ഫുട്ബോളിനോടുള്ള തന്റെ ഇഷ്ടം പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന താരമാണ് മുരളി ഗോപി. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി ഈ ഫുട്ബോള്‍ സീസണില്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.
ഇത്തവണ ലോക ഫുട്ബോളിലെ ശക്തരായ അർജന്റീനയുടെ പ്രകടനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ആരാധകർക്കിടയില്‍ ചർച്ചയാകുന്നത്.
അർജന്റീന ജഴ്സിയണിഞ്ഞ ഒരു ഫുട്ബോള്‍ താരത്തിന്റെ ആർട്ടിസ്റ്റിക് ചിത്രത്തിനൊപ്പമാണ് മുരളി ഗോപി തന്റെ കുറിപ്പ് പങ്കുവെച്ചത്. അർജന്റീനയുടെ കളി കാണുന്നത് ഏറ്റവും 'മോഹിപ്പിക്കുന്ന അനുഭവങ്ങളില്‍ ഒന്നാണ്' എന്നാണ് അദ്ദേഹം കുറിക്കുന്നത്.
"അർജന്റീന കളിക്കുന്നത് കാണുന്നതിലെ ഏറ്റവും ആകർഷകമായ അനുഭവങ്ങളിലൊന്ന്, ഒരു മത്സരം തികച്ചും സാങ്കല്‍പ്പികമായൊരു കഥയാക്കി മാറ്റാനുള്ള അവരുടെ കഴിവാണ്. ഒരു നിമിഷം എല്ലാം നിരാശകൊണ്ട് നിറഞ്ഞതായി തോന്നും. അടുത്ത നിമിഷം, ഒഡീസ്യസിന്റെ സാഹസിക യാത്രകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള ആവേശത്തിന്റെ ഉച്ചകോടിയിലേക്ക് അവർ പ്രേക്ഷകരെ കൊണ്ടുപോകും. Viva la Creativity!" എന്നായിരുന്നു മുരളി ഗോപിയുടെ വാക്കുകള്‍.
അർജന്റീനയുടെ മത്സരങ്ങളിലെ അപ്രതീക്ഷിത ട്വിസ്റ്റുകളും അവസാന നിമിഷം വരെ നീളുന്ന ആവേശവുമാണ് ഈ കുറിപ്പിലൂടെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. കളിയെ ഒരു സാഹിത്യാനുഭവത്തോടും ഫിക്ഷനോടും ഉപമിച്ച അദ്ദേഹത്തിന്റെ ഭാഷാശൈലിയും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.
പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ ഫുട്ബോള്‍ ആരാധകരും സിനിമാപ്രേമികളും വലിയ തോതില്‍ പ്രതികരണങ്ങളുമായി എത്തി. "ഇത് അർജന്റീന ആരാധകരുടെ വികാരം തന്നെയാണ്", "കളിയെ ഇത്ര മനോഹരമായി വിവരിക്കാൻ മുരളി ഗോപിക്കേ കഴിയൂ" തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.
സിനിമയിലെ ശക്തമായ എഴുത്തിനൊപ്പം സാഹിത്യവും ചരിത്രവും കായികലോകവും ഇടകലർത്തിയുള്ള ചിന്തകള്‍ പങ്കുവെക്കുന്നതിലൂടെ ശ്രദ്ധേയനായ മുരളി ഗോപിയുടെ ഈ കുറിപ്പും സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറലായിരിക്കുകയാണ്. ആരാധകരുടെ ഭാഷയില്‍ പറഞ്ഞാല്‍, അർജന്റീനയുടെ കളിയിലെ നാടകീയതയെ ഏറ്റവും മനോഹരമായി വാക്കുകളാക്കിയിരിക്കുകയാണ് മുരളി ഗോപി.

