Dailyhunt
നിശബ്ദനായി, പരാജയപ്പെട്ടില്ല; രാഘവ് ഛദ്ദയുടെ ആദ്യ പ്രതികരണം പുറത്ത്

നിശബ്ദനായി, പരാജയപ്പെട്ടില്ല; രാഘവ് ഛദ്ദയുടെ ആദ്യ പ്രതികരണം പുറത്ത്

ന്യൂഡല്‍ഹി: രാജ്യസഭ ഉപാധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ എ.എ.പി നേതാവ് രാഘവ് ഛദ്ദയുടെ ആദ്യപ്രതികരണം പുറത്ത്.

എക്‌സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിശബ്ദനാക്കപ്പെട്ടുവെങ്കിലും താന്‍ പരാജയപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എക്കാലത്തും പാര്‍ലമെന്റില്‍ ഉയര്‍ത്തിയ നേതാവാണ് താനെന്നും അദ്ദേഹം പറഞ്ഞു.

രാഘവ് ഛദ്ദയെ സംസാരിക്കാൻ അനുവദിക്കരുതെന്ന് ആം ആദ്മി പാർട്ടി രാജ്യസഭയോട് ആവശ്യപ്പെട്ടിരിക്കുന്നു. എന്നാല്‍ എന്തുകൊണ്ട്? ഞാൻ എപ്പോഴും സാധാരണക്കാരന് വേണ്ടിയാണ് സംസാരിച്ചിട്ടുള്ളത്. വിമാനത്താവളങ്ങളിലെ ഭക്ഷണത്തിന്റെ അമിതവില, ടെലികോം കമ്പനികളുടെ അമിത നിരക്ക്, ടോള്‍ പ്ലാസകളിലെയും ബാങ്കുകളിലെയും കൊള്ളകള്‍, ഗിഗ് തൊഴിലാളികളുടെ (gig workers) പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഞാൻ ഉന്നയിച്ചിട്ടുണ്ട്. ഈ വിഷയങ്ങള്‍ ഉന്നയിച്ചതിലൂടെ സാധാരണക്കാർക്ക് പ്രയോജനം ലഭിച്ചു. എന്നാല്‍ ആം ആദ്മി പാർട്ടിക്ക് ഇതില്‍ എന്താണ് നഷ്ടപ്പെട്ടത്? എന്തുകൊണ്ടാണ് എന്നെ നിശബ്ദനാക്കുന്നത് രാഘവ് ഛദ്ദ ചോദിച്ചു

രാജ്യസഭാ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കാന്‍ ആം ആദ്മി പാര്‍ട്ടി

ഡല്‍ഹി: പാര്‍ട്ടിയുടെ രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്ത് നിന്ന് രാഘവ് ഛദ്ദയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി (എഎപി) രാജ്യസഭാ സെക്രട്ടേറിയറ്റിന് കത്ത് നല്‍കി. ഛദ്ദയ്ക്കു പകരം അശോക് മിത്തലിനെ രാജ്യസഭയിലെ പുതിയ ഉപനേതാവായി നിയമിക്കണമെന്നും എഎപി സെക്രട്ടേറിയറ്റിനോട് അഭ്യര്‍ത്ഥിച്ചു.

സമീപ മാസങ്ങളില്‍ പാര്‍ട്ടിയുടെ പ്രധാന പരിപാടികളിലും യോഗങ്ങളിലും രാഘവ് ഛദ്ദ പങ്കെടുക്കുന്നില്ലെന്ന ആരോപണം നിലനില്‍ക്കെ, എഎപി നേതൃത്വവും ഛദ്ദയും തമ്മിലുള്ള അകല്‍ച്ച വര്‍ധിക്കുന്നതിനിടയിലാണ് നീക്കം. തീരുമാനത്തിന് പിന്നില്‍ പെട്ടെന്നുണ്ടായ പ്രത്യേക കാരണങ്ങളോ ഛദ്ദയുടെ ഭാഗത്ത് നിന്നുള്ള പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളോ ഇല്ലെന്ന് എഎപി വൃത്തങ്ങള്‍ പറഞ്ഞു.

2022 മുതല്‍ രാജ്യസഭയില്‍ അംഗമായ ഛദ്ദയുടെ കാലാവധി ഇനിയും രണ്ട് വര്‍ഷം ബാക്കിയുണ്ട്. നേരത്തെ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കുള്ള ആം ആദ്മിയുടെ താര പ്രചാരകരുടെ പട്ടികയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താതിരുന്നതും പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധത്തിനു കാരണമായിരുന്നുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

മദ്യനയക്കേസില്‍ അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും മോചിതരായതിനെത്തുടര്‍ന്ന് എഎപി നടത്തിയ ശക്തിപ്രകടനം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ ഛദ്ദയുടെ അഭാവം പ്രകടമായിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുമായും മുതിര്‍ന്ന നേതൃത്വവുമായും ഛദ്ദ അകലം പാലിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

ഛദ്ദയെ പാര്‍ട്ടിയില്‍ നിന്ന് ഔദ്യോഗികമായി പുറത്താക്കാന്‍ സാധ്യതയില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ആഗ്രഹിക്കുന്ന കാലത്തോളം രാജ്യസഭയിലെ പാര്‍ട്ടിയുടെ 10 എംപിമാരില്‍ ഒരാളായി തുടരാന്‍ അനുവദിച്ചേക്കും. മഹാരാഷ്ട്രയിലെ മുംബൈ വിമാനത്താവളത്തിലെ ഉഡാന്‍ യാത്രി കഫേയെ പുകഴ്ത്തി ഛദ്ദ പോസ്റ്റ് പങ്കുവെച്ച്‌ മൂന്നു ദിവസത്തിന് ശേഷമാണ് സംഭവവികാസങ്ങള്‍ എന്നതും ശ്രദ്ധേയമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam