ദുബായ്: ദുബായിയെ ഞെട്ടിച്ച് സ്ഫോടന പരമ്പര. ഇന്ന് പുലർച്ചെ തെക്കൻ ദുബായിലെ ജബല്‍ അലി ഇൻഡസ്ട്രിയല്‍ സോണിലും തുറമുഖത്തും ഒന്നിലധികം സ്ഫോടനങ്ങളും അതിനെത്തുടർന്ന് കറുത്ത പുകയും ഉയർന്നതായാണ് റിപ്പോർട്ട്.
20 മിനിറ്റിനുള്ളില്‍ കുറഞ്ഞത് ഏഴ് സ്ഫോടനങ്ങളെങ്കിലും ഉണ്ടായതായി യു.എ.ഇ അധികൃതർ സ്ഥിരീകരിച്ചെന്ന് മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന്റെ കാരണം വെളിപ്പെടുത്താൻ അധികൃതർ തയ്യാറായിട്ടില്ല. കൂടാതെ, ദൃശ്യങ്ങള്‍ വീഡിയോയില്‍ പകർത്തിയതിന് രണ്ട് പേരെ സംഭവസ്ഥലത്തു നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ജബല്‍ അലി തുറമുഖത്തിന്റെ പരിസരത്ത് നിന്ന് വലിയ തോതില്‍ കറുത്ത പുക ഉയരുന്നത് കാണിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതായി ഇറാനിയൻ മാധ്യമമായ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. യമനില്‍ നിന്നുള്ള മിസൈല്‍ ആക്രമണവുമായി ഈ സ്ഫോടനങ്ങള്‍ക്ക് ബന്ധമുണ്ടെന്നാണ് ചില ഇറാഖി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍, ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
തുറമുഖത്തിന് സമീപമുള്ള ഇന്ധന സംഭരണശാലയില്‍ തീപിടുത്തമുണ്ടായെന്ന് നാസയുടെ തെർമല്‍ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതായി മെഹർ റിപ്പോർട്ട് ചെയ്തു. മേഖലയിലെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിലൊന്നും ജബല്‍ അലി ഫ്രീ സോണും (ജാഫ്സ) ഉള്‍ക്കൊള്ളുന്ന തന്ത്രപ്രധാനമായ ഒരു ലോജിസ്റ്റിക്സ്, വ്യാപാര കേന്ദ്രമാണ് ജബല്‍ അലി.
150-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 11,000-ത്തിലധികം കമ്പനികളാണ് ജാഫ്സ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്. മാത്രമല്ല, പ്രധാന ഹൈവേകളുമായും അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളവുമായും ബന്ധപ്പെട്ടിരിക്കുന്ന മേഖല കൂടിയാണിത്. അമേരിക്കയും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന തർക്കങ്ങള്‍ കാരണം ഗള്‍ഫ് മേഖലയില്‍ വലിയ സംഘർഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഈ സമയത്താണ് ദുബായില്‍ സ്ഫോടനങ്ങള്‍ ഉണ്ടായിരിക്കുന്നത്.
മേഖലയിലെ യു.എസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഉണ്ടായേക്കാൻ സാധ്യതയുള്ളതിനാല്‍ സമീപ മാസങ്ങളില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സ് വലിയ തോതിലുള്ള സുരക്ഷാ മുൻകരുതലുകള്‍ ശക്തമാക്കിയിട്ടുണ്ട്.

