വാഷിംഗ്ടണ്‍: ലെബനനില്‍ ഇസ്രയേല്‍ സൈനിക നടപടി ശക്തമാക്കിയതിനെത്തുടർന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ താൻ ഭ്രാന്തൻ എന്ന് വിളിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഇറാനുമായുള്ള സമാധാന ചർച്ചകളെ തടസപ്പെടുത്തുന്ന രീതിയില്‍ ബെയ്റൂട്ടില്‍ ഇസ്രായേല്‍ തുടരുന്ന സൈനിക ആക്രമണങ്ങളില്‍ താൻ ചെറിയ തോതില്‍ അസ്വസ്ഥനായിരുന്നു എന്നും പോഡ്‌കാസ്റ്റിലൂടെ ട്രംപ് വ്യക്തമാക്കി.
സംഭാഷണത്തിനിടെ ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായെന്ന് ട്രംപ് സമ്മതിച്ചെങ്കിലും, നെതന്യാഹുവുമായുള്ള തന്റെ ബന്ധം ഇപ്പോഴും ശക്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുവർക്കും പരസ്പരം നന്നായി മനസ്സിലാക്കാൻ സാധിക്കുന്നത് ഇരുവരും യുദ്ധകാല നേതാക്കളായതുകൊണ്ടാണെന്നും ട്രംപ് പറഞ്ഞു. ഫോണ്‍ കോളില്‍ നെതന്യാഹുവിനെ കടുത്ത ഭാഷയില്‍ അധിക്ഷേപിച്ചോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയ്ക്ക് വീണ്ടും ട്രംപിന്റെ പണി; 12.5% അധിക തീരുവ ചുമത്താൻ നീക്കം
"ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ട്. അതിനെ അത്രയ്ക്ക് ദേഷ്യപ്പെട്ടെന്ന് പറയില്ല. ലെബനനുമായി അദ്ദേഹം നിരന്തരം യുദ്ധം ചെയ്യുന്നതില്‍ ഞാൻ ചെറിയ രീതിയില്‍ അസ്വസ്ഥനായിരുന്നു," ന്യൂയോർക്ക് പോസ്റ്റിന്റെ പോഡ് ഫോഴ്സ് വണ്‍ എന്ന പോഡ്‌കാസ്റ്റില്‍ സംസാരിക്കവെയാണ് ട്രംപ് പറഞ്ഞു. താൻ ഇല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ഇസ്രായേല്‍ എന്നൊരു രാജ്യം തന്നെ ഉണ്ടാകുമായിരുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം, തങ്ങള്‍ ഒന്നിച്ച് വളരെ മികച്ച രീതിയിലാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും നെതന്യാഹുവിനെ ഒരുപാട് ഇഷ്ടമാണെന്നും ട്രംപ് വ്യക്തമാക്കി. നെതന്യാഹുവുമായി ചേർന്ന് പ്രവർത്തിക്കാൻ എളുപ്പമാണെന്നും, യുഎസ് പ്രസിഡന്റ് പറഞ്ഞു.
നെതന്യാഹുവിനെ ട്രംപ് കടുത്ത ഭാഷയില്‍ വിമർശിച്ചതായി നേരത്തെ റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. "നിനക്ക് ഭ്രാന്താണ്. ഞാൻ ഇല്ലായിരുന്നെങ്കില്‍ നീ ഇപ്പോള്‍ ജയിലില്‍ കിടക്കേണ്ടി വന്നേനെ. ഞാൻ നിന്റെ ജീവൻ രക്ഷിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ഈ നടപടികള്‍ കാരണം എല്ലാവരും നിന്നെ വെറുക്കുന്നു. എല്ലാവരും ഇസ്രയേലിനെയും വെറുക്കുന്നു," എന്ന് ട്രംപ് പറഞ്ഞതായി യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ടു ചെയ്തിരുന്നു.

