സിനിമയുടെ തിരക്കുകളില്‍ നിന്ന് ചെറിയൊരു ബ്രേക്കെടുത്ത് യാത്രകള്‍ പോകാൻ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ടൊവിനോ തോമസ്.
കുടുംബത്തോടും കൂട്ടുകാർക്കുമൊപ്പമുള്ള ടൊവിനോയുടെ യാത്രാചിത്രങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. ഇപ്പോള്‍ കെനിയൻ യാത്രയിലാണ് താരം.
കെനിയയിലെ പ്രശസ്തമായ അംബോസെലി ദേശീയോദ്യാനത്തില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ടൊവിനോ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു കൂറ്റൻ ആഫ്രിക്കൻ ആനയ്ക്ക് മുന്നില്‍ പോസുചെയ്യുന്ന ടൊവിനോയെ ചിത്രങ്ങളില്‍ കാണാം. നിരവധി സിനിമാ താരങ്ങളും ആരാധകരുമാണ് ചിത്രത്തിനു താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
പോസ്റ്റിലെ നടൻ സുരേഷ് കൃഷ്ണയുടെ കമന്റും അതിന് ആരാധകർ നല്‍കിയ മറുപടിയുമാണ് ആരാധകർക്കിടയില്‍ ശ്രദ്ധനേടുന്നത്. "ആളെ വേണ്ടത്ര പിടിയില്ലാന്നു തോന്നുന്നു... ആഫ്രിക്കൻ ആനകളൊന്നും ഞങ്ങളുടെ സൂപ്പർമാന്റെ മുമ്പില്‍ ഒന്നുമല്ല" എന്നായിരുന്നു സുരേഷ് കൃഷ്ണയുടെ കമന്റ്. മലയാളി ട്രോളന്മാരുടെ പ്രിയപ്പെട്ട 'കണ്‍വിൻസിങ് സ്റ്റാർ' സുരേഷ് കൃഷ്ണ തന്നെ ഇങ്ങനെയൊരു കമന്റുമായി എത്തിയതോടെ ആരാധകർ അതങ്ങ് ഏറ്റെടുത്തു.
താരത്തിന്റെ ഹിറ്റ് ഡയലോഗുകളോട് സമാനമായാണ് ആരാധകരുടെ വക റിപ്ലൈ കമന്റുകള്‍. "ടൊവിനോയെ കണ്‍വീൻസ് ചെയ്തു", "ടൊവി നീ പേടിക്കണ്ട... ആ ആന പാവമാണ്.. അടുത്ത് ചെന്ന് ഒരു സെല്‍ഫി എടുക്കൂ", "നീ ആനയെ പറഞ്ഞു മനസിലാക്ക്, അപ്പോഴേക്കും ഞാൻ ചങ്ങലയും കൊണ്ട് വരാം" എന്നിങ്ങനെ പോകുന്ന കമന്റുകളില്‍ ചിലത്..

