Friday, 30 Oct, 12.59 am The Indian Express മലയാളം

ഹോം
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മലയാളം എഴുതാന്‍ ഉപയോഗിച്ച ലിപി വീണ്ടെടുപ്പിന്റെ വഴിയിലേക്ക്

പത്ത് നൂറ്റാണ്ടിലേറെയുള്ള കാലത്തിനിടയില്‍ വളര്‍ച്ച പ്രാപിച്ചെന്ന് കരുതുന്നതും ആധുനിക തമിഴ്, മലയാളം ലിപികള്‍ക്ക് ജന്മം നല്‍കിയതായി പരക്കെ അംഗീകരിക്കപ്പെടുന്നതുമായ വട്ടെഴുത്ത് ലിപിയെ വീണ്ടെടുക്കാനുള്ള ഗവേഷകരുടെയും ഭാഷാശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും ശ്രമങ്ങള്‍ പുരോഗതിയിലേക്ക്.

കേരളത്തില്‍, എണ്ണമറ്റ രേഖകള്‍, ശിലാ ലിഖിതങ്ങള്‍, ശില്പങ്ങള്‍, താളിയോലകള്‍ എന്നിവയിലായുള്ള വട്ടെഴുത്ത് രേഖപ്പെടുത്തലുകള്‍ എളുപ്പത്തില്‍ വായിക്കാന്‍ കഴിയുന്നതിനുള്ള കാത്തിരിപ്പ് തുടരുകയാണ്. വട്ടെഴുത്ത് ലിപിയിലെ എഴുത്തുകള്‍ മനസ്സിലാക്കാന്‍ കഴിയുന്ന വിദഗ്ധരുടെ കുറവാണ് ഈ കാത്തിരിപ്പ് നീളാന്‍ കാരണം. ഇത് വായിക്കാന്‍ വേണ്ട വൈദഗ്ധ്യമുള്ള ചിലര്‍ ജീവിച്ചിരിപ്പുണ്ട്. എന്നാല്‍ അവരുടെ പ്രായവും മറ്റ് ഘടകങ്ങളും കാരണം അതുമായി ബന്ധപ്പെട്ട വിജ്ഞാനവും പ്രയോഗിക ജ്ഞാനവും ചിലരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. അതിനാല്‍ ഒന്നും ചെയ്തില്ലെങ്കില്‍ വട്ടെഴുത്തിന്റെ ചരിത്ര പ്രാധാന്യവും അതില്‍ നിന്ന് ലഭിക്കുന്ന ഭൂതകാലത്തിലേക്കുള്ള സൂചകങ്ങളും എന്നന്നേക്കുമായി നഷ്ടപ്പെട്ട് പോയേക്കാനിടയുണ്ട്.

ആ സന്ദര്‍ഭത്തിലാണ് വട്ടെഴുത്തിനെ യൂണികോഡിലേക്ക് എന്‍‌കോഡ് ചെയ്യാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ നടക്കുന്നത്. ഇതു സാധ്യമായാല്‍ ലോകമെമ്ബാടുമുള്ള ഭാഷാ വിദഗ്ധര്‍ക്ക് സ്‌ക്രിപ്റ്റ് നന്നായി പഠിക്കാനും മനസിലാക്കാനും കഴിയും. ഈ ആഴ്ച ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ മലയാള വകുപ്പ് ചേര്‍ന്ന് വട്ടെഴുത്തിന്റെ സാധ്യതകളെയും ചരിത്രപരമായ പ്രസക്തിയെയും കുറിച്ച്‌ നടത്തിയ വെര്‍ച്വല്‍ സെമിനാര്‍ പരമ്ബരയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറുകണക്കിന് പേരാണ് പങ്കാളികളായത്.

സങ്കീര്‍ണമായ കയ്യെഴുത്ത് പ്രതികള്‍ മനസിലാക്കുന്നത് പഠിപ്പിക്കുന്ന തരത്തില്‍, മലയാളം, മാനുസ്ക്രിപ്റ്റ് മാനേജ്മെന്റ് എന്നിവയില്‍ യുജിസി അംഗീകാരമുള്ള ത്രിവത്സര തൊഴിലധിഷ്ടിത കോഴ്സ് നല്‍കുന്ന കേരളത്തിലെ ഒരേയൊരു കോളേജാണ് സെന്റ് ജോസഫ് കോളേജ്. ഇന്ത്യയില്‍ തന്നെയും ഇത്തരത്തിലുള്ള കോഴ്സ് വാഗ്ദാനം ചെയ്യുന്ന ഏക കോളേജാവാം ഇത്.

സൈന്ധവ മുദ്രകളോട് സാമ്യമുള്ള മുദ്രകള്‍ കണ്ടെത്തി

"വട്ടെഴുത്തുമായി ബന്ധപ്പെട്ട പഠനങ്ങളും ഗവേഷണങ്ങളും ഏകീകരിക്കുകയും സുതാര്യമാക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. സ്ക്രിപ്റ്റ് ഡീകോഡ് ചെയ്യുന്ന ഒരു വ്യക്തിക്ക് അത് മറ്റൊരാളില്‍നിന്ന് വ്യത്യസ്തമായി വായിക്കാന്‍ കഴിയും. അതിനാല്‍, പതിവ് ചര്‍ച്ചകളിലൂടെയും കൈമാറ്റങ്ങളിലൂടെയും മാത്രമേ നമുക്ക് വാചകം ശരിയായി മനസ്സിലാവൂ. അക്കാദമിക തലത്തില്‍, അത്തരം അവസരമോ സ്ഥലമോ ഇല്ല. മാനുസ്ക്രിപ്റ്റ് മാനേജ്മെന്റിനെക്കുറിച്ച്‌ ഒരു കോഴ്‌സ് നടത്തുന്ന ഒരേയൊരു കോളേജ് ഞങ്ങളായതിനാല്‍, ഒരു സെമിനാര്‍ സീരീസ് സംഘടിപ്പിക്കാമെന്ന് കരുതി," കോളേജിലെ മലയാള വിഭാഗം മേധാവി ലിറ്റി ചാക്കോ പറഞ്ഞു.

സെമിനാര്‍ പരമ്ബരയുടെ ആദ്യ ഘട്ടം മലയാളത്തെ കേന്ദ്രീകരിച്ചായിരുന്നു. തുടര്‍ന്നുള്ള പരമ്ബരകള്‍, ഈ വര്‍ഷാവസാനം, തമിഴ്, കന്നഡ ഭാഷകളില്‍ ഊന്നല്‍ നല്‍കി നടത്തും. ആ ഭാഷകളുടെയും ലിപികളുടെ ഉത്ഭവം വട്ടെഴുത്തില്‍ കണ്ടെത്താനാവും.

എട്ടാം നൂറ്റാണ്ട് മുതല്‍ പതിനെട്ടാം നൂറ്റാണ്ട് വരെ വട്ടെഴുത്ത് പ്രയോഗത്തിലിരുന്നതായി വിശ്വസിക്കുന്നതായി നെന്മാറ എന്‍‌എസ്‌എസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ എസ് മുരുകേഷ് പറഞ്ഞു. ഈ കാലയളവില്‍ ദക്ഷിണേന്ത്യയിലെ രാജകീയ പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഈ ലിപിയില്‍ എഴുതപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

"ഈ സ്ക്രിപ്റ്റ് തലമുറകളായി വന്ന മാറ്റങ്ങള്‍ക്കും പഴയ രാജ്യങ്ങള്‍ പൊളിച്ചുമാറ്റപ്പെടുന്നതിനും പുതിയവ രൂപം കൊള്ളുന്നതിനുമുള്ള തെളിവുകളാണ്. കാലക്രമേണ ഓരോ അക്ഷരത്തിന്റെയും ഘടനയില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്, "അദ്ദേഹം പറഞ്ഞു.

"ഉദാഹരണത്തിന്, ചേരന്മാര്‍ ഭരിക്കുന്ന ഭൂമി എന്നര്‍ത്ഥമുള്ള' ചേരം 'എന്ന വാക്കില്‍ നിന്നാണ്' കേരളം 'എന്ന വാക്ക് ഉണ്ടായതെന്ന് ഭാഷാ വിദഗ്ധര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഞങ്ങള്‍ വട്ടെഴുത്ത് പഠിച്ചപ്പോള്‍, 'കാ', 'ച' എന്നീ അക്ഷരങ്ങള്‍ സമാനമായാണ് തോന്നുന്നത്. അതിനാല്‍ 'കേരളം' എന്ന വാക്ക് 'ചേരളം' എന്ന് തെറ്റിദ്ധരിക്കപ്പെട്ടിരിക്കാം. ഇതൊരു വലിയ ചിന്തയാണ്. കൂടാതെ, അശോക രാജാവിന്റെ, ബിസി കാലഘട്ടത്തിലെ ഒരു ശാസനയില്‍ 'കേരളം' എന്ന വാക്ക് പരാമര്‍ശിക്കപ്പെടുന്നു. അതിനാല്‍ ഇത് ഒരുതരം രാജകീയനാമമായേക്കാം, "സെമിനാറില്‍ പ്രസംഗകരിലൊരാളായ മുരുകേഷ് കൂട്ടിച്ചേര്‍ത്തു.

മലയാളം സ്വയമേവ ഒരു രാഷ്ട്രീയമാണ്

നൂറ്റാണ്ടുകളായി 'തമിഴകം' മേഖലയില്‍ തനത് ഉപയോഗത്തിലിരുന്നതും ചോള, പാണ്ഡ്യ, ചേര രാജ്യങ്ങളിലെ ഭരണാധികാരികള്‍ വ്യാപകമായി ഉപയോഗിക്കുന്നതുമായ ഒരു ലിപി ആയതിനാല്‍, വട്ടെഴുത്തിന് സ്വന്തമായി ഒരു രാഷ്ട്രീയമുണ്ടായിരുന്നെന്നും അത് ഭരണമാറ്റങ്ങളോടൊത്ത് ഉയര്‍ന്നുവന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്ഷരങ്ങള്‍ കൂടാതെ, പണം, മരം, അരി എന്നിവയുടെ അളവ് സൂചിപ്പിക്കുന്നതിന് ചിഹ്നങ്ങളും ഈ ലിപിയില്‍ ഉപയോഗിച്ചിരുന്നു.

"ഇന്ന്, ഒരു പത്രം വായിക്കുന്നതുപോലെ നമുക്ക് അത് വായിക്കാന്‍ കഴിയില്ല. ചിലപ്പോള്‍, 500 അല്ലെങ്കില്‍ 1000 വര്‍ഷം മുമ്ബ് എഴുതിയതിനാല്‍ വാചകത്തിന്റെ ഒരു വരി പോലും വായിക്കാന്‍ ദിവസങ്ങളോ ആഴ്ചയോ എടുത്തേക്കാം. ചില അക്ഷരങ്ങള്‍ രൂപത്തില്‍ വളരെ സമാനമാണ്. വിദഗ്ധര്‍ക്ക് ഒത്തുചേരാനാകുമെങ്കില്‍, ആ പ്രക്രിയ എളുപ്പമാകുമെന്ന് കരുതുന്നു," അദ്ദേഹം പറഞ്ഞു.

മിശ്രണം ചെയ്ത ഭാഷയിലാവും ഇനിയുളള മലയാളമെഴുത്ത്: പ്രൊഫ. എം ലീലാവതി

"ചരിത്രാതീത കാലത്തെ എഴുത്തുകളെക്കുറിച്ചുള്ള അറിവ് വികേന്ദ്രീകരിക്കപ്പെടാത്തതാണ് പ്രശ്നം. ഇത് എല്ലാവരിലേക്കും എത്തുന്നില്ല. നമ്മുടെ ചരിത്രം, സംസ്കാരം, പാരമ്ബര്യം എന്നിവയെക്കുറിച്ച്‌ കൂടുതലറിയണമെങ്കില്‍, എഴുത്തുകള്‍ നന്നായി മനസിലാക്കേണ്ടതുണ്ട്," അദ്ദേഹം പറഞ്ഞു.

വട്ടെഴുത്ത് ഗവേഷണത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി, ലിഖിതങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും വലിയ റെസല്യൂഷനിലുള്ള ഫോട്ടോഗ്രാഫുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വെബ് പോര്‍ട്ടല്‍ നിര്‍മിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. സെമിനാര്‍ പരമ്ബരയെത്തുടര്‍ന്ന്, വട്ടെഴുത്തിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ചേര്‍ത്തുകൊണ്ടുള്ള, അക്കാദമിക് തലത്തിനപ്പുറമുള്ള ഒരു പുസ്തകം തയ്യാറാക്കണമെന്നും സെമിനാറില്‍ പങ്കെടുത്തവര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവരില്‍ നിന്ന് ആവശ്യങ്ങളുണ്ട്.

How Vattezhuth, the ancient Dravidian script, is being reclaimed in Kerala

.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: The Indian Express Malayalam
Top