തിരുവനന്തപുരം: മിന്നല്‍ പ്രളയം നാശം വിതച്ച നേപ്പാളില്‍ മരണസംഖ്യ ഉയരുന്നു. 469 പേർ മരിച്ചതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.
1400-ലധികം ആളുകളെ ഇനിയും കണ്ടെത്താനായിട്ടില്ല.
അതേസമയം, വിവിധ പ്രദേശങ്ങളിലായുള്ള 53 മലയാളികളുമായി ഇതുവരെ ആശയവിനിമയം സാധ്യമായിട്ടില്ലെന്ന് റിപ്പോർട്ട്. ഇവർ സുരക്ഷിതരാണോ അതോ മേഖലയിലെ ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലായതാണോ കാരണമെന്ന് വ്യക്തമല്ല. ഫോണ്‍ ബന്ധം പുനഃസ്ഥാപിക്കാൻ സാധിക്കാത്തത് നാട്ടിലുള്ള കുടുംബങ്ങളില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
പൂർണ്ണമായ വ്യക്തിഗത വിവരങ്ങള്‍ ലഭ്യമായ 33 മലയാളികളുടെ പട്ടിക സംസ്ഥാന സർക്കാർ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, നോർക്ക എന്നിവ കേന്ദ്രീകരിച്ച് ആരംഭിച്ച ഹെല്‍പ്പ് ഡെസ്കുകള്‍ വഴിയാണ് നിലവില്‍ വിവരങ്ങള്‍ ശേഖരിച്ചു വരുന്നത്. കാണാതായവരെ കണ്ടെത്താനും അവരുമായി ബന്ധപ്പെടാനുമുള്ള നടപടികള്‍ കേന്ദ്രത്തിന്റെ സഹായത്തോടെ പുരോഗമിക്കുകയാണ്.
തീർത്ഥാടനത്തിനും വിനോദസഞ്ചാരത്തിനുമായി നേപ്പാളിലേക്ക് പോയവരാണ് കുടുങ്ങിക്കിടക്കുന്നവരില്‍ ഭൂരിഭാഗവും എന്നാണ് വിവരം. നേപ്പാളിലെ രസുവ ജില്ലയിലടക്കം വാർത്താവിനിമയ സംവിധാനങ്ങള്‍ പൂർണ്ണമായി തകരാറിലായതും ഗതാഗതം തടസ്സപ്പെട്ടതുമാണ് ഇവരുമായി ബന്ധപ്പെടാൻ കഴിയാത്തതിന് പ്രധാന കാരണം എന്നാണ് അനുമാനിക്കുന്നത്. വരും മണിക്കൂറുകളില്‍ ടെലികോം ബന്ധങ്ങള്‍ പുനഃസ്ഥാപിക്കപ്പെടുന്നതോടെ ഇവർ കുടുംബങ്ങളുമായി ബന്ധപ്പെടുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

