ഹോം
ഞാന്‍ ചീത്തപറയും, അതെല്ലാം കേട്ട് സിറാജ് ചിരിച്ചുനില്‍ക്കും; ഇന്ത്യയുടെ ബൗളിങ് കോച്ച്

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്ബരയില്‍ ഇന്ത്യയ്ക്ക് ചരിത്രവിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് മുഹമ്മദ് സിറാജ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ അടക്കം നിരവധിപേര്‍ സിറാജിനെ പ്രശംസിച്ചിരുന്നു. ഒരു ബൗളര്‍ എന്ന നിലയില്‍ തന്റെ ബൗളിങ് മികച്ചതാക്കണമെന്നും തെറ്റുകള്‍ തിരുത്തപ്പെടണമെന്നും അതിയായി ആഗ്രഹിക്കുന്ന താരമാണ് സിറാജെന്ന് ഇന്ത്യയുടെ ബൗളിങ് കോച്ച് ഭാരത് അരുണ്‍.
ബൗളിങ് കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് അതിയായ ആഗ്രഹമുള്ള താരമാണ് സിറാജ്. ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നെറ്റ് ബൗളര്‍ ആയിരുന്ന സമയത്ത് തന്നെ തനിക്ക് സിറാജിന്റെ കഴിവിനെ കുറിച്ച് അറിയാമായിരുന്നു എന്നും ഭാരത് അരുണ്‍ പറഞ്ഞു. അരങ്ങേറ്റ ടെസ്റ്റ് പരമ്ബരയില്‍ മൂന്ന് കളികളില്‍ നിന്ന് 13 വിക്കറ്റാണ് സിറാജ് ഓസ്ട്രേലിയയില്‍ നേടിയത്.
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയാണ് സിറാജ് വളര്‍ന്നുവന്നത്. 2015 ല്‍ ഹൈദരബാദിനു വേണ്ടിയാണ് സിറാജ് ആദ്യമായി കളത്തിലിറങ്ങുന്നത്. 2016-17 കാലഘട്ടത്തിലാണ് ആഭ്യന്തര ക്രിക്കറ്റില്‍ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഭാരത് അരുണ്‍ ആയിരുന്നു അക്കാലത്ത് ഹൈദരബാദ് ബൗളിങ് പരിശീലകന്.
ഒന്നും മാറുന്നില്ല, വിരാട് തന്നെയായിരിക്കും ടെസ്റ്റ് ക്യാപ്റ്റന്‍; രഹാനെ
ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ എന്ന് അരങ്ങേറാന്‍ സാധിക്കുമെന്ന് സിറാജ് പലപ്പോഴും തന്നെ വിളിച്ച് ചോദിക്കാറുണ്ടെന്ന് അരുണ്‍ പറയുന്നു. ബൗളിങ് കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന ആഗ്രഹം ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന കാലംതൊട്ടേ സിറാജിനുണ്ടായിരുന്നു. കൂടുതല്‍ നന്നായി കളിക്കണമെന്ന ആഗ്രഹവും ലക്ഷ്യബോധവും ഉള്ള താരമാണ് സിറാജ് എന്നും അരുണ്‍ പറഞ്ഞു.
"ഞാന്‍ ആര്‍സിബി പരിശീലകന് ആയിരുന്ന സമയത്ത് സിറാജ് നെറ്റ് ബൗളര്‍ ആയിരുന്നു. സിറാജ് നല്ലൊരു ബൗളര്‍ ആണെന്ന് നെറ്റ്സില്‍ പരിശീലനം നടക്കുമ്ബോള്‍ ഞാന്‍ വിവിഎസ് ലക്ഷ്മണിനോട് പറഞ്ഞിട്ടുണ്ട്. പിന്നെ കുറേകാലം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ബൗളിങ് മെച്ചപ്പെട്ടിരുന്നു. പലപ്പോഴും സിറാജിന് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. അതെല്ലാം സിറാജ് പാലിക്കാറുണ്ട്. എന്നാല്‍, ചില സമയത്ത് അത് അങ്ങനെയല്ല. ചിലപ്പോള്‍ എല്ലാ പ്ലാനുകളും അദ്ദേഹം ലംഘിക്കും. അങ്ങനെ വരുമ്ബോള്‍ ഞാന്‍ സിറാജിനെ വഴക്ക് പറയും. സിറാജിന് ദേഷ്യം തോന്നാന്‍ വേണ്ടിയല്ല അത്. കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാനും തിരുത്തപ്പെടാനും വേണ്ടിയാണ് സിറാജിനോട് ഇതെല്ലാം പറയുന്നത്. ഞാന്‍ എപ്പോള്‍ ചീത്ത പറയുമ്ബോഴും സിറാജ് എന്നെ നോക്കി ചിരിച്ചുകൊണ്ടിരിക്കും. ഞാന്‍ ചീത്ത പറയുന്നത് അദ്ദേഹത്തിനു വളരെ ഇഷ്ടമാണ്," അരുണ്‍ പറഞ്ഞു.