നടി ജുവല്‍ മേരിയ്ക്ക് കാൻസർ ബാധിച്ച് ശബ്ദം നഷ്ടപ്പെട്ടെന്നും അതീവ ഗുരുതരാവസ്ഥയിലാണെന്നുമുള്ള രീതിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അടിസ്ഥാനരഹിതമായ വാർത്തകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഇതിനെതിരെ രൂക്ഷവിമർശനവുമായി സാക്ഷാല്‍ ജുവല്‍ മേരി തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.
താൻ പൂർണ്ണ ആരോഗ്യവതിയാണെന്നും സുഖമായിരിക്കുന്നുവെന്നും ജുവല്‍ സ്ഥിരീകരിച്ചു. കാൻസർ ബോധവത്കരണവുമായി ബന്ധപ്പെട്ട ഒരു പരിപാടിയ്ക്കിടയില്‍ താൻ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്ന ചില ഓണ്‍ലൈൻ മാധ്യമങ്ങളെ രൂക്ഷമായി വിമർശിക്കാനും ജുവല്‍ മറന്നില്ല.
ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച സെല്‍ഫി വീഡിയോയിലൂടെയാണ് ജുവല്‍ ഇതിനോട് പ്രതികരിച്ചത്. "കഴിഞ്ഞ രണ്ടു ദിവസമായി എന്റെ ശ്രദ്ധയില്‍പ്പെട്ട ഒരു കാര്യത്തിന്റെ സത്യാവസ്ഥ നിങ്ങളെ അറിയിക്കാനാണ് ഞാൻ ഇത് പങ്കുവെക്കുന്നത്. ഞാൻ ചത്തിട്ടില്ല സുഹൃത്തുക്കളെ, ഞാൻ ചത്തിട്ടില്ല! കഴിഞ്ഞ രണ്ടു ദിവസമായി ചിലർ എന്നെ 'കൊല്ലുകയും', എനിക്ക് 'മരണ കാർഡ് വരെ അച്ചടിക്കുകയും' ചെയ്തിരിക്കുകയാണ്. എനിക്ക് ശബ്ദം നഷ്ടപ്പെട്ടെന്നും, ഞാൻ മരണക്കിടക്കയിലാണെന്നും, അനങ്ങാൻ പോലും കഴിയില്ലെന്നുമാണ് അവർ പറയുന്നത്. എന്നാല്‍ എനിക്ക് ഒന്നുമാത്രം പറയാനുണ്ട്, ഞാൻ ഇപ്പോഴൊന്നും തീരില്ല!"
2023-ല്‍ നടന്ന 'കേരള കാൻ' പരിപാടിയില്‍ സംസാരിക്കവെയാണ് താൻ കാൻസറിനോട് പോരാടിയതിനെക്കുറിച്ച് തുറന്നുപറഞ്ഞതെന്ന് ജുവല്‍ ഓർമ്മിപ്പിച്ചു. അന്ന് ആ ചടങ്ങില്‍ താൻ നടത്തിയ പ്രസംഗം ദുരുപയോഗം ചെയ്താണ് ചിലർ ഇപ്പോള്‍ അടിസ്ഥാനരഹിതമായ വാർത്തകള്‍ പ്രചരിപ്പിക്കുന്നത്.
"അന്ന് ഞാൻ പറഞ്ഞ കാര്യങ്ങള്‍ എടുത്ത്, തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള തലക്കെട്ടുകള്‍ നല്‍കി അത് എന്റെ ഇപ്പോഴത്തെ അവസ്ഥയാണെന്ന് വരുത്തിതീർത്ത് എന്നെ 'അടക്കാൻ' കാത്തിരിക്കുന്ന 'ഓണ്‍ലൈൻ സഹോദരന്മാരോട്' - എന്റെ മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ല ഞാൻ മരിച്ചിട്ടില്ല. ഞാൻ ഇവിടെ തന്നെയുണ്ട്, അതീവ സന്തോഷത്തോടെയും ജീവനോടെയും. അതുകൊണ്ട് ആ വാർത്തകള്‍ തല്‍ക്കാലം അവിടെ മടക്കിവെച്ചേക്കൂ," ജുവല്‍ കൂട്ടിച്ചേർത്തു.
തന്നെ സ്നേഹിക്കുന്ന ഒരുപാട് പേർ ഇത്തരം വാർത്തകള്‍ കണ്ട് ആശങ്കാകുലരാകുന്നുണ്ടെന്നും, പലരും വിളിച്ച് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുന്നുണ്ടെന്നും ജുവല്‍ പറഞ്ഞു. "എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല, ഞാൻ സന്തോഷവതിയാണ്! അതുകൊണ്ട് നിങ്ങളെല്ലാവരും സന്തോഷമായിരിക്കൂ," നടി കൂട്ടിച്ചേർത്തു.
കാൻസറുമായുള്ള തന്റെ പോരാട്ടത്തെക്കുറിച്ച് മുൻപ് ധന്യ വർമ്മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജുവല്‍ ഇങ്ങനെ പറഞ്ഞിരുന്നു: "ഞാൻ ഒരു സാധാരണ ചെക്കപ്പിനായി പോയതായിരുന്നു. മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ചുമയ്ക്കുമ്പോള്‍ ഒരുപാട് കഫം വരുമായിരുന്നു. എപ്പോഴും തൊണ്ട ശരിയാക്കിക്കൊണ്ടിരിക്കണമായിരുന്നു. ഞാൻ ഒരു പ്രസന്റർ (അവതാരക) ആയതുകൊണ്ട് എപ്പോഴും ശബ്ദം ഉപയോഗിക്കേണ്ടതുണ്ട്. അതുകൊണ്ടുള്ള പ്രശ്നമായിരിക്കുമെന്നാണ് ഞാൻ കരുതിയത്."
ഇതറിഞ്ഞ ഡോക്ടർ ഒരു സ്കാൻ ചെയ്യാൻ നിർദ്ദേശിച്ചു. എന്നാല്‍ സ്കാൻ റിസള്‍ട്ട് വന്നപ്പോള്‍ ബി.എസ്.സി നഴ്സിങ് പഠിച്ച ജുവലിന് കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്ന് മനസ്സിലായി. "എന്റെ കാലുകള്‍ തണുക്കാൻ തുടങ്ങി. അവരുടെ മുഖം മാറാൻ തുടങ്ങി. പിന്നീട് അവർ ഒരു ബയോപ്സി ചെയ്യണമെന്ന് പറഞ്ഞു. എന്റെ കാലുകള്‍ അനക്കാൻ പോലും പറ്റിയില്ല, അവ മരവിച്ചുപോയി. പേടി കാരണം ഞാൻ വേണ്ട എന്ന് പറഞ്ഞു. എന്നാല്‍ അങ്ങനെ പറയരുതെന്നും ഇത് ചെയ്യേണ്ടതുണ്ടെന്നും അവർ എന്നോട് പറഞ്ഞു."
"അത് കാൻസർ ആയിരിക്കാമെന്ന് ഡോക്ടർ സൂചന നല്‍കിയിരുന്നു. ബയോപ്സി ഫലം വരാൻ 15 ദിവസങ്ങള്‍ എടുക്കും. ജീവിതത്തിന്റെ വേഗത കുറഞ്ഞു. റിസള്‍ട്ട് വന്നതിന് ശേഷം ഒന്നുകൂടി ഉറപ്പിക്കണം എന്ന് ഡോക്ടർ പറഞ്ഞു. അങ്ങനെ മറ്റൊരു ബയോപ്സി കൂടി ചെയ്തു. ഈ സമയത്തെല്ലാം കുടുംബത്തിന് മുന്നില്‍ ഞാൻ ഒട്ടും പേടി കാണിച്ചില്ല. അവർക്ക് മുന്നില്‍ ഞാൻ ശക്തയായി നിന്നു. രണ്ടാമത്തെ റിസള്‍ട്ട് വന്നപ്പോള്‍ ഞാൻ അപകടത്തിലാണെന്ന് എനിക്ക് മനസ്സിലായി."
തുടർന്ന് ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ജുവല്‍ വിധേയയായി, അതിനുശേഷം താരത്തിന് ശബ്ദം പൂർണ്ണമായും നഷ്ടപ്പെട്ടു. "ശബ്ദം തിരിച്ചുകിട്ടാൻ ആറ് മാസമെടുക്കുമെന്ന് അവർ പറഞ്ഞു. എന്റെ ഇടതുകൈ ബലഹീനമായി മാറി. എനിക്ക് ഒരു ജോലിയും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഫിസിയോയും തെറാപ്പിയും ഉണ്ടായിരുന്നു. ആറ് മാസത്തിന് ശേഷം ഞാൻ റിവ്യൂവിന് പോയി. ഡോക്ടർ എന്റെ റിപ്പോർട്ട് നോക്കിയിട്ട് പറഞ്ഞു, 'അഭിനന്ദനങ്ങള്‍, നിങ്ങള്‍ കാൻസർ വിമുക്തയായിരിക്കുന്നു.' ആ നിമിഷത്തില്‍ എനിക്കുണ്ടായ സന്തോഷം വാക്കുകള്‍ക്ക് അതീതമാണ്. ഇപ്പോള്‍ എല്ലാ ആറ് മാസം കൂടുമ്പോഴും എനിക്ക് റിവ്യൂ ഉണ്ട്," ജുവല്‍ പങ്കുവെച്ചു.
സൂപ്പർഹിറ്റ് റിയാലിറ്റി ഷോയായ 'ഡി 4 ഡാൻസ്' അവതാരകയെന്ന രീതിയില്‍ ശ്രദ്ധേയയായ ജുവല്‍, പിന്നീട് മമ്മൂട്ടിയുടെ നായികയായി 'ഉട്ടോപ്യയിലെ രാജാവ്', 'പത്തേമാരി' എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. തുടർന്ന് ഒരേ മുഖം, തൃശ്ശിവപേരൂർ ക്ലിപ്തം, അണ്ണാദുരൈ, ഞാൻ മേരിക്കുട്ടി, മാമനിതൻ, പാപ്പൻ, ക്ഷണികം, ആന്റണി, എ രഞ്ജിത്ത് സിനിമ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 'ഗെറ്റ്-സെറ്റ് ബേബി' എന്ന ചിത്രത്തിലാണ് ജുവല്‍ മേരി അവസാനമായി അഭിനയിച്ചത്.
ഒരു നിമിഷത്തെ വിവേകശൂന്യത കൊണ്ട് സംഭവിച്ചുപോയത്: കുറിപ്പുമായി ഹൻസിക കൃഷ്ണ

