കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി നെയ്യോ വെണ്ണയോ ചേർത്തുള്ള ബുള്ളറ്റ്പ്രൂഫ് കോഫി കുടിക്കുന്നത് ഇപ്പോള്‍ പലരുടെയും ഇടയില്‍ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്.
എന്നാല്‍ ഇത് എത്രത്തോളം കുടിക്കാമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഹാർവാർഡില്‍ നിന്ന് പരിശീലനം നേടിയ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ.സൗരഭ് സേഥി അടുത്തിടെ ഇതേക്കുറിച്ച് വ്യക്തമാക്കുകയുണ്ടായി.
'കൊഴുപ്പുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും സംയോജനം കുറച്ചു മണിക്കൂറുകളത്തേക്ക് തുടർച്ചയായ ഊർജം നല്‍കുന്നു. കഠിനമായ ലാക്ടോസ് ഇൻടോളറൻസ് ഉള്ള ആളുകള്‍ക്ക് വെണ്ണയോ നെയ്യോ ഒരു നല്ല ബദലാണ്. നെയ്യില്‍ ലാക്ടോസിന്റെ അളവ് വളരെ കുറവാണ്. വെണ്ണയിലും നെയ്യിലും കാലറി കൂടുതലുണ്ട്. അതിനാല്‍ ഇത് മിതമായ അളവില്‍ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. ഞാൻ ഇത് ദിവസത്തില്‍ ഒരു കപ്പായി പരിമിതപ്പെടുത്താൻ ശ്രമിക്കാറുണ്ട്. കൂടാതെ, ഉറങ്ങുന്നതിന് കുറഞ്ഞത് എട്ട് മണിക്കൂർ മുമ്പെങ്കിലും ഇത് കുടിക്കണം,' ഡോ.സേഥി പറഞ്ഞു.
ഇതേക്കുറിച്ച് കൂടുതല്‍ അറിയാൻ മുംബൈ സെൻട്രലിലെ വോക്കാർഡ് ഹോസ്പിറ്റല്‍സിലെ കണ്‍സള്‍ട്ടന്റ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റും ഹെപ്പറ്റോളജിസ്റ്റും തെറാപ്യൂട്ടിക് ജിഐ എൻഡോസ്കോപ്പിസ്റ്റുമായ ഡോ. സായ്‌പ്രസാദ് ഗിരീഷ് ലാഡുമായി ഞങ്ങള്‍ സംസാരിച്ചു.
എത്രത്തോളം ബുള്ളറ്റ്പ്രൂഫ് അല്ലെങ്കില്‍ നെയ്യ് ചേർത്ത കാപ്പിയാണ് അമിതമാകുന്നത്?
ഭൂരിഭാഗം ആരോഗ്യമുള്ള ആളുകള്‍ക്കും ദിവസത്തില്‍ ഒരു കപ്പ് എന്നത് അനുയോജ്യമായ അളവാണ്. എന്നാല്‍, ഓരോ തവണയും നിങ്ങള്‍ ഒന്നോ രണ്ടോ ടേബിള്‍സ്പൂണ്‍ നെയ്യോ വെണ്ണയോ ചേർക്കുകയാണെങ്കില്‍, കാലറിയുടെ അളവ് വേഗത്തില്‍ വർധിക്കുമെന്ന് ഡോ.ലാഡ് പറഞ്ഞു. 'കൊഴുപ്പില്‍ നിന്ന് മാത്രം ഒരു കപ്പില്‍ ഏകദേശം 100 മുതല്‍ 200 വരെ കാലറി കൂടാം. നിങ്ങളുടെ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താതെ ദിവസത്തില്‍ ഒന്നിലധികം കപ്പ് കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പിന്റെ അളവ് വളരെ കൂടാൻ കാരണമായേക്കാം,' ഡോ.ലാഡ് വ്യക്തമാക്കി.
ഇതിന് യഥാർത്ഥത്തില്‍ ഗുണങ്ങളുണ്ടോ?
ഉണ്ടെന്ന് ഡോ.ലാഡ് ഉറപ്പിച്ചു പറയുന്നു. കാപ്പിയില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്, കൂടാതെ നെയ്യില്‍ ബ്യൂട്ടറേറ്റ് പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകളുണ്ട്, ഇത് കുടലിന്റെ ആരോഗ്യത്തെ സഹായിച്ചേക്കാം. കൊഴുപ്പ് കഫീന്റെ ആഗിരണത്തെ പതുക്കെയാക്കുന്നു, ഇത് ശരീരത്തിന് ക്രമേണ ഊർജം ലഭിക്കാൻ സഹായിക്കും. ഇതിനെയാണ് പലരും പെട്ടെന്ന് തളർച്ച അനുഭവപ്പെടാത്ത 'നോ ക്രാഷ്' ഇഫക്‌ട് എന്ന് വിളിക്കുന്നത്.
നെയ്യില്‍ ലാക്ടോസ് ഒട്ടുമില്ല എന്നതും ശരിയാണ്, ഇത് ലാക്ടോസ് ഇൻടോളറൻസ് ഉള്ളവർക്ക് നല്ലൊരു തിരഞ്ഞെടുപ്പാണ്. എന്നാല്‍ ഇതൊരു അത്ഭുത പാനീയമാണെന്ന് പറയുന്നത് അതിശയോക്തിയായിരിക്കും. ഇതില്‍ കാലറിയും പൂരിത കൊഴുപ്പും കൂടുതലായതിനാല്‍ മിതത്വം പാലിക്കേണ്ടത് പ്രധാനമാണെന്ന് ഡോ.ലാഡ് ഓർമിപ്പിച്ചു.
ഇത് നിങ്ങളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നതിന് മുൻപ് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?
നെയ്യ് കാപ്പി ഒരു മാന്ത്രിക പരിഹാരമല്ല; ഇതൊരു ഉയർന്ന കൊഴുപ്പുള്ള പാനീയമാണ്. 'അസിഡിറ്റി, ഗ്യാസ്ട്രൈറ്റിസ്, അല്ലെങ്കില്‍ പിത്തസഞ്ചി സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവരില്‍ ഈ പാനീയം ലക്ഷണങ്ങള്‍ കൂടുതല്‍ വഷളാക്കിയേക്കാം. കൂടാതെ, ഇതിനൊപ്പം നിങ്ങള്‍ സമീകൃതാഹാരം കഴിക്കുന്നില്ലെങ്കില്‍, ഫൈബർ, പ്രോട്ടീൻ, മറ്റ് അവശ്യ പോഷകങ്ങള്‍ എന്നിവ ശരീരത്തിന് ലഭിക്കാതെ പോയേക്കാം. ഇത്തരം ഉയർന്ന കൊഴുപ്പുള്ള പാനീയങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മുൻപ് നിങ്ങളുടെ മൊത്തത്തിലുള്ള ഭക്ഷണക്രമത്തെക്കുറിച്ച് ബോധവാന്മാരായിരിക്കുക,' ഡോ.ലാഡ് പറഞ്ഞു.
നെയ്യ് കാപ്പി ആർക്കൊക്കെ ഗുണം ചെയ്യും, ആരൊക്കെയാണ് ജാഗ്രത പാലിക്കേണ്ടത്?
നിങ്ങള്‍ കാർബോഹൈഡ്രേറ്റ് കുറഞ്ഞ അല്ലെങ്കില്‍ കീറ്റോ ഡയറ്റ് പിന്തുടരുന്നവരാണെങ്കില്‍, അല്ലെങ്കില്‍ വിശപ്പ് കുറയ്ക്കുന്ന ഒരു പ്രഭാത പാനീയമാണ് തിരയുന്നതെങ്കില്‍, ഇത് അനുയോജ്യമായേക്കാമെന്ന് ഡോ.ലാഡ് സൂചിപ്പിച്ചു. 'ഉയർന്ന കൊളസ്ട്രോള്‍, മറ്റ് ഡിസ്ലിപിഡീമിയകള്‍, ഹൃദ്രോഗം, കരള്‍ രോഗങ്ങള്‍, അല്ലെങ്കില്‍ ദഹനപ്രശ്നങ്ങള്‍ ഉള്ളവർ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എന്തെങ്കിലും സംശയമുണ്ടെങ്കില്‍, പ്രത്യേകിച്ച് ഇതൊരു ദൈനംദിന ശീലമാക്കാൻ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒരു ഗ്യാസ്ട്രോഎൻട്രോളജിസ്റ്റിന്റെയോ ഡയറ്റീഷ്യന്റെയോ ഉപദേശം തേടുക,' ഡോ.ലാഡ് പറഞ്ഞു.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

