Dailyhunt
നിര്‍ജ്ജലീകരണം തടയാൻ വെള്ളം മാത്രം പോര; ഭാഗ്യശ്രീയുടെ ഈ എനര്‍ജി ഡ്രിങ്ക് കൂടി ട്രൈ ചെയ്യൂ

നിര്‍ജ്ജലീകരണം തടയാൻ വെള്ളം മാത്രം പോര; ഭാഗ്യശ്രീയുടെ ഈ എനര്‍ജി ഡ്രിങ്ക് കൂടി ട്രൈ ചെയ്യൂ

ന്നത്തെ കാലത്ത് ശരീരത്തില്‍ ജലാംശം നിലനിർത്തുക എന്നത് വെറും വെള്ളത്തില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ആല്‍ക്കലൈൻ വാട്ടർ മുതല്‍ സ്പാർക്ലിംഗ് വാട്ടർ, ഇലക്‌ട്രോലൈറ്റുകള്‍, ലിക്വിഡ് ഐവികള്‍ എന്നിങ്ങനെ ശരീരത്തില്‍ ജലാംശം നിലനിർത്താൻ വിപണിയില്‍ ഇന്ന് നിരവധി ഓപ്ഷനുകള്‍ ലഭ്യമാണ്.

വെള്ളത്തില്‍ ലയിക്കുമ്പോള്‍ വൈദ്യുത ചാർജ് വഹിക്കുന്ന സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, കാല്‍സ്യം തുടങ്ങിയ അവശ്യ ധാതുക്കളാണ് ഇലക്‌ട്രോലൈറ്റുകള്‍. ഇവ ശരീരത്തിന്റെ പ്രവർത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നു. നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും കുടിക്കുന്ന പാനീയങ്ങളില്‍ നിന്നുമാണ് ശരീരത്തിന് ഈ ഇലക്‌ട്രോലൈറ്റുകള്‍ ലഭിക്കുന്നത്.

പോഷകങ്ങളെ കോശങ്ങളിലേക്ക് എത്തിക്കുക, കോശങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുക, കേടുവന്ന കോശങ്ങളെ പുനർനിർമ്മിക്കുക, ശരീരത്തിലെ പിഎച്ച്‌ (pH) നില സന്തുലിതമാക്കുക, നാഡീവ്യൂഹം, പേശികള്‍, ഹൃദയം, മസ്തിഷ്കം എന്നിവയുടെ പ്രവർത്തനം നിയന്ത്രിക്കുക തുടങ്ങി നിരവധി ധർമ്മങ്ങള്‍ ഇവ നിർവ്വഹിക്കുന്നു.

ഇന്ത്യയില്‍ വേനല്‍ക്കാലം ആരംഭിക്കാനിരിക്കെ, ഇലക്‌ട്രോലൈറ്റുകളുടെ പ്രാധാന്യത്തെക്കുറിച്ച്‌ ഭാഗ്യശ്രീ ഇൻസ്റ്റാഗ്രാമില്‍ ഒരു വീഡിയോ പങ്കുവെച്ചു. "ഹോളിക്ക് ശേഷം ചൂട് എപ്പോഴും കൂടാറുണ്ട്... അതിനാല്‍ ശരീരത്തില്‍ ജലാംശം നിലനിർത്താൻ ഒരു ലളിതമായ ഓർമ്മപ്പെടുത്തല്‍. എന്നാല്‍ അത് ശരിയായ ലവണങ്ങള്‍ അടങ്ങിയതാണെന്ന് ഉറപ്പാക്കുക എന്നതാണ് പ്രധാനം," താരം കുറിച്ചു.

അമിതമായ ചൂടോ വിയർപ്പോ അനുഭവപ്പെടുമ്പോള്‍, ശരീരത്തില്‍ ജലാംശം നിലനിർത്താൻ വെറും വെള്ളം മാത്രം മതിയാകില്ലെന്ന് ഭാഗ്യശ്രീ പറഞ്ഞു. കാരണം ശരീരത്തിലെ പൊട്ടാസ്യം, സോഡിയം, സോഡിയം ക്ലോറൈഡ് എന്നിവയുടെ അളവ് കുറയാൻ തുടങ്ങും. "പൊട്ടാസ്യം ജലതന്മാത്രകളെ കോശങ്ങളിലേക്ക് ആകർഷിക്കാൻ സഹായിക്കുമ്പോള്‍, ക്ലോറൈഡ് ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നു. കോശങ്ങള്‍ക്കുള്ളില്‍ അമിതമായി വെള്ളം എത്തുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാം," താരം വീഡിയോയില്‍ പങ്കുവെച്ചു.

വേനല്‍ച്ചൂടില്‍ തലകറക്കം അനുഭവപ്പെടുന്നത് ശരീരത്തില്‍ പൊട്ടാസ്യത്തിന്റെയും കാല്‍സ്യത്തിന്റെയും കുറവിനെയാണ് സൂചിപ്പിക്കുന്നതെന്ന് ഭാഗ്യശ്രീ പറഞ്ഞു. ഇവ ശരീരവും മനസ്സും തമ്മിലുള്ള സിഗ്നലുകള്‍ കൈമാറാൻ സഹായിക്കുന്ന ലവണങ്ങളാണ്. അതിനാല്‍ വ്യായാമത്തിന് ശേഷമോ ചൂടുള്ള മാസങ്ങളിലോ നിർജ്ജലീകരണം തടയാൻ ഇളനീർ, നാരങ്ങാവെള്ളം അല്ലെങ്കില്‍ ഇലക്‌ട്രോലൈറ്റ് മിശ്രിതങ്ങള്‍ കുടിക്കാൻ താരം നിർദ്ദേശിച്ചു.

ഏത് ഇലക്‌ട്രോലൈറ്റാണ് നിങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്?

മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിലെ സ്പോർട്സ് ന്യൂട്രീഷ്യനിസ്റ്റ് പൂജ ഉദേഷി ദൈനംദിന ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഒരു ലഘു ഗൈഡ് പങ്കുവെക്കുന്നുണ്ട്

സാധാരണ ഭക്ഷണക്രമം: ഭൂരിഭാഗം ആളുകള്‍ക്കും വെള്ളത്തിലൂടെയും ഇലക്‌ട്രോലൈറ്റുകള്‍ അടങ്ങിയ ഭക്ഷണത്തിലൂടെയും ജലാംശം നിലനിർത്താം. പഴം, ഇലക്കറികള്‍, സിട്രസ് പഴങ്ങള്‍, തൈര്, ഇളനീർ എന്നിവ മികച്ച പ്രകൃതിദത്ത സ്രോതസ്സുകളാണ്. കഠിനമായ വ്യായാമത്തില്‍ ഏർപ്പെടുന്നില്ലെങ്കില്‍ ഈ ഭക്ഷണക്രമം തന്നെ ധാരാളമാണ്.

വ്യായാമത്തിന് ശേഷം: ചൂടത്തുള്ള വ്യായാമവും പുറം ജോലികളും അമിതമായി വിയർക്കുന്നതിനും സോഡിയം, പൊട്ടാസ്യം എന്നിവ നഷ്ടപ്പെടുന്നതിനും കാരണമാകും. അതുകൊണ്ടാണ് കായികതാരങ്ങള്‍ സ്പോർട്സ് ഡ്രിങ്കുകളെ ആശ്രയിക്കുന്നത്.

വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു മിശ്രിതം ഇതിന് പകരമായി ഉപയോഗിക്കാം: വെള്ളം, ഒരു നുള്ള് ഉപ്പ്, നാരങ്ങ, അല്പം തേൻ. ഈ മിശ്രിതം പഞ്ചസാരയോ മറ്റ് കൃത്രിമ ചേരുവകളോ ഇല്ലാതെ ശരീരത്തിലെ ഇലക്‌ട്രോലൈറ്റുകള്‍ വീണ്ടെടുക്കാൻ സഹായിക്കുന്നു.

രക്തസമ്മർദ്ദം കുറയുമ്പോള്‍: കുറഞ്ഞ രക്തസമ്മർദ്ദം കാരണം തലകറക്കമോ തളർച്ചയോ അനുഭവപ്പെടുന്നവർക്ക് സോഡിയം പ്രധാനമാണ്. ഭക്ഷണത്തില്‍ അല്പം കൂടി ഉപ്പ് ചേർക്കുന്നതോ ഒആർഎസ് ലായനി കുടിക്കുന്നതോ ഗുണകരമായേക്കാം. എന്നാല്‍ ഇത് അമിതമാകാതിരിക്കാൻ ശ്രദ്ധിക്കണം, മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് എപ്പോഴും ഒരു ഡോക്ടറുടെ ഉപദേശം തേടുക.

അസുഖമോ ചൂടോ ഉള്ളപ്പോള്‍: ഉയർന്ന താപനില, നിർജ്ജലീകരണം, ഛർദ്ദി അല്ലെങ്കില്‍ വയറിളക്കം എന്നിവ ശരീരത്തിലെ പ്രധാന ലവണങ്ങള്‍ വേഗത്തില്‍ നഷ്ടപ്പെടുത്തും. ഇത്തരം സാഹചര്യങ്ങളില്‍ ഒആർഎസ് ലായനിയാണ് ഏറ്റവും അനുയോജ്യം. എനർജി ഡ്രിങ്കുകളും കഫീൻ അടങ്ങിയ പാനീയങ്ങളും ഒഴിവാക്കണം, കാരണം അവ ശരീരത്തിലെ ജലനഷ്ടം വർദ്ധിപ്പിക്കും.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam