Wednesday, 27 Jan, 6.59 pm The Indian Express മലയാളം

ഹോം
നിങ്ങളുടെ രോഗപ്രതിരോധ ശേഷി ദുര്‍ബലമാണോ? ഈ അടയാളങ്ങള്‍ ശ്രദ്ധിക്കുക

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിലൂടെയും പതിവായി വ്യായാമം ചെയ്യുന്നതിലൂടെയും മതിയായ ഉറക്കം ഉറപ്പാക്കുന്നതിലൂടെയും നമ്മുടെ സ്വാഭാവിക പ്രതിരോധശേഷി വളര്‍ത്തിയെടുക്കാനാവും. എന്നാല്‍ ഇതോടൊപ്പം രോഗപ്രതിരോധ ശേഷി ദുര്‍ബലമാകുന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍ അറിയുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കാരണം ഇത് ഗുരുതരമായ ചില ആരോഗ്യ പ്രശ്നങ്ങളുടെ ആദ്യ സൂചനകളാണ്.

"രോഗപ്രതിരോധ സംവിധാനം നിര്‍മിച്ചിരിക്കുന്നത് ശ്വേത രക്താണുക്കള്‍, ലിംഫ് നോഡുകള്‍(കോശദ്രാവകം), ആന്റിബോഡികള്‍ എന്നിവകൊണ്ടാണ്. ഇത് ശരീരത്തെ ബാഹ്യ അണുബാധകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു," ഡയറ്റീഷ്യനും പോഷകാഹാര വിദഗ്ധയുമായ പൂജ ബംഗ പറയുന്നു.

ഇനി പറയുന്നവ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ദുര്‍ബലമായ പ്രതിരോധശേഷിയുടെ ചില അടയാളങ്ങളും ലക്ഷണങ്ങളുമാണ്.

ഉയര്‍ന്ന തോതിലുള്ള സമ്മര്‍ദ്ദം

"ദുര്‍ബലമായ രോഗപ്രതിരോധ സംവിധാനത്തിന്റെ ആദ്യത്തെ ശ്രദ്ധേയമായ അടയാളം ഉയര്‍ന്ന സമ്മര്‍ദ്ദ നിലയാണ്. സ്ട്രെസ് ലെവലിനെ അവഗണിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ രോഗപ്രതിരോധ ശേഷിയുടെ ഫലപ്രാപ്തി കുറയ്ക്കുന്നു," ബംഗ പറയുന്നു.

"ഇത് നമ്മുടെ ശരീരത്തെ അണുബാധകള്‍ക്കെതിരെ പോരാടാനും, ജലദോഷം വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്ന ശ്വേത രക്താണുക്കളുടെയും ലിംഫോസൈറ്റുകളുടെയും എണ്ണത്തില്‍ കുറവുണ്ടാക്കുന്നതിന് കാരണമാകുന്നു." പെട്ടെന്ന് വലിയ അളവില്‍ ദേഷ്യം വരുന്നതും അസ്വസ്ഥമാകുന്നതും ദുര്‍ബലമായ രോഗപ്രതിരോധ ശേഷിയുടെ ഒരു പ്രതിഫലനമാണെന്ന് ഡോക്ടര്‍ പറയുന്നു.

തുടര്‍ച്ചയായ ഇന്‍ഫെക്ഷന്‍

ശ്വേത രക്താണുക്കള്‍ കുറയുമ്ബോള്‍, ശരീരത്തില്‍ ഇന്‍ഫെക്ഷനുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. "നിങ്ങള്‍ക്ക് ചെവിയില്‍ അഞ്ചിലധികം ഇന്‍ഫെക്ഷനുകള്‍ ഉണ്ടെങ്കില്‍, വിട്ടുമാറാത്ത ബാക്ടീരിയ സൈനസൈറ്റിസ്, രണ്ട് തവണ ന്യുമോണിയ അല്ലെങ്കില്‍ ഒരു വര്‍ഷത്തില്‍ മൂന്നില്‍ കൂടുതല്‍ തവണ ആന്‍റിബയോട്ടിക്കുകള്‍ ആവശ്യമുണ്ടെങ്കില്‍, നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ടിട്ടുണ്ട്."

ക്ഷീണം

നിങ്ങള്‍ക്ക് രാത്രിയില്‍ മതിയായ ഉറക്കം ലഭിക്കുകയാണെങ്കില്‍ പോലും ദുര്‍ബലമായ രോഗപ്രതിരോധ ശേഷി ദിവസം മുഴുവന്‍ മന്ദഗതിയിലാകും. കഠിനമായ ജോലികള്‍ ചെയ്തില്ലെങ്കില്‍ പോലും ഇത് ശാരീരികമായ ക്ഷീണവും തളര്‍ച്ച ഉണ്ടാക്കാന്‍ കാരണമാകും

സാവധാനത്തിലുള്ള മുറിവുണക്കം

"ദുര്‍ബലമായ രോഗപ്രതിരോധ സംവിധാനത്തിന് പുതിയ ചര്‍മ്മത്തെ വേഗത്തില്‍ സൃഷ്ടിക്കാന്‍ കഴിയില്ല, അതിന്റെ ഫലമായി മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കും. ആരോഗ്യകരമായ രോഗപ്രതിരോധ കോശങ്ങളാണ് ചര്‍മ്മത്തിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിക്കുമ്ബോള്‍ പുതിയ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്നത്."

സന്ധി വേദന

രോഗപ്രതിരോധ ശേഷിയുടെ ഏറ്റവും വലിയ അടയാളങ്ങളിലൊന്നാണ് തുടര്‍ച്ചയായ സന്ധി വേദന. നിങ്ങളുടെ രോഗപ്രതിരോധ ശേഷി വളരെക്കാലം മന്ദഗതിയിലാണെങ്കില്‍, സ്വയം രോഗപ്രതിരോധ തകരാറോ അണുബാധയോ മൂലം രക്തക്കുഴലുകളില്‍ വീക്കം വരും. "നിങ്ങളുടെ സന്ധികളുടെ ആന്തരിക പാളിയിലെ വീക്കം മൂലം സന്ധികളില്‍ നീര്, സ്റ്റിഫ്നെസ്സ് വേദന എന്നിവ ഉണ്ടാകും," ഡയറ്റീഷ്യന്‍ വിശദീകരിക്കുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: The Indian Express Malayalam
Top