ആരോഗ്യത്തിന് ഏറെ ഗുണകരവും രുചികരവുമായ ധാന്യമാണ് റാഗി. റാഗി കുറുക്കിയും, ദോശ മാവില്‍ ചേർത്തും, പുഡ്ഡിംഗ് തയ്യാറാക്കിയും വ്യത്യസത രീതിയില്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
അതിലേറെ റാഗി ഉപയോഗിച്ച് ലഡ്ഡു തയ്യാറാക്കി സൂക്ഷിച്ചാല്‍ അത് ദിവസങ്ങളോളം ഉപയോഗിക്കാം. കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ പറ്റിയതാണ് ഈ പലഹാരം. ഈ ലഡ്ഡു കഴിക്കാൻ പ്രമേഹ പേടിയും വേണ്ട.
റാഗിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന കാല്‍സ്യം അസ്ഥികളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അത്യന്തം ഗുണകരമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള നാരുകള്‍ ദഹനശക്തി വർദ്ധിപ്പിക്കാനും വയറുനിറഞ്ഞ തോന്നല്‍ ഉണ്ടാക്കി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. കൂടാതെ, പ്രമേഹത്തെ നിയന്ത്രിക്കാനും വിളർച്ച തടയാനും റാഗി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ബദാമും നെയ്യും ചേരുമ്പോള്‍ ഈ ലഡ്ഡുവിന്റെ പോഷകമൂല്യം ഇരട്ടിക്കുന്നു. ശരണ്യ വന്ദനയാണ് ആരോഗ്യവും രുചിയും ഒരേസമയം നല്‍കുന്ന ഈ റാഗി ലഡ്ഡു തയ്യാറാക്കുന്ന വിധം ഇൻസ്റ്റഗ്രാം പേജിലൂടെ പരിചയപ്പെടുത്തി തരുന്നത്.
ചേരുവകള്‍
- റാഗി- 1 ടീസ്പൂണ്‍
- നെയ്യ്- 1 കപ്പ്
- ബദാം- 1/4 കപ്പ്
- തേങ്ങ- 1/4 കപ്പ്
- ബ്രൗണ്‍ഷുഗർ
- ഏലയ്ക്ക
- നെയ്യ്- ആവശ്യത്തിന്
- ശർക്കര- 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
- അടി കട്ടിയുള്ള ഒറു പാത്രം അടുപ്പില്‍ വെച്ച് അല്‍പ്പം നെയ്യ് ചേർത്ത് കാല്‍ കപ്പ് ബദാം വറുത്തു മാറ്റാം.
- അതേ പാനിലേയ്ക്ക് കാല്‍ കപ്പ് തേങ്ങ ചിരകിയതു കൂടി ചേർത്ത് വറുത്ത് മാറ്റാം.
- പാനിലേയ്ക്ക് ഒരു ടീസ്പൂണ്‍ നെയ്യൊഴിച്ചു ചൂടാക്കി ഒരു കപ്പ് റാഗി പൊടിച്ചതു ചേർത്തിളക്കാം.
- ശേഷം അര കപ്പ് ശർക്കര, വറുത്തു വെച്ചിരിക്കുന്ന ബദാം, തേങ്ങ എന്നിവ പൊടിച്ചെടുക്കാം.
- ഇത് വറുത്തു വെച്ചിരിക്കുന്ന റാഗിയിലേയ്ക്ക് ചേർത്തിളക്കാം.
- കാല്‍ കപ്പ് നെയ്യ് ഉരുക്കിയെടുത്തത് അല്‍പ്പം വീതം ഒഴിച്ച് റാഗി ഉരുട്ടിയെടുത്താല്‍ ലഡ്ഡു തയ്യാർ.

