Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ഒരു പ്രത്യേക വിഷയത്തില്‍ ധാരണയായില്ല'; സോണിയയുടെ പുസ്തകത്തില്‍ പ്രസാധകരുടെ ഇടപെടല്‍, തിരുത്തല്‍ നിര്‍ദ്ദേശങ്ങള്‍ വിവാദത്തില്‍

'ഒരു പ്രത്യേക വിഷയത്തില്‍ ധാരണയായില്ല'; സോണിയയുടെ പുസ്തകത്തില്‍ പ്രസാധകരുടെ ഇടപെടല്‍, തിരുത്തല്‍ നിര്‍ദ്ദേശങ്ങള്‍ വിവാദത്തില്‍

സോണിയ ഗാന്ധിയുടെ പുസ്തകത്തില്‍ നിന്നുള്ള നിരവധി അധ്യായങ്ങളില്‍ മാറ്റങ്ങളും ഒഴിവാക്കലുകളും പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയുടെ (പിആർഎച്ച്‌ഐ) അഭിഭാഷകർ നിർദ്ദേശിച്ചിരുന്നതായി റിപ്പോർട്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രസാധന കരാർ റദ്ദാകുന്നതിന് മുൻപ്, കുറഞ്ഞത് രണ്ട് മാസത്തോളമെങ്കിലും നീണ്ടുനിന്ന ചർച്ചകളില്‍ അവർ തയ്യാറാക്കിയ നിർദ്ദേശങ്ങളുടെ പട്ടിക ലേഖികയ്ക്ക് അയച്ചുനല്‍കിയിരുന്നു.

ആദ്യഘട്ടത്തില്‍ ഈ ചർച്ചകള്‍ സൗഹാർദ്ദപരമായിരുന്നെങ്കിലും അവസാനത്തോടടുത്ത് കടുപ്പമേറിയതായി മാറിയെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കി. പെൻഗ്വിൻ റാൻഡം ഹൗസിന്റെ പ്രസാധന വിഭാഗമായ ആല്‍ഫ്രഡ് എ നോഫ് ആണ് "ബിലോംഗിംഗ്" എന്ന പുസ്തകത്തിന്റെ ആഗോള പ്രസാധകർ. എന്നാല്‍ ഇതിന്റെ ഇന്ത്യയിലെ പ്രസാധന ചുമതലയും വിതരണവും പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയ്ക്കായിരുന്നു. നവംബർ 10-ന് നിശ്ചയിച്ചിരുന്ന പുസ്തക പ്രകാശനം ആദ്യം പ്രഖ്യാപിച്ചത് നോഫ് ആണ്. പുസ്തകത്തിന്റെ ആദ്യ പതിപ്പില്‍ ലക്ഷം കോപ്പികള്‍ അച്ചടിക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു.

എതിർക്കപ്പെട്ട ഭാഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും അദ്ദേഹത്തിന്റെ 12 വർഷത്തെ ഭരണത്തെക്കുറിച്ചുമുള്ള പരാമർശങ്ങള്‍, ആർ.എസ്.എസ്സിന്റെ പങ്ക്, വർഗീയ ധ്രുവീകരണത്തിന്റെയും കലാപങ്ങളുടെയും ഉദാഹരണങ്ങള്‍, ന്യൂനപക്ഷങ്ങളുടെ ദുരിതങ്ങള്‍ എന്നിവ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് മനസ്സിലാക്കുന്നു.

സോണിയയെ പ്രതിനിധീകരിച്ച്‌ രാജീവ് ഗാന്ധിയുടെ സഹായിയുടെ ഭാര്യയും കുടുംബസുഹൃത്തുമായ വ്യക്തിയാണ് പുസ്തകത്തില്‍ പ്രവർത്തിച്ചത്. പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയുടെ ഭാഗത്തുനിന്ന് കണ്‍സള്‍ട്ടന്റുമാർ അടക്കം കുറഞ്ഞത് മൂന്ന് എഡിറ്റർമാരുടെ സംഘം ഉണ്ടായിരുന്നു.

എഴുത്തുകാരിയുടെ ഭാഗത്തുനിന്നും പ്രധാനമായും രണ്ട് വാദങ്ങളാണ് ഉയർന്നത്. ഒന്ന്, പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ അഭിഭാഷകർ അമിതമായി ആശങ്കപ്പെടുകയാണ്. രണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള പരാമർശങ്ങള്‍ അല്ലെങ്കില്‍ ഗാല്‍വാനിലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷം പോലുള്ള സമകാലിക സംഭവങ്ങള്‍ ഉള്‍പ്പെടെ അവർ നിർദ്ദേശിച്ച ധാരാളം തിരുത്തലുകളും ഒഴിവാക്കലുകളും നടപ്പിലാക്കിയാല്‍, പുസ്തകത്തിന് രണ്ട് പതിപ്പുകള്‍ ഉണ്ടാകുന്ന വിചിത്ര സാഹചര്യമുണ്ടാകും — ആഗോള പതിപ്പും ഇന്ത്യൻ പതിപ്പും തമ്മില്‍ വ്യത്യാസമുണ്ടാകും.

"ഇന്ത്യൻ പതിപ്പില്‍ എന്ത് മാറ്റങ്ങളാണ് വരുത്തിയതെന്നും എന്തൊക്കെയാണ് സെൻസർ ചെയ്തതെന്നും അറിയാൻ ഇന്ത്യൻ വായനക്കാർക്ക് ആഗോള പതിപ്പും ഇന്ത്യൻ പതിപ്പും തമ്മില്‍ താരതമ്യം ചെയ്യേണ്ടിവരും," ഇതില്‍ പങ്കാളിയായ ഒരു വൃത്തം പറഞ്ഞു.

എന്തുകൊണ്ടാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത് മാറ്റിവെച്ചതെന്നും എന്തൊക്കെ മാറ്റങ്ങള്‍/ഒഴിവാക്കലുകള്‍ ആണ് നിർദ്ദേശിച്ചതെന്നും അന്വേഷിച്ച്‌ ദി ഇന്ത്യൻ എക്സ്പ്രസ് അയച്ച ചോദ്യങ്ങള്‍ക്ക് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ മറുപടി നല്‍കിയില്ല. എന്നിരുന്നാലും തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ബാഹ്യസമ്മർദ്ദങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് കമ്പനി വ്യക്തമാക്കി.

"എഴുത്തുകാരിയുടെ പ്രതിനിധികളുമായുള്ള ചർച്ചകളില്‍ നിരവധി കാര്യങ്ങള്‍ ചർച്ച ചെയ്യപ്പെട്ടു. ചില കാര്യങ്ങളില്‍ അവർ മാറ്റങ്ങള്‍ക്ക് സമ്മതിച്ചു, മറ്റു ചിലതില്‍ എഴുത്തുകാരിയുടെ നിലപാട് ഞങ്ങള്‍ അംഗീകരിച്ചു. എന്നാല്‍ നിർഭാഗ്യവശാല്‍ ഒരു പ്രത്യേക വിഷയത്തില്‍ ധാരണയിലെത്താൻ സാധിച്ചില്ല. തുടർന്നാണ് പ്രസാധനവുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെന്ന് എഴുത്തുകാരിയുടെ സംഘം ഞങ്ങളെ അറിയിച്ചതും ഞങ്ങള്‍ ആ തീരുമാനത്തെ ബഹുമാനിച്ചതും. കരാറിന്റെ പരിധിയില്‍പ്പെടുന്നതിനാലും എഴുത്തുകാരിയുടെ രഹസ്യാത്മകത ഞങ്ങള്‍ക്ക് പരമപ്രധാനമായതിനാലും തടസ്സത്തിന് കാരണമായ വിവരങ്ങള്‍ ഞങ്ങള്‍ വെളിപ്പെടുത്തില്ല." പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ അറിയിച്ചു.

ഡല്‍ഹിയില്‍ വീണ്ടും ഞെട്ടിക്കുന്ന ക്രൂരത; സ്ലീപ്പർ ബസില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു, ബസ് നിർത്താതെ ഓടിയത് 47 കി.മീ

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam