പതിറ്റാണ്ടുകളായി ഹൃദ്രോഗ സാധ്യത പ്രവചിക്കാൻ നമ്മള്‍ പ്രധാനമായും ആശ്രയിക്കുന്നത് എല്‍ഡിഎല്‍ അഥവാ ചീത്ത കൊളസ്ട്രോള്‍ അളവുകളെയാണ്.
എന്നാല്‍, പ്രശസ്തമായ 'ജാമ' മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയൊരു പഠനം പറയുന്നത് മറ്റൊന്നാണ്. ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള യഥാർത്ഥ സാധ്യത മുൻകൂട്ടി അറിയാൻ എല്‍ഡിഎല്‍ പരിശോധനയേക്കാള്‍ 'അപ്പോലിപ്പോപ്രോട്ടീൻ ബി' (apolipoprotein B - apoB) എന്ന രക്തപരിശോധനയാണ് കൂടുതല്‍ കൃത്യത നല്‍കുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് മാത്രമല്ല, അത് വഹിക്കുന്ന ദോഷകരമായ കണികകളുടെ യഥാർത്ഥ എണ്ണമാണ് അപ്പോബി അളക്കുന്നത്. അതായത്, ഒരാളുടെ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ അളവ് സാധാരണ നിലയിലാണെങ്കില്‍ പോലും, ധമനികള്‍ക്ക് കേടുപാടുകള്‍ വരുത്തുന്ന ഇത്തരം കണികകളുടെ എണ്ണം ശരീരത്തില്‍ കൂടുതലായിരിക്കാം. ഇത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു.
എന്താണ് വിദഗ്ധർ പറയുന്നത്?
ന്യൂഡല്‍ഹി പി.എസ്.ആർ.ഐ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഡോ. കെ.കെ.തല്‍വാർ വ്യക്തമാക്കുന്നത്, ഹൃദ്രോഗ സാധ്യത മുൻകൂട്ടി അറിയാൻ കേവലം എല്‍ഡിഎല്‍ ടെസ്റ്റിനേക്കാള്‍ കൃത്യത അപ്പോബി ടെസ്റ്റിനുണ്ടെന്നാണ്.
"എല്‍ഡിഎല്‍ കൊളസ്ട്രോള്‍ പരിശോധനയിലൂടെ കണികകള്‍ക്കുള്ളിലെ കൊളസ്ട്രോളിന്റെ അളവ് മാത്രമാണ് അറിയാൻ കഴിയുക. എന്നാല്‍ അപ്പോബി, രക്തധമനികളില്‍ അടിഞ്ഞുകൂടി ബ്ലോക്കുകള്‍ ഉണ്ടാക്കാൻ ശേഷിയുള്ള ലിപ്പോപ്രോട്ടീൻ കണികകളുടെ കൃത്യമായ എണ്ണം കണക്കാക്കുന്നു. ഇത്തരം ഓരോ ദോഷകരമായ കണികയിലും ഒരു അപ്പോബി തന്മാത്ര അടങ്ങിയിട്ടുണ്ട്. അതിനാല്‍ ശരീരത്തില്‍ എത്രത്തോളം അപകടകാരികളായ കണികകള്‍ ഉണ്ടെന്ന് നേരിട്ട് മനസിലാക്കാൻ അപ്പോബി പരിശോധനയിലൂടെ സാധിക്കും," ഡോ.തല്‍വാർ പറയുന്നു.
എങ്കിലും, ഭാവി പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇത് ദൈനംദിന പരിശോധനകളുടെ ഭാഗമാക്കാൻ സാധിക്കൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര തലത്തില്‍ ചില മാർഗരേഖകള്‍ ഉയർന്ന ഹൃദ്രോഗ സാധ്യതയുള്ളവരില്‍ ഈ ടെസ്റ്റ് നിർദേശിക്കുന്നുണ്ടെങ്കിലും, സാധാരണ ലിപിഡ് പ്രൊഫൈലിന് പകരമായി ഇത് ഉപയോഗിക്കാൻ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്.
ആരൊക്കെയാണ് അപ്പോബി ടെസ്റ്റ് ചെയ്യേണ്ടത്?
സാധാരണ ലിപിഡ് പ്രൊഫൈല്‍ പരിശോധനയിലൂടെ ഹൃദ്രോഗ സാധ്യത കൃത്യമായി കണ്ടെത്താൻ കഴിയാത്തവർക്ക് ഈ ടെസ്റ്റ് ഏറെ ഫലപ്രദമാണ്. പ്രമേഹം ഉള്ളവർ, അമിതവണ്ണവും മെറ്റബോളിക് സിൻഡ്രോമും ഉള്ളവർ, ട്രൈഗ്ലിസറൈഡുകളുടെ അളവ് കൂടുതലുള്ളവർ, വിട്ടുമാറാത്ത വൃക്കരോഗം ഉള്ളവർ, കുടുംബത്തില്‍ ആർക്കെങ്കിലും ചെറുപ്പകാലത്ത് ഹൃദ്രോഗം വന്ന ചരിത്രമുള്ളവർ ഇത് പരിഗണിക്കേണ്ടതാണ്.
ഇത്തരം ആളുകളില്‍ എല്‍ഡിഎല്‍ അളവ് സാധാരണ നിലയിലായി കാണിച്ചാലും, ഹൃദ്രോഗ സാധ്യതയുള്ള കണികകളുടെ എണ്ണം കൂടുതലായിരിക്കാം. അപ്പോബി ടെസ്റ്റിലൂടെ ഈ 'ഒളിഞ്ഞിരിക്കുന്ന അപകടം' കണ്ടെത്താനും കൂടുതല്‍ കൃത്യമായ ചികിത്സ ഉറപ്പാക്കാനും സാധിക്കും. എന്നാല്‍, കുറഞ്ഞ ഹൃദ്രോഗ സാധ്യതയുള്ള പൊതുജനങ്ങള്‍ക്ക് ആദ്യഘട്ട പരിശോധനയായി സാധാരണ ലിപിഡ് പ്രൊഫൈല്‍ തന്നെയാണ് ഇപ്പോഴും അനുയോജ്യം.
ഉയർന്ന അപ്പോബി അളവ് ചികിത്സ മാറ്റുമോ?
തീർച്ചയായും മാറ്റാം. കൊളസ്ട്രോള്‍ കൗണ്ട് സാധാരണ നിലയിലാണെങ്കിലും അപ്പോബി കൂടുതലാണെങ്കില്‍, ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നിരുന്നാലും, അപ്പോബി അളവ് മാത്രം നോക്കിയല്ല ഡോക്ടർമാർ ചികിത്സ തീരുമാനിക്കുന്നത്. രോഗിയുടെ പ്രായം, രക്തസമ്മർദം, പ്രമേഹം, പുകവലി ശീലം, കുടുംബ പശ്ചാത്തലം എന്നിവയെല്ലാം ഇതില്‍ ഘടകങ്ങളാണ്. അപ്പോബി അളവ് കൂടുതലാണെന്ന് കണ്ടാല്‍, ഡോക്ടർമാർ ജീവിതശൈലി മാറ്റങ്ങള്‍ നേരത്തെയാക്കാനോ സ്റ്റാറ്റിനുകള്‍ പോലുള്ള കൊളസ്ട്രോള്‍ കുറയ്ക്കുന്ന മരുന്നുകളുടെ ഡോസ് വർധിപ്പിക്കാനോ നിർദേശിച്ചേക്കാം.
ഇന്ത്യയില്‍ ഈ ടെസ്റ്റ് ലഭ്യമാണോ?
ഇന്ത്യയിലെ പല പ്രമുഖ ആശുപത്രികളിലും സ്വകാര്യ ഡയഗ്നോസ്റ്റിക് ലാബുകളിലും ഇപ്പോള്‍ അപ്പോബി ടെസ്റ്റ് ലഭ്യമാണ്. എങ്കിലും ഇത് സാധാരണ ഹെല്‍ത്ത് ചെക്കപ്പുകളുടെ ഭാഗമായി മാറിയിട്ടില്ല. സാധാരണ ലിപിഡ് പ്രൊഫൈലിനേക്കാള്‍ ഇതിന് ചിലവ് കൂടുതലാണെങ്കിലും, നഗരപ്രദേശങ്ങളില്‍ ഇതിന്റെ നിരക്കുകള്‍ ഇപ്പോള്‍ കുറഞ്ഞുവരുന്നുണ്ട്.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

