കഴിഞ്ഞ ഏതാനും ആഴ്ചകളായി തന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് നേരിടുന്ന വിമർശനങ്ങളോട് പ്രതികരിച്ച് നടൻ ധ്രുവ് വിക്രം.
ആരെയും പേരെടുത്ത് പരാമർശിക്കാനോ ഏതെങ്കിലും ബന്ധത്തെക്കുറിച്ച് നേരിട്ട് സംസാരിക്കാനോ ധ്രുവ് തയ്യാറായില്ലെങ്കിലും, 'നിങ്ങള്‍ സ്നേഹിക്കുന്നവരെയും നിങ്ങള്‍ക്ക് പ്രധാനപ്പെട്ടതോ ഒരുകാലത്ത് പ്രധാനപ്പെട്ടിരുന്നതോ ആയ എല്ലാ കാര്യങ്ങളെയും ശക്തമായി സംരക്ഷിക്കണം,' എന്ന ധ്രുവിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
ഇന്ത്യ ടുഡേ തമിഴ് റൗണ്ട്‌ടേബിള്‍ പരിപാടിയിലായിരുന്നു വ്യക്തിജീവിതത്തെ ചുറ്റിപ്പറ്റിയുള്ള നിരീക്ഷണങ്ങളെ എങ്ങനെയാണ് നേരിടുന്നത് എന്നതിനെ കുറിച്ച് ധ്രുവ് സംസാരിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി തനിക്കുനേരെയുണ്ടായ പൊതുശ്രദ്ധയെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധ്രുവ്.
'സത്യസന്ധമായി പറഞ്ഞാല്‍, അത് എന്നെ ഒരിക്കലും ബാധിച്ചിട്ടില്ലെന്ന് പറയാനാകില്ല. എന്നാല്‍ യാഥാർഥ്യത്തില്‍ ഉറച്ചുനില്‍ക്കുക എന്നത് പ്രധാനമാണ്. നിങ്ങള്‍ ആരാണെന്നും എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും അറിയണം. നിങ്ങള്‍ സ്നേഹിക്കുന്നവരെയും നിങ്ങള്‍ക്ക് പ്രധാനപ്പെട്ടതോ ഒരുകാലത്ത് പ്രധാനപ്പെട്ടിരുന്നതോ ആയ എല്ലാ കാര്യങ്ങളെയും ശക്തമായി സംരക്ഷിക്കണം,' ധ്രുവ് പറഞ്ഞു.
ഒരുകാലത്ത് പ്രധാനപ്പെട്ടിരുന്നതൊന്നും മറക്കരുതെന്ന ധ്രുവിന്റെ പരാമർശമാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ നേടുന്നത്. എന്നാല്‍ ഈ വാക്കുകള്‍ ഏതെങ്കിലും വ്യക്തിയെയോ ബന്ധത്തെയോ ഉദ്ദേശിച്ചുള്ളതാണെന്ന് ധ്രുവ് വ്യക്തമാക്കിയിട്ടില്ല. വ്യക്തിജീവിതത്തെക്കുറിച്ചുള്ള പൊതുചർച്ചകളെ എങ്ങനെ നേരിടുന്നുവെന്നതിലാണ് ധ്രുവ് തന്റെ നിലപാട് വ്യക്തമാക്കിയത്.
സത്യത്തിനൊപ്പം നില്‍ക്കുമ്പോള്‍ പുറത്തുനിന്നുള്ള നിരീക്ഷണങ്ങള്‍ക്ക് ഒരു പരിധിക്കപ്പുറം സ്വാധീനിക്കാൻ കഴിയില്ലെന്നും ധ്രുവ് വ്യക്തമാക്കി.
'നിങ്ങള്‍ സത്യത്തിനൊപ്പം നില്‍ക്കുകയും നിങ്ങളെ നിലനിർത്തുന്ന കാര്യങ്ങള്‍ എന്താണെന്ന് അറിയുകയും ചെയ്യുമ്പോള്‍, പുറത്തുനിന്നുള്ള നിരീക്ഷണങ്ങള്‍ക്ക് ഒരു പരിധിക്കപ്പുറം പോകാനാകില്ല. പതിയെ നിങ്ങള്‍ നിങ്ങളുടെ തന്നെ ഒരു സൈന്യമായി മാറും. നിങ്ങള്‍ക്ക് നിങ്ങളുടേതായ ഒരു ലോകമുണ്ടാകും. സ്വയം മനസിലാക്കാനും മെച്ചപ്പെടുത്താനുമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കും. നിങ്ങളുടെ ലോകത്തെ കഴിയുന്നത്ര സംരക്ഷിക്കും,' ധ്രുവ് പറഞ്ഞു.
ഇൻസ്റ്റഗ്രാമില്‍ ധ്രുവിന്റെ സാന്നിധ്യം വളരെ കുറവാണെന്ന കാര്യവും അഭിമുഖത്തില്‍ ചർച്ചയായി. തനിക്ക് സ്വകാര്യ അക്കൗണ്ടുണ്ടോ എന്ന കാര്യം പോലും ആരാധകർക്ക് അറിയില്ലെന്ന് തമാശരൂപേണ പറഞ്ഞ താരം, സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ബോധപൂർവമായ തീരുമാനമല്ലെന്നും വ്യക്തമാക്കി.
'എനിക്ക് എഡിറ്റുകള്‍ ചെയ്യാനും കാര്യങ്ങള്‍ ഷൂട്ട് ചെയ്യാനും ഒരുപാട് ഇഷ്ടമാണ്. അച്ഛനെയും വളർത്തുമൃഗങ്ങളെയുമൊക്കെ ഷൂട്ട് ചെയ്യാറുണ്ട്. ഒരുപാട് എഡിറ്റുകള്‍ ഞാൻ ചെയ്യാറുണ്ട്, പക്ഷേ അവ പോസ്റ്റ് ചെയ്യാറില്ല,' ധ്രുവ് പറഞ്ഞു.
സംഗീതത്തിനൊപ്പം വീഡിയോകള്‍ എഡിറ്റ് ചെയ്യുന്നത് നേരത്തേ മുതലേ ഇഷ്ടമാണെന്നും ധ്രുവ് കൂട്ടിച്ചേർത്തു. 'സോഷ്യല്‍ മീഡിയയുമായി നമ്മളെല്ലാവരും ഒരു കാലത്ത് ഒരുപാട് സമയം ചെലവഴിച്ചിട്ടുണ്ട്. ഇപ്പോള്‍ അത് ലോകത്തിന്റെ മുഴുവൻ ടൗണ്‍ സെന്റർ പോലെയാണ്. സിനിമയുടെ പ്രമോഷൻ സമയത്ത് ഞാൻ കൂടുതല്‍ സജീവമാകും. അല്ലാത്തപ്പോള്‍ വായനയിലേക്കോ സംഗീതത്തിലേക്കോ ഞാൻ മാറും. അതൊരു ബോധപൂർവമായ തീരുമാനമല്ല,' ധ്രുവ് വ്യക്തമാക്കി.
അനുപമയുടെ വെളിപ്പെടുത്തലിന് പിന്നാലെ ചർച്ചകള്‍
മാരി സെല്‍വരാജിന്റെ 'ബൈസണ്‍ കാളമാടൻ' ചിത്രത്തില്‍ ധ്രുവിനൊപ്പം അഭിനയിച്ച അനുപമ പരമേശ്വരൻ അടുത്തിടെ 'ഐ ആം വിത്ത് ധന്യ വർമ്മ' എന്ന പരിപാടിയില്‍ മുൻകാല ബന്ധത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് ധ്രുവിന്റെ വ്യക്തിജീവിതവും സോഷ്യല്‍ മീഡിയയില്‍ ചർച്ചയായത്.
രണ്ട് വർഷത്തോളം നീണ്ട ബന്ധത്തില്‍ സ്നേഹപ്രകടനങ്ങള്‍ക്ക് പിന്നാലെ ക്രൂരമായ പെരുമാറ്റം ആവർത്തിച്ചിരുന്നുവെന്നും ഇതിന്റെ ഫലമായി കടുത്ത മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ നേരിട്ടുവെന്നും അനുപമ പറഞ്ഞിരുന്നു. മുൻ പങ്കാളിയുടെ വ്യത്യസ്ത സ്വഭാവങ്ങളെ തമിഴ് സിനിമയിലെ 'അന്യൻ' എന്ന കഥാപാത്രവുമായി താരതമ്യം ചെയ്തായിരുന്നു അനുപമയുടെ വിവരണം. ബന്ധത്തിനിടെ തനിക്ക് വലിയ തോതില്‍ ഭാരം നഷ്ടപ്പെട്ടതായും അനുപമ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അഭിമുഖത്തില്‍ അവർ മുൻ പങ്കാളിയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല.
ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ആ വ്യക്തി ധ്രുവ് വിക്രം ആണെന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ വ്യാപകമായത്. എന്നാല്‍ അനുപമയോ ധ്രുവോ അവരുടെ പ്രതിനിധികളോ ഇരുവരും തമ്മില്‍ പ്രണയബന്ധമുണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

