Neymar Brazil vs Panama: ഇതിഹാസ താരങ്ങളായ മെസിയേയും റൊണാള്‍ഡോയേയും പോലെ നെയ്മർ കളത്തിലിറങ്ങുമ്പോഴും അവിശ്വസനീയമായ നീക്കങ്ങളിലൊന്ന് ഏത് നിമിഷവും വന്നേക്കുമെന്ന പ്രതീക്ഷ ഫുട്ബോള്‍ ആരാധകർക്കുള്ളിലുണ്ട്.
പരിക്ക് ഭീഷണിയാവുന്നുണ്ടെങ്കിലും നെയ്മർ ലോകകപ്പില്‍ ബ്രസീലിന് വേണ്ടി കളിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. കളിക്കുന്നില്ലെങ്കില്‍ പോലും എത്രമാത്രം വിലപ്പെട്ട താരമാണ് നെയ്മർ എന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ ആണ് മാറക്കാനയില്‍ കണ്ടത്.
ഇന്ന് നടന്ന മത്സരത്തില്‍ പനാമയെ 6-2ന് ബ്രസീല്‍ തകർത്തുവിട്ടിരുന്നു. കാല്‍വണ്ണയ്ക്കേറ്റ പരിക്കിനെ തുടർന്ന് നെയ്മർ പ്രതീക്ഷിച്ചിരുന്നത് പോലെ കളത്തില്‍ ഇറങ്ങിയില്ല. എങ്കിലും എതിർ ടീമിലെ കളിക്കാർക്കിടയില്‍ ഏറ്റവും വലിയ ആകർഷണ കേന്ദ്രമായി മാറിയത് ഈ ബ്രസീലിയൻ ഫോർവേർഡ് ആയിരുന്നു.
മത്സരം അവസാനിച്ചതിന് ശേഷം, ഒരു മിനിറ്റ് പോലും കളിക്കളത്തില്‍ ഇറങ്ങിയില്ലെങ്കിലും നെയ്മർ തന്നെയായിരുന്നു പ്രധാന ശ്രദ്ധാകേന്ദ്രം. മുൻ ബാഴ്‌സലോണ താരം കൂടിയായ നെയ്മർക്കൊപ്പം ഫോട്ടോയെടുക്കാൻ പനാമ കളിക്കാരും സപ്പോർട്ട് സ്റ്റാഫും നിരനിരയായി തിരക്ക് കൂട്ടി എത്തി. നെയ്മർ ആകട്ടെ തികഞ്ഞ സ്നേഹത്തോടെ അവരുടെ കൂടെ നില്‍ക്കുകയും നിരവധി തവണ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.
34 കാരനായ നെയ്മർ 2023 ഒക്ടോബറിന് ശേഷം ബ്രസീലിനായി കളിച്ചിട്ടില്ല. എന്നാല്‍ ജൂണ്‍ 11 ന് ആരംഭിക്കുന്ന 2026 ലെ ഫിഫ ലോകകപ്പോടെ അതിന് മാറ്റമുണ്ടാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ബ്രസീല്‍ ടീമിന്റെ പരിശീലകൻ കാർലോ ആൻസലോട്ടി നെയ്മറെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കാല്‍വണ്ണയിലെ പരിക്ക് കാരണം ജൂണ്‍ 13ന് മൊറോക്കോയ്‌ക്കെതിരെ നടക്കുന്ന ആദ്യ മത്സരം നെയ്മറിന് നഷ്ടമാകും.
വിനിയുടെ കുതിപ്പ്
പനാമയ്ക്കെതിരെ ആധിപത്യം പുലർത്തി കളിച്ചത് ബ്രസീലിന്റെ റയല്‍ മാഡ്രിഡ് താരം വിനിഷ്യസ് ജൂനിയർ ആയിരുന്നു. ആദ്യ മിനിറ്റില്‍ തന്നെ അതിശയകരമായ ഒരു ഗോള്‍ വിനിയില്‍ നിന്ന് വന്നു.
പിന്നാലെ കാസെമിറോയ്ക്ക് ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തതു. മാഡ്രിഡിലേക്ക് മാറുന്നതിന് മുൻപ് ഫ്ലെമെംഗോയ്ക്ക് വേണ്ടി മാറക്കാനയില്‍ കളിച്ചിട്ടുള്ള വിനീഷ്യസിന് ഈ മത്സരം സ്പെഷ്യലായിരുന്നു.
പനാമയുടെ ഒരു മുന്നേറ്റം കാസെമിറോ തടഞ്ഞപ്പോള്‍ ലഭിച്ച പന്തുമായി വിനീഷ്യസ് കുതിക്കുകയായിരുന്നു. പനാമയുടെ ഗോള്‍ പോസ്റ്റിലേക്ക് ഓടിക്കയറിയ വിനി ബോക്സിന്റെ അരികില്‍ നിന്ന് ടോപ്പ് ലെഫ്റ്റ് കോർണറിലേക്ക് പന്ത് അടിച്ചുകയറ്റി.
13-ാം മിനിറ്റില്‍ മാത്യൂസ് കുൻഹയുടെ സെല്‍ഫ് ഗോള്‍ പനാമയ്ക്ക് സമനില നേടിക്കൊടുത്തു. എന്നാല്‍ വൈകാതെ തന്നെ രണ്ട് ഡിഫൻഡർമാരെ വെട്ടിച്ച് വിനീഷ്യസ് നല്‍കിയ ക്രോസ് കാസെമിറോ ഹെഡറിലൂടെ ഗോളാക്കി മാറ്റിയതോടെ ബ്രസീല്‍ വീണ്ടും മുന്നിലെത്തി.
റയാൻ, ലൂക്കാസ് പാക്വേറ്റ, ഇഗോർ തിയാഗോ, ഡാനിലോ എന്നിവരും ഓരോ ഗോള്‍ വീതം നേടിയതോടെ ബ്രസീല്‍ 6-2 ന് വിജയം ഉറപ്പിച്ചു. കാർലോസ് ഹാർവിയിലൂടെയായിരുന്നു പനാമയുടെ രണ്ടാം ഗോള്‍ പിറന്നത്.
ലോകകപ്പില്‍ ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന എന്നിവർക്കൊപ്പം ഗ്രൂപ്പ് എല്‍-ലാണ് (Group L) പനാമ ഉള്‍പ്പെട്ടിരിക്കുന്നത്. ബ്രസീല്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് സിയില്‍ ഹെയ്തിയും സ്കോട്ട്‌ലൻഡുമാണുള്ളത്.

