കേരള ന്യൂസ്
നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും, പ്രതിദിനം ഒരു ലക്ഷം കോവിഡ് ടെസ്റ്റുകള്‍ നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. നിയന്ത്രണങ്ങളില്‍ അയവുവന്നതും പൊതുവെയുള്ള ജാഗ്രത കുറഞ്ഞതും കോവിഡ് വ്യാപനത്തിന് കാരണമാണെന്ന് യോഗം വിലയിരുത്തി. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും.
പൊതുപരിപാടികള്‍ സംഘടിപ്പിക്കുമ്ബോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ശാരീരിക അകലവും മാസ്ക്കും നിര്‍ബന്ധമാക്കും. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിന് പൊലീസിനെ നിയോഗിക്കാനും തീരുമാനിച്ചു. സെക്ടറല്‍ മജിസ്ട്രേറ്റുമാരാണ് ഇപ്പോള്‍ നിരീക്ഷണ ചുമതല നിര്‍വഹിക്കുന്നത്. അത് തുടരും. അവരോടൊപ്പം പൊലീസ് കൂടി രംഗത്തുണ്ടാകണമെന്നാണ് തീരുമാനം. സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ എണ്ണം വര്‍ധിപ്പിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
കണ്ടെയ്ന്മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമായിരിക്കും. ഫെബ്രുവരി പകുതിയോടെ രോഗവ്യാപനം കാര്യമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. വിവാഹ ചടങ്ങുകളിലും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഒരു കാരണവശാലും നൂറിലധികം പേര് ഒത്തുകൂടാന്‍ പാടില്ല.
കോവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷമായി വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതില്‍ 75 ശതമാനം ആര്‍ടിപിസിആര്‍ പരിശോധനയായിരിക്കണം. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപുകള്‍, കശുവണ്ടി ഫാക്ടറി പോലെ തൊഴിലാളികള്‍ ഒന്നിച്ചിരുന്ന് ജോലി ചെയ്യുന്ന കേന്ദ്രങ്ങള്‍, വയോജന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലാവരേയും ടെസ്റ്റ് ചെയ്യണം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തിനുള്ള വാര്‍ഡുതല സമിതികള്‍ വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ പുനഃസംഘടിപ്പിക്കണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരെയും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമാക്കണം. ബോധവല്‍ക്കരണം ശക്തമാക്കാനും യോഗം തീരുമാനിച്ചു. നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നുണ്ടെങ്കിലും തൊഴിലെടുക്കുന്നതിനും ജീവിതോപാധിയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ക്കും തടസമുണ്ടാകില്ല.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം നടത്തിയ പഠനം വ്യക്തമാക്കുന്നത്, 56 ശതമാനം പേര്‍ക്ക് രോഗം ബാധിക്കുന്നത് വീടുകള്‍ക്ക് അകത്തുനിന്നു തന്നെയാണ്. രോഗവുമായി പുറത്തുനിന്നു വരുന്നവരാണ് വീട്ടില്‍ കഴിയുന്നവര്‍ക്ക് രോഗം നല്‍കുന്നത്. 20 ശതമാനം പേര്‍ക്ക് രോഗം പകരുന്നത് മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ നിന്നും യോഗസ്ഥലങ്ങളില്‍ നിന്നുമാണ്. തൊഴിലിടങ്ങളില്‍ നിന്ന് രോഗം പടരുന്നത് 20 ശതമാനത്തോളം പേര്‍ക്കാണ്. രോഗബാധിതരാകുന്ന 65 ശതമാനം പേരും സാമൂഹിക അകലം പാലിക്കാത്തവരാണ്. 45 ശതമാനം മാസ്ക്ക് ധരിക്കാത്തവര്‍. രോഗലക്ഷണമൊന്നുമില്ലാത്തവരില്‍ നിന്ന് 30 ശതമാനത്തോളം പേര്‍ക്ക് രോഗം പകരുന്നുണ്ട്. കുട്ടികളില്‍ 5 ശതമാനം പേര്‍ക്ക് വിദ്യാലയങ്ങളില്‍ നിന്ന് രോഗം പകരുന്നു. എന്നാല്‍ 47 ശതമാനം കുട്ടികള്‍ക്കും രോഗം പകരുന്നത് വീടുകളില്‍ നിന്നു തന്നെയാണ്.
ഇന്നത്തെ കോവിഡ് രോഗികളുടെ എണ്ണം
സംസ്ഥാനത്ത് ഇന്ന് 5,659 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 879, കോഴിക്കോട് 758, കോട്ടയം 517, കൊല്ലം 483, മലപ്പുറം 404, പത്തനംതിട്ട 397, ആലപ്പുഴ 360, കണ്ണൂര്‍ 357, തിരുവനന്തപുരം 353, തൃശൂര്‍ 336, ഇടുക്കി 305, വയനാട് 241, പാലക്കാട് 185, കാസര്‍ഗോഡ് 84 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. യുകെയില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നും വന്ന 71 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
സംസ്ഥാനത്ത് 72,234 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,29,452 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,315 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,02,196 പേര് വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റെെനിലും 12,119 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1269 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിരുവനന്തപുരത്ത് ഇന്ന് 353 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 354 പേര് രോഗമുക്തരായി. നിലവില്‍ 4,336 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 250 പേര്‍ക്കു സമ്ബര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ രണ്ട് പേര് ആരോഗ്യപ്രവര്‍ത്തകരാണ്. രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,428 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 22,113 പേര് വീടുകളിലും 55 പേര് സ്ഥാപനങ്ങളിലും ക്വാറന്റെെനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,146 പേര് രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.
മലപ്പുറം ജില്ലയില്‍ ഇന്ന് 404 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 392 പേര്‍ക്കും നേരിട്ടുള്ള സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. 10 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് ജില്ലയിലെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം 530 പേര് ബുധനാഴ്ച രോഗമുക്തരായി ഇതോടെ ജില്ലയില്‍ ഇതുവരെ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായവരുടെ എണ്ണം 98,783 ആയി. 20,703 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 4,401 പേര് വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 295 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 128 പേരും 97 പേര് കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി ജില്ലയില്‍ 527 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
കോഴിക്കോട് ജില്ലയില്‍ ഇന്ന് 758 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്ക് പോസിറ്റീവായി. 17 പേരുടെ ഉറവിടം വ്യക്തമല്ല. സമ്ബര്‍ക്കം വഴി 738 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6355 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 594 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
കാസര്‍ഗോഡ് ജില്ലയില്‍ ജില്ലയില്‍ 84 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26,090 ആയി. ചികിത്സയിലുണ്ടായിരുന്ന 52 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
വയനാട് ജില്ലയില്‍ ഇന്ന് 241 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്.രേണുക അറിയിച്ചു. 69 പേര് രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ ഏഴ് പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 22509 ആയി. 18701 പേര് ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 139 മരണം. നിലവില്‍ 3669 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2887 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം
ലോകത്ത് കോവിഡ് വ്യാപനം തുടരുന്നു. വുഹാനില്‍ ആദ്യ കേസ് റജിസ്റ്റര്‍ ചെയ്ത ശേഷം ഒരു വര്‍ഷം കഴിയുമ്ബോള്‍ ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം പത്ത് കോടി കടന്നു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സ്റ്റിയുടെ കണക്ക് പ്രകാരമാണിത്. ഇതുവരെ 21,49,818 കോവിഡ് മരണങ്ങളാണ് ആഗോള തലത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 2,53,62,794 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 4,23,010 പേര് മരണപ്പെട്ടു. കോവിഡ് കേസുകളില്‍ ഇന്ത്യയാണ് രണ്ടാമത്, 1,06,76,838. മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ 88,71,393 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, മരണനിരക്കില്‍ ബ്രസീലാണ് രണ്ടാമത്. കോവിഡ് മൂലം 217,664 പേര്‍ക്കാണ് ജീവന് നഷ്ടമായത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 12689 കോവിഡ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തു. 13320 പേര് രോഗമുക്തി നേടുകയും ചെയ്തു. 137 മരണങ്ങള്‍കൂടി കോവിഡ് മൂലമാണെന്ന് കഴിഞ്ഞ 24 മണിക്കൂറില്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,76,498 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. 1,03,59,305 പേര് രോഗമുക്തി നേടിയപ്പോള്‍ മരണസംഖ്യ 1,53,724 ആണ്.
സംസ്ഥാനത്ത് ഇന്നലെ 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5290 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 71,607 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,24,446 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 5741 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 426 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 78 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
.