തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ സർവീസുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തി ഗതാഗത മന്ത്രി സി.പി ജോണ്‍.
പൈസ വേണ്ടാത്ത ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുകയാണെന്നും ഇതേ സ്ത്രീ തന്നെ മക്കളെ സ്വകാര്യ സ്കൂളുകളില്‍ ഫീസ് കൊടുത്ത് പഠിപ്പിക്കുകയാണെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
'ബസിന് കൊടുക്കാൻ കാശില്ലാത്ത സ്ത്രീ സ്വകാര്യ സ്കൂളിലേയ്ക്ക് കുട്ടികളെ വിടുകയാണ്. സർക്കാർ സ്കൂളുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.ഫീസ് കൊടുക്കേണ്ടാത്ത സ്വകാര്യ സ്കൂളുകളില്‍ പോലും വിടാതെ ഫീസ് കൊടുക്കേണ്ട സ്കൂളുകളിലേയ്ക്ക് വിടുന്നു. ആശുപത്രികളുടെ കാര്യത്തില്‍ ഇതേ സ്ത്രീ തന്റെ അച്ഛനെയും ഭർത്താവിനെയും കൊണ്ട് സർക്കാർ ആശുപത്രിയുടെ വരാന്തയില്‍ കിടക്കും.' മന്ത്രി പറഞ്ഞു.
പൊതുജനാരോഗ്യം, പൊതുഗതാഗതം, പൊതുവിദ്യാഭ്യാസം എന്നീ മൂന്ന് കാര്യങ്ങളില്‍ കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം തന്നെ അതിശയിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.

