തിരുവനന്തപുരം: കേരളത്തില്‍ കാലവർഷം വൈകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധാരണയായി ജൂണ്‍ ഒന്നിനാണ് രാജ്യത്ത് കാലവർഷത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് കേരളത്തില്‍ മഴയെത്തുന്നത്.
എന്നാല്‍ ഇത്തവണ ഏഴു ദിവസം വരെ കാലവർഷം വൈകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വരും ആഴ്ചകളില്‍ കേരളവും തമിഴ്‌നാടും ഉള്‍പ്പെടുന്ന ഇന്ത്യയുടെ തെക്കൻ ഭാഗത്തേക്ക് തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ കൂടുതല്‍ മുന്നേറുന്നതിന് അനുകൂലമായ സാഹചര്യങ്ങളാണ് നിലവിലുള്ളതെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. അടുത്ത 4 മുതല്‍ 5 ദിവസത്തിനുള്ളില്‍ തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്കും ലക്ഷദ്വീപ് ദ്വീപുകളിലേക്കും കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ചില ഭാഗങ്ങളിലേക്കും കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇതിനൊപ്പം തെക്ക് പടിഞ്ഞാറൻ, പടിഞ്ഞാറൻ-മധ്യ, കിഴക്കൻ-മധ്യ, വടക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങളിലേക്കും തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിന്റെ അവശേഷിക്കുന്ന ഭാഗങ്ങളിലേക്കും മണ്‍സൂണ്‍ മുന്നേറാൻ സാധ്യതയുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം 2023ല്‍ ജൂണ്‍ 8 നായിരുന്നു കേരളത്തില്‍ കാലവർഷം എത്തിയത്. എന്നാല്‍ 2024 ല്‍ മേയ് 30 നും 2025 ല്‍ മേയ് 24 നും സാധാരണ തീയതിക്ക് മുന്നേതന്നെ മണ്‍സൂണ്‍ എത്തിയിരുന്നു.
ശനിയാഴ്ചയോടെ തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതല്‍ ഭാഗങ്ങള്‍, ലക്ഷദ്വീപ് ദ്വീപുകള്‍, കൊമോറിൻ പ്രദേശം, തെക്കുപടിഞ്ഞാറ്, തെക്കുകിഴക്ക്, പടിഞ്ഞാറ്-മധ്യ, കിഴക്ക്-മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് കാലവർഷം കൂടുതല്‍ വ്യാപിച്ചിട്ടുണ്ട്.
മഴ കുറയാൻ സാധ്യത
ഈ വർഷം രാജ്യത്തുടനീളം ലഭിക്കുന്ന തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ മഴ സാധാരണയേക്കാള്‍ കുറവായിരിക്കുമെന്നാണ് പ്രവചനം. ദീർഘകാല ശരാശരിയായ 870 മില്ലിമീറ്ററിന്റെ (1971-2020) 90 ശതമാനം മാത്രമായിരിക്കും ഇത്തവണ ലഭിക്കുന്ന ആകെ മഴയുടെ അളവ്. അതേസമയം, ആൻഡമാൻ കടലിലും പരിസര പ്രദേശങ്ങളിലും ഇത്തവണ മണ്‍സൂണ്‍ നേരത്തെ എത്തിയിരുന്നു. സാധാരണ എത്തുന്നതിനേക്കാള്‍ ഏതാണ്ട് ഒരു ആഴ്ച മുമ്പ്, മേയ് 16 നാണ് ആൻഡമാൻ തീരത്ത് മഴയെത്തിയത്.

