില്‍ വളര്‍ച്ചയുടെ മാതൃകകളായി ആഘോഷിക്കപ്പെട്ടിരുന്ന തെക്കു-കിഴക്കേനേഷ്യന്‍ രാജ്യങ്ങള്‍ 1997-ല്‍ തകര്‍ന്നടിഞ്ഞതിന് പിന്നാലെ മറ്റൊരു വളര്ച്ചാനക്ഷത്രമായി വാഴ്ത്തപ്പെട്ടിരുന്ന തെക്കേ അമേരിക്കയിലെ അര്‍ജന്റീനയും 1998-ല്‍ കൂപ്പുകുത്തി. മെക്സിക്കോ 1994-ല്‍ തന്നെ പ്രതിസന്ധിയിലായിരുന്നു. സംഘര്‍ഷരഹിത മുതലാളിത്തത്തെ കുറിച്ചുള്ള വാചോടാപങ്ങളെല്ലാം ഏതാണ്ട് പരിഹാസ്യമായ അവസ്ഥയിലാണ് 2000-ല്‍ അമേരിക്കന്‍ വിപണികളെ പിടിച്ചുലച്ച ഡോട്ട്.കോം തകര്‍ച്ച സംഭവിക്കുന്നത്. 'ശേഷം ചിന്ത്യം' എന്ന് ജാതകമെഴുത്തുകാര് കുറിക്കുന്നത് പോലെ 2008-ല്‍ അമേരിക്കയിലെ സബ്-പ്രൈം തകര്‍ച്ച ലോകമാകെ ഗ്രസിച്ച സാമ്പത്തിക മാന്ദ്യമായതോടെ നിയോലിബറല്‍ മാതൃകയെക്കുറിച്ചുള്ള വാഴ്ത്തുകളുടെ അവസാനത്തിന്റെ ആരംഭമായി.
ബഹുഭൂരിപക്ഷം ജനങ്ങളെയും പാപ്പരാക്കി ന്യൂനപക്ഷം വരുന്ന സമ്പന്നരുടെ പക്കല്‍ മാത്രമായി സാമൂഹിക സമ്പത്തിന്റെ കേന്ദ്രീകരണം സാധ്യമാക്കുന്ന പ്രക്രിയയാണ് നിയോലിബറലിസമെന്ന തിരിച്ചറിവ് 1990-കളില്‍ തന്നെ വ്യക്തമായിരുന്നു. അതിനെതിരായ പ്രതികരണങ്ങള്‍ രാഷ്ട്രീയ മണ്ഡലങ്ങളിലും പ്രതിഫലിക്കാന്‍ തുടങ്ങിയിരുന്നു. ബ്രിട്ടനില്‍ 1990-ല്‍ താച്ചര്‍ക്ക് പ്രധാനമന്ത്രി പദം നഷ്ടമായതും 1993-ല്‍ ബില്‍ ക്ലിന്റണ് അമേരിക്കയിലും, 97-ല്‍ ടോണി ബ്ലയര്‍ ബ്രിട്ടനില്‍ പ്രധാനമന്ത്രി പദത്തിലെത്തിയതും അതിന്റെ സൂചകങ്ങളായി കണക്കാക്കപ്പെടുന്നു. താച്ചര്‍ പുറത്തായതിന് പിന്നില്‍ കണ്‍സെര്‍വേറ്റീവ് പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ മൂലമായിരുന്നുവെങ്കിലും ബ്രിട്ടീഷ് സമൂഹത്തിലാകെ ഉയര്‍ന്നുവന്ന ശക്തമായ പ്രതിഷേധങ്ങളുടെ സമ്മര്‍ദ്ദവും കാരണമായിരിന്നു. മേല്‍പ്പറഞ്ഞ ഭരണമാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ ജനകീയ ഇച്ഛയെ ഉള്‍ക്കൊള്ളുന്നതില്‍ പകരം അധികാരത്തിലെത്തിയ നേതാക്കളും കക്ഷികളും പരാജയമടഞ്ഞുവെന്ന് മാത്രമല്ല നിയോലിബറല്‍ നയങ്ങളെ കൂടുതല്‍ തീവ്രതയോടെ നടപ്പാക്കുന്നതിലും അവര്‍ ഒട്ടും പിന്നിലായില്ല. തങ്ങളെ അധികാരത്തിലെത്തിച്ച ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ സാമൂഹിക-സാമ്പത്തിക താല്പര്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന നയങ്ങള്‍ രൂപീകരിക്കുന്നതിന് പകരം അവര്‍ നേരെ വിപരീത ദിശയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അമേരിക്കയില്‍ ന്യൂ ഡെമോക്രാറ്റ്സ്, ബ്രിട്ടനില്‍ ന്യൂ ലേബര്‍ എന്നിങ്ങനെ ഈ പ്രവണത അറിയപ്പെടാന്‍ തുടങ്ങി.
തൊഴിലാളികള്‍, കറുത്ത വര്‍ഗ്ഗക്കാര്‍, മറ്റു കുടിയേറ്റക്കാര്‍ എന്നിവരായിരുന്നു അമേരിക്കയിലും ബ്രിട്ടനിലും ഡെമോക്രാറ്റിക്, ലേബര്‍ കക്ഷികളുടെ പരമ്പരാഗത വോട്ടര്‍മാര്‍. ജനസംഖ്യയുടെ വലിയൊരു ഭാഗമായ ഈ ജനവിഭാഗത്തെ രാഷ്ട്രീയമായി നിഷ്ക്രിയരാക്കുന്ന പ്രവൃത്തിയാണ് അവര്‍ പാരമ്പര്യമായി വിശ്വാസമര്‍പ്പിച്ചിരുന്ന രാഷ്ട്രീയകക്ഷികള്‍ നടപ്പിലാക്കിയത്. യൂറോപ്പിലെ സോഷ്യല്‍ ഡെമോക്രാറ്റിക് കക്ഷികള്‍ ഒന്നാകെ നിയോലിബറല്‍ മുതലാളിത്തത്തിന്റെ വിശ്വസ്തരായ നടത്തിപ്പുകാരായി മാറിയതും ഇതേ കാലഘട്ടത്തിലാണ്. യൂറോപ്പിലും അമേരിക്കയിലും മാത്രമല്ല ഇന്ത്യയടക്കമുള്ള പല പ്രമുഖ രാജ്യങ്ങളിലും ഇതേ ടെംപ്ലേറ്റ് അതതു രാജ്യങ്ങളുടെ സവിശേഷതകളോടെ നിലവില്‍ വന്നു. സമൂഹത്തിലെ ഭൂരിപക്ഷം ജനങ്ങളുടെ സാമൂഹിക-സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്കാന് ബാധ്യതയുള്ള രാഷ്ട്രീയകക്ഷികള്‍ വന്‍കിട മൂലധനത്തിന്റെ വിശ്വസ്ത സേവകരായി മാറിയതോടെ രാഷ്ട്രീയ മണ്ഡലത്തില്‍ അതുവരെ പരിചിതമായിരുന്ന ശാക്തിക ചേരികളില്‍ ഗണ്യമായ പുനഃസംഘാടനങ്ങള്ക്കും വഴിയൊരുങ്ങി. കൊടിയ സാമ്പത്തിക മാന്ദ്യം (Great Recession) എന്ന് ഇപ്പോള്‍ സാമ്പത്തികചരിത്ര പണ്ഡിതര്‍ വിളിക്കുന്ന 2008-ലെ സാമ്പത്തിക തകര്‍ച്ച വരെ നിയോലിബറല്‍ മാതൃകയും ജനപ്രിയ ഏകാധിപത്യവും താങ്ങും തണലുമായി മുന്നേറി. പക്ഷേ, 2008-ലെ തകര്‍ച്ച മുന്നോട്ടുള്ള പ്രയാണത്തിന് വലിയൊരു വിലങ്ങുതടിയായി.
നിയോലിബറലിസം നേരിട്ട/നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ ജനപ്രിയ ഏകാധിപത്യത്തിന് കഴിയില്ലെന്ന സന്ദേഹം രാഷ്ട്രീയ യാഥാര്‍ഥ്യമായി മാറുന്ന ഭൗതിക സാഹചര്യം അങ്ങനെ രൂപംകൊള്ളുന്നു. ക്ഷേമരാഷ്ട്ര മാതൃക നേരിട്ട പ്രതിസന്ധിയെ മറികടക്കാന്‍ പ്രാപ്തമായിരുന്ന ജനപ്രിയ ഏകാധിപത്യത്തിന്റെ ആവനാഴിയിലെ അമ്പുകളുമായി നിയോലിബറലിസം അഭിമുഖീകരിക്കുന്ന വിലങ്ങുതടികളെ ഭേദിക്കാനാവില്ലെന്ന തിരിച്ചറിവുകളാണ് നിയോഫാസിസത്തെ യാഥാര്‍ഥ്യമാക്കുന്ന ചരിത്ര സന്ദര്‍ഭം.
എക്സ്പ്രസ് ഫൊട്ടോരാഷ്ട്രീയത്തിന്റെ മണ്ഡലത്തിലെ ശാക്തികചേരികളിലെ പുനഃസംഘാടനങ്ങള് അതിനുള്ള മണ്ണൊരുക്കുന്നു. നിയോലിബറലിസം അമേരിക്കയില്‍ നവഫാസിസമായി രൂപാന്തരപ്പെടുന്ന പ്രക്രിയ വിശദമായി രേഖപ്പെടുത്തുന്നവരില്‍ പ്രമുഖനാണ് അമേരിക്കന്‍ വിദ്യാഭ്യാസ ചിന്തകനും എഴുത്തുകാരനുമായ ഹെന്റി ജീറോ (Henry Giroux). അമേരിക്കയില്‍ 2016-ല്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരത്തില്‍ വന്ന പശ്ചാത്തലത്തില്‍ ജീറോയെഴുതിയ The Terror of The Unforeseen നവഫാസിസത്തിന്റെ വഴിത്താരകള്‍ നിര്‍ധാരണം ചെയ്യുന്ന കൃതിയാണ്. "ഫാസിസ്റ്റ് ഭൂതകാലത്തിന്റെയും നിയോലിബറല്‍ വര്‍ത്തമാനകാലത്തിന്റെയും തത്ത്വങ്ങളും രീതികളും കൂടിച്ചേര്‍ന്ന" ഒന്നായി നിയോഫാസിസത്തെ അദ്ദേഹം വിശേഷിപ്പിക്കുന്നു. അത് "ഗുണ്ടാ മുതലാളിത്തത്തിന്റെ (Gangster Capitalism) ഏറ്റവും മോശമായ വശങ്ങളും അതിക്രമങ്ങളും, [ഫാസിസ്റ്റ്] ഭൂതകാലത്തിലെ ഭീകരതകളുമായി ബന്ധപ്പെട്ടിരിക്കുന്ന വെള്ളക്കാരുടെ ദേശീയതയെയും വംശീയ മേധാവിത്വത്തെയും ഫാസിസ്റ്റ് ആദര്‍ശങ്ങളുമായി ബന്ധിപ്പിക്കുന്നു" വെന്നും ചൂണ്ടിക്കാണിക്കുന്നു.
അമേരിക്കയില്‍ ട്രംപ് അധികാരത്തില്‍ വന്ന സാഹചര്യവും ഇന്ത്യയില്‍ മോദി മൂന്ന് തവണയായി പ്രധാനമന്ത്രിയാവുന്ന സാഹചര്യവും തമ്മില്‍ അജഗജാന്തരം ഉണ്ടെങ്കിലും ജീറോ മുന്നോട്ടു വയ്ക്കുന്ന രീതിശാസ്ത്രം ഇന്ത്യന്‍ സാഹചര്യങ്ങളെ മനസ്സിലാക്കുവാനും സഹായകമാണ്. "ഫാസിസത്തിന്റെ തുടക്കം അക്രമങ്ങളിലൂടെയോ പൊലീസിന്റെ അടിച്ചമര്ത്തലുകളിലൂടെയോ കൂട്ടക്കൊലകളിലൂടെയോ അല്ല, മറിച്ച് ഭാഷയിലൂടെയാണ്" എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ഒരു ഉദാഹരണമാണ്. 'വ്യാജ വാര്‍ത്താ മാധ്യമങ്ങള്‍ [...] എന്റെ ശത്രുവല്ല, അത് അമേരിക്കന്‍ ജനതയുടെ ശത്രുവാണ്!' ട്രംപിന്റെ ഒരു സ്ഥിരം സോഷ്യല്‍ മീഡിയയിലെ പല്ലവിയെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. തനിക്കെതിരായ വിമര്ശനങ്ങളാകെ 'വ്യാജവാര്‍ത്ത' എന്ന് തള്ളിക്കളയുന്ന അദ്ദേഹം തന്റെ വ്യക്തിത്വത്തെ അമേരിക്കന്‍ ജനതയുടെ വ്യക്തിത്വമായി അവതരിപ്പിക്കുകയും തനിക്കെതിരെയുള്ള വിമര്‍ശനത്തെ അമേരിക്കന്‍ വിരുദ്ധതയായി (anti-American) മുദ്രകുത്തുകയും ചെയ്യുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ക്ക് പകരം സങ്കല്‍പ്പങ്ങളും ചിന്താശേഷിക്ക് പകരം വൈകാരികതയും സത്യത്തിന് പകരം കളവും സങ്കീര്‍ണ്ണതയ്ക്ക് പകരം ലളിതവല്‍ക്കരണവും നിഷ്പക്ഷതയ്ക്ക് പകരം പക്ഷപാതവും വെറുപ്പും പ്രതിഷ്ഠിക്കുന്ന ഒന്നായി രാഷ്ട്രീയ-ആശയവിനിമയങ്ങളെ ചുരുക്കുന്ന രീതി ട്രംപ് വികസിപ്പിച്ചതായി ജീറോ കണ്ടെത്തുന്നതായി മാധ്യമ പണ്ഡിതനായ ക്രിസ്റ്റൈന് ഫൂക്സ് (Christian Fuchs) പറയുന്നു. അതിനെ 'പോസ്റ്റ്-ട്രൂത്ത് രാഷ്ട്രീയം' (post-truth politics) എന്നതിനേക്കാള്‍ ലളിതവല്‍ക്കരണം, ബോധപൂര്‍വം വിവരങ്ങള്‍ മറച്ചുവെക്കല്‍, അട്ടിമറി, വഴിതിരിച്ചുവിടല്‍, പച്ചക്കള്ളങ്ങള്‍ എന്നിവയിലൂടെ തെറ്റായ ബോധനിര്മ്മിതിക്കുള്ള പ്രൊപ്പഗാന്‍ഡയായി (propaganda) വിശേഷിപ്പിക്കുന്നതാണ് അനുയോജ്യമെന്നും, നാം ജീവിക്കുന്നത് പോസ്റ്റ്-ട്രൂത്ത് ലോകത്തല്ല, മറിച്ച് 'സത്യം ഇതുവരെ എത്തിച്ചേരാത്ത ഒരു 'പ്രീ-ട്രൂത്ത്' (pre-truth) ലോകത്താണ്' എന്നും ജീറോ വാദിക്കുന്നതായി ഫൂക്സ് രേഖപ്പെടുത്തുന്നു.
അമേരിക്കയുടെ കുഴപ്പങ്ങള്‍ക്കെല്ലാം മുന്‍ ഭരണാധികാരികളെ, പ്രത്യേകിച്ചും ഡെമോക്രാറ്റിക് കക്ഷിയിലുള്ളവരെ പഴിചാരി അമേരിക്കയെ വീണ്ടും മഹത്തായ രാജ്യമാക്കാന്‍ (Make America Great Again) ദൈവം നിയോഗിച്ച വ്യക്തിയാണെന്നുള്ള വിവരണങ്ങളും ട്രംപിന്റെ ടൂള്‍ബോക്സിലെ പ്രധാന ഇനങ്ങളില്‍ ഒന്നായിരുന്നു. കറുത്ത വര്‍ഗ്ഗക്കാര്‍, മുസ്ലീമുകള്‍, തെക്കേ അമേരിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍, ദരിദ്രര്‍, സ്വവര്‍ഗ്ഗാനുരാഗികള്‍, സ്ത്രീകള്‍ എന്നിവരെല്ലാം തരാതരംപോലെ അമേരിക്കയുടെ മഹത്വത്തിന് കളങ്കം ചാര്‍ത്തുന്നവരായി മുദ്രയടിക്കപ്പെട്ടു.
ട്രംപും അനുയായികളും വികസിപ്പിച്ച പ്രൊപ്പഗാന്ഡയുമായി വളരെ സാമ്യമുള്ളതാണ് നരേന്ദ്ര മോദിയും അനുയായികളും പിന്തുടര്‍ന്ന/പിന്തുടരുന്ന പ്രൊപ്പഗാന്‍ഡ രീതിയെന്ന് പറയാന്‍ പ്രത്യേക പഠനമൊന്നും വേണമെന്നില്ല. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ സര്വകുഴപ്പങ്ങളുടെയും കാരണക്കാരനായി നിരന്തരം പ്രതിക്കൂട്ടിലാക്കുന്നതും, 140 കോടി ഇന്ത്യക്കാരുടെ പേരില്‍ പേര്‍ത്തും പേര്‍ത്തും ആണയിടുന്നതും എല്ലാവര്ക്കും പരിചിതമാണ്. കുടുംബം പോലും ഉപേക്ഷിച്ചു രാജ്യത്തിനായി സേവനം ചെയ്യുന്ന നിസ്വാര്ത്ഥനെന്ന ഇമേജും പ്രധാനമായിരുന്നു. ജനങ്ങള്‍ പറഞ്ഞാല്‍ ഭാണ്ഡവുമായി പടിയിറങ്ങുന്ന ഭിക്ഷാംദേഹിയായി മാറുമെന്നും അടുത്തിടെ അദ്ദേഹം പറയുകയുണ്ടായി. നവഫാസിസ പ്രസ്ഥാനങ്ങള്‍ ആഗോളതലത്തില്‍ പൊതുവെ പങ്കിടുന്ന ഒരു ടെമ്പ്ലേറ്റ് ആയി ട്രംപ് മുതല്‍ മോദി വരെ സ്വീകരിക്കുന്ന വിവരണങ്ങളെ കാണാവുന്നതാണ്. വിവരങ്ങള്‍ വളച്ചൊടിക്കാനും വ്യാജവാര്‍ത്തകളും തീവ്ര വലതുപക്ഷ ഗൂഢാലോചനകളും പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങള്‍ അതിന്റെ ഭാഗമായി ഇപ്പോള്‍ ലോകമാകെ സജീവമാണ്. അതിനുപുറമെയാണ് അല്‍ഗരിതങ്ങള്‍ നിര്‍മ്മിക്കുന്ന ഉള്ളടക്കങ്ങള്‍. വ്യാജവാര്‍ത്തകളുടെ ഈ സംസ്കാരമാണ് നവ ഫാസിസത്തിന്റെ ഒരു പ്രധാന ഇന്ധനം.
നവലിബറലിസവും ജനപ്രിയ ഏകാധിപത്യങ്ങളും വരുത്തിവച്ച സാമൂഹിക-സാമ്പത്തിക ആഘാതങ്ങളെ നവഫാസിസം ഉപയോഗപ്പെടുത്തുന്നതിനെ ഇങ്ങനെ സംഗ്രഹിക്കാം. സാമൂഹിക സമ്പത്ത് കോര്‍പ്പറേറ്റുകളിലും ശതകോടീശ്വരന്മാരിലുമായി കേന്ദ്രീകരിച്ചതോടെ സാമ്പത്തിക അസമത്വം അസഹനീയമായ നിലയിലായി. സ്ഥിരതയുള്ള ജോലികള്‍ നഷ്ടപ്പെടുകയും വേതനം കുറയുകയും പെന്‍ഷനുകള്‍ ഇല്ലാതാവുകയും ചെയ്തതോടെ സാധാരണ ജനജീവിതം ശിഥിലമായി. ജനാധിപത്യ അവകാശങ്ങളും സ്ഥാപനങ്ങളും സംരക്ഷിക്കുന്നതിന് പകരം രാഷ്ട്രീയ കക്ഷികളും സര്‍ക്കാരുകളും കോര്‍പ്പറേറ്റുകളുടെ ഏജന്റുകളായി മാറിയെന്ന തോന്നല്‍ വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളെ അവിശ്വസിക്കാനും അവരില്‍ നിന്നും അകലാനും ജനങ്ങളെ പ്രേരിപ്പിക്കുന്നു. നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തോടും വ്യവസ്ഥിതിയോടും ആഴത്തിലുള്ള അവിശ്വാസം അതിന്റെ ഭാഗമായി രൂപപ്പെടുന്നു.
തൊഴിലും വേതനവും സുരക്ഷിതബോധവും ഇല്ലാതാക്കിയ നിയോലിബറല്‍ അരക്ഷിതാവസ്ഥയുടെ ഉത്തരവാദികള്‍ വിദേശ കുടിയേറ്റക്കാരും അന്യമതസ്ഥരുമാണെന്ന് നവഫാസിസം നിരന്തരം പ്രചരിപ്പിക്കുന്നു. ഒറ്റപ്പെട്ട വെറും 'ഉപഭോക്താക്കള്‍' മാത്രമാക്കി മനുഷ്യരെ ചുരുക്കുന്നതിന് പകരം അതിദേശീയത (Hyper-nationalism), വംശീയത, പാരമ്പര്യം എന്നിവയില്‍ ഊറ്റം കൊള്ളുന്ന നേതാവിനോട് പൂര്‍ണ്ണ മമത പുലര്‍ത്തുന്ന കമ്മ്യൂണിറ്റികളായി ജനങ്ങളെ മാറ്റുന്നു. തൊഴിലാളി യൂണിയനുകളെയും ജനങ്ങളുടെ മറ്റു സംഘം ചേരലുകളെയും തകര്‍ത്ത നവലിബറല്‍ രീതി കൂടുതല്‍ വിശാലമായ നിലയില്‍ സര്‍വകലാശാലകള്‍, ക്രിട്ടിക്കലായ മാധ്യമങ്ങള്‍, ജനാധിപത്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നേരെയുള്ള ആക്രമണങ്ങളായി മാറുന്നു. 2014 മുതല്‍ 2026 വരെയുള്ള മോദിയുടെ ഇന്ത്യയില്‍ ജനപ്രിയ ഏകാധിപത്യത്തില്‍ നിന്നും നവഫാസിസത്തിലേക്കുള്ള ചുവടുമാറ്റത്തിന്റെ നിരവധി മുദ്രകള്‍ കാണാനാവും.
നവലിബറലിസം സൃഷ്ടിച്ച രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക-സാംസ്കാരിക തകര്‍ച്ചയില്‍ നിന്നാണ് നിയോഫാസിസം രൂപപ്പെടുക. അവ സാധാരണ ജനങ്ങളിലുണ്ടാക്കിയ നിരാശയും കോപവും നവഫാസിസ്റ്റ് രാഷ്ട്രീയം അതിന്റെ അധീശ്വത്വത്തിനായി ഉപയോഗപ്പെടുത്തുന്നു. പക്ഷേ അതിന്റെ ഉള്ളുകള്ളികള്‍ തിരിച്ചറിയുന്ന നിമിഷം ജനങ്ങള്‍ തങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തും. മിഥ്യയില്‍ നിന്നും യാഥാര്‍ഥ്യത്തിലേക്ക് ഉണരുന്ന ജൈവികമായ നിമിഷത്തിലാണ് നിശബ്ദതയുടെ ചക്രവ്യൂഹങ്ങള്‍ ഭേദിക്കപ്പെടുന്നതും ബഹുസ്വരങ്ങളായ അജ്ഞതകള്‍ കൊഴിഞ്ഞു വീഴുന്നതും. എല്ലാ നിറങ്ങളിലും കൊടികളിലും പെട്ട സര്‍വാധിപതികള്‍ ഭയക്കുന്നതും അതാണ്. ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നത് അതാണ്. നീറ്റ് പരീക്ഷാക്രമക്കേടിന് എതിരെ ഉയര്‍ന്നുവന്ന യുവജന പ്രക്ഷോഭം മിഥ്യയില്‍ നിന്നും മോചിതമാവുന്ന ജൈവികമായ രാഷ്ട്രീയ നിമിഷത്തിന്റെ ആവിഷ്ക്കാരമായിരുന്നു. വോട്ടര്‍ പട്ടികയില്‍ നിന്നും ജനങ്ങളെ കൂട്ടത്തോടെ പുറത്താക്കുന്ന ക്രമക്കേടുകള്‍ക്കും മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ ആ ആവിഷ്ക്കാരങ്ങളെ കൂടുതല്‍ വിശാലമായ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. നോട്ടു നിരോധനത്തിന് ഒരു ദശകം തികയുന്ന വര്‍ഷത്തില്‍ അത്തരം ആവിഷ്ക്കാരങ്ങള്‍ വ്യാപകമാവുന്നത് യാദൃച്ഛികമാവില്ല.
* അമേരിക്കന്‍ കവി Joshua Clover ന്റെ Poem (September 26, 2023) എന്ന കവിത
1: ഈ പ്രയോഗത്തിന് കടപ്പാട് വികെഎൻ
2: നൊബേല്‍ ജേതാവായ ഗബ്രിയേല്‍ ഗാർഷ്യ മാർക്വേസിന്റെ വിഖ്യാത കൃതി
- കാർനെ ബുക്സ് പ്രസിദ്ധീകരിക്കുന്ന കെ പി സേതുനാഥ് എഴുതിയ നോട്ട് നിരോധനവും ജനപ്രിയ ഏകാധിപത്യവും എന്ന പുസ്തകത്തില്‍ നിന്നുള്ള ഭാഗങ്ങള്‍

