ഡല്‍ഹി: നീറ്റ്-യുജി പുനഃപരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ ഉള്‍പ്പെടെയുള്ള പരീക്ഷാ സാമഗ്രികള്‍ സുരക്ഷിതമായി എത്തിക്കുന്നതിനായി വ്യോമസേനയുടെ ലോജിസ്റ്റിക്സ് സഹായം തേടുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ പരിഗണനയില്‍.
വ്യാഴാഴ്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വസതിയില്‍ ചേർന്ന ഉന്നതതല യോഗത്തില്‍ ഇക്കാര്യം ഉള്‍പ്പെടെ വിവിധ സാധ്യതകള്‍ ചർച്ച ചെയ്തതായാണ് വിവരം.
വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ഡിജി അഭിഷേക് സിങ്, പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥർ, തപാല്‍ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തില്‍ പങ്കെടുത്തു. അതേസമയം, മറ്റേതെങ്കിലും ഓള്‍ ഇന്ത്യ തലത്തിലുള്ള പരീക്ഷകള്‍ക്കും വ്യോമസേനയുടെ ലോജിസ്റ്റിക്സ് സഹായം ലഭ്യമാക്കുമോ എന്ന കാര്യം വ്യക്തമല്ല.
പുനഃപരീക്ഷ നടത്തുന്നതിനായി എൻടിഎയ്ക്ക് വളരെ കുറഞ്ഞ സമയം മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും, അതിനാല്‍ എല്ലാ സർക്കാർ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള വിപുലമായ നീക്കമാണ് ആവശ്യമെന്നും വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. സാധാരണയായി നീറ്റ് പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ക്ക് ആറുമാസത്തോളം സമയം ലഭിക്കാറുണ്ട്. എന്നാല്‍ ഇത്തവണ പരീക്ഷാ ക്രമീകരണങ്ങള്‍ ആദ്യമേ മുതല്‍ വീണ്ടും ആരംഭിക്കേണ്ടി വന്നിരിക്കുകയാണ്.
മെയ് 3 ന് നടന്ന നീറ്റ് പരീക്ഷ, ചോദ്യക്കടലാസ് ചോർച്ചയെത്തുടർന്ന് മെയ് 12 ന് റദ്ദാക്കിയിരുന്നു. തുടർന്ന് ജൂണ്‍ 21 ന് പുനഃപരീക്ഷ നടത്തുമെന്ന് എൻടിഎ പ്രഖ്യാപിക്കുകയായിരുന്നു. ചോദ്യക്കടലാസ് ചോർച്ചയെക്കുറിച്ച് നിലവില്‍ സിബിഐ അന്വേഷണം നടത്തിവരികയാണ്. "പരീക്ഷാ സാമഗ്രികളുടെ നീക്കം, സുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ സൈന്യം, വ്യോമസേന, അർദ്ധസൈനിക വിഭാഗങ്ങള്‍, സംസ്ഥാന സർക്കാരുകള്‍, ജില്ലാ ഭരണകൂടങ്ങള്‍, തപാല്‍ വകുപ്പ് എന്നിവരുള്‍പ്പെടെ എല്ലാവരുടെയും പിന്തുണ ഈ പുനഃപരീക്ഷയ്ക്ക് ആവശ്യമുണ്ട്," എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
"പരീക്ഷ നടക്കുന്നത് കാലവർഷ സമയത്തായതിനാല്‍ നിരവധി ഘടകങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലേക്ക് പരീക്ഷാ സാമഗ്രികള്‍ എത്തിക്കേണ്ടി വന്നേക്കാം. ലക്ഷദ്വീപില്‍ കാലവർഷത്തില്‍ ഫെറി സർവീസുകള്‍ക്ക് നിയന്ത്രണമുണ്ടാകാൻ സാധ്യതയുണ്ട്. സമാനമായി അസം, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായാല്‍ വ്യോമസേനയുടെ സഹായം അത്യന്താപേക്ഷിതമായി വരും," ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

