ബോളിവുഡിലെ ഏറ്റവും പ്രിയങ്കരരായ താരദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. 2012-ല്‍ വിവാഹിതരായ ഇരുവരും തങ്ങളുടെ പതിനാലാം വിവാഹവാർഷികത്തിന്റെ നിറവിലാണ്.
വാർഷികാഘോഷത്തിന്റെ ഭാഗമായി നെറ്റ്ഫ്ലിക്സിലെ 'ദി ഗ്രേറ്റ് ഇന്ത്യൻ കപില്‍ ഷോ'യില്‍ ഇരുവരും അതിഥികളായി എത്തിയിരുന്നു. ഷോയ്ക്കിടെ കരീന കപൂറിന് നെയ്യിനോടുള്ള കടുത്ത ഭ്രമത്തെക്കുറിച്ച് സെയ്ഫ് നടത്തിയ വെളിപ്പെടുത്തലുകള്‍ സദസ്സില്‍ ചിരിപടർത്തി.
എപ്പോഴും ഇത്രയധികം ചെറുപ്പത്തോടും ഉന്മേഷത്തോടും ഇരിക്കുന്നതിന്റെ രഹസ്യമെന്താണെന്ന കപില്‍ ശർമ്മയുടെ ചോദ്യത്തോടെയാണ് രസകരമായ ഈ ചർച്ചയ്ക്ക് തുടക്കമായത്. തങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യത്തിലധികം നെയ്യ് ലഭിക്കുന്നുണ്ടെന്ന് സെയ്ഫ് പറഞ്ഞപ്പോള്‍, 'ഗോവർദ്ധൻ നെയ്യ്' എന്ന് കരീന ഓർമ്മിപ്പിച്ചു. മുൻപ് അമിതാഭ് ബച്ചൻ അവതാരകനായ 'കോൻ ബനേഗാ ക്രോർപതി'യില്‍ പങ്കെടുത്ത സെയ്ഫ്, രണ്ടു വർഷത്തേക്ക് സൗജന്യമായി ഉപയോഗിക്കാനുള്ള നെയ്യ് സമ്മാനമായി നേടിയിരുന്നു. ഇതുകണ്ട് ഒരു കൊച്ചുകുട്ടിയെപ്പോലെ ആവേശഭരിതനായ സെയ്ഫിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലും ഏറെ ശ്രദ്ധ നേടിയിരുന്നു.
തങ്ങളുടെ വീട്ടില്‍ എല്ലാവരും ഭക്ഷണത്തില്‍ ധാരാളമായി നെയ്യ് ഉള്‍പ്പെടുത്താറുണ്ടെന്നും കുട്ടികളും തങ്ങളും നെയ്യ് കഴിക്കാറുണ്ടെന്നും കരീന പറഞ്ഞു. എന്നാല്‍, കരീന നെയ്യ് കഴിക്കുക മാത്രമല്ല ചെയ്യുന്നതെന്ന രഹസ്യമാണ് സെയ്ഫ് വെളിപ്പെടുത്തിയത്. "ഇവള്‍ നെയ്യ് കഴിക്കുക മാത്രമല്ല, രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപ് കാലടിയില്‍ നെയ്യ് തേച്ചുപിടിപ്പിക്കുകയും ചെയ്യും." നല്ല ശാന്തമായ ഉറക്കം കിട്ടാൻ വേണ്ടിയാണ് ഇതെന്നായിരുന്നു കരീനയുടെ വിശദീകരണം. എന്നാല്‍ "ഒന്ന് ആലോചിച്ചു നോക്കൂ, എത്ര റൊമാന്റിക് ആയ കാര്യമാണിത്; എല്ലാ രാത്രിയിലും ഞങ്ങളുടെ ബെഡ് റൂമില്‍ കയറിയാല്‍ ഒരു ധാബയുടെ മണമായിരിക്കും!" എന്നാണ് തമാശയായി സെയ്ഫ് കൂട്ടിച്ചേർത്തത്.
വിവാഹവാർഷികത്തോടനുബന്ധിച്ച് ഇൻസ്റ്റാഗ്രാമിലും കരീന മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഡേറ്റിംഗ് നാളുകള്‍ മുതലുള്ളതും അവധിക്കാല യാത്രകളിലെയും മക്കളായ തൈമൂർ, ജഹാംഗീർ എന്നിവർക്കൊപ്പമുള്ളതുമായ അപൂർവ്വ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.
2012-ലാണ് സെയ്ഫ് അലി ഖാനും കരീന കപൂറും വിവാഹിതരായത്. ഇവർക്ക് തൈമൂർ (9), ജഹാംഗീർ (5) എന്നിങ്ങനെ രണ്ട് ആണ്‍മക്കളുണ്ട്. മുൻഭാര്യ അമൃത സിംഗില്‍ സെയ്ഫിന് സാറ അലി ഖാൻ (31), ഇബ്രാഹിം അലി ഖാൻ (25) എന്നീ രണ്ട് മക്കളുമുണ്ട്. കുട്ടികള്‍ പരസ്പരം വളരെ അടുത്ത സ്നേഹബന്ധം പുലർത്തുന്നുണ്ട്. കരീന തനിക്ക് ഒരു "സുഹൃത്തിനെപ്പോലെ"യാണെന്ന് സാറ കോഫി വിത്ത് കരണില്‍ മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.

