ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ ഇന്ന് ആദ്യം ചെയ്യുന്ന കാര്യം ഭക്ഷണത്തില്‍ നിന്നും പഞ്ചസാര ഒഴിവാക്കുക എന്നതാണ്.
മധുരപലഹാരങ്ങളും പഞ്ചസാര ചേർത്ത പാനീയങ്ങളും പൂർണമായും ഉപേക്ഷിച്ചാല്‍ നമ്മുടെ ശരീരത്തിന് എന്ത് സംഭവിക്കും? ഒരു വർഷത്തേക്ക് പഞ്ചസാരയില്‍ നിന്ന് വിട്ടുനിന്നാല്‍ ശരീരഭാരത്തില്‍ എത്രത്തോളം മാറ്റമുണ്ടാകും? ക്ലിനിക്കല്‍ ന്യൂട്രീഷ്യനിസ്റ്റ് അൻഷുല്‍ സിങ് ഇതിനെക്കുറിച്ച് പറയുന്നത് നോക്കാം.
ഒരു വർഷം കൊണ്ട് എത്ര കിലോ കുറയും?
മധുരപലഹാരങ്ങള്‍, ശീതളപാനീയങ്ങള്‍, പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവ പൂർണമായും ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയാണെങ്കില്‍ ഒരു വർഷം കൊണ്ട് ഏകദേശം 4 മുതല്‍ 10 കിലോഗ്രാം വരെ ശരീരഭാരം കുറയ്ക്കാൻ സാധിക്കും. എന്നാല്‍, ഇത് എല്ലാവരിലും ഒരേപോലെയല്ല. ഓരോ വ്യക്തിയുടെയും ശാരീരിക അധ്വാനം, ഉറക്കം, മാനസിക സമ്മർദം, ഉപാപചയ പ്രവർത്തനങ്ങള്‍ എന്നിവയെ ആശ്രയിച്ചിരിക്കും ഇതിന്റെ ഫലം.
ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍
പഞ്ചസാരയുടെ അളവ് കുറയുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാവുകയും ഇൻസുലിൻ സ്പൈക്കുകള്‍ കുറയുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ ഊർജത്തെ കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാൻ സഹായിക്കുന്നു. ഇതിലൂടെയുണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ ഇവയാണ്:
- അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നു.
- ശരീരത്തിലെ ഊർജനില സ്ഥിരമായി നിലനില്‍ക്കുന്നു
- മാനസികാവസ്ഥയിലുണ്ടാകുന്ന പെട്ടെന്നുള്ള വ്യതിയാനങ്ങള്‍ കുറയുന്നു.
- ദഹനപ്രക്രിയ മെച്ചപ്പെടുന്നു.
ചൂടുവെള്ളത്തില്‍ തേൻ ചേർക്കാമോ? ഗുണങ്ങള്‍ ലഭിക്കാൻ ഇങ്ങനെ ഉപയോഗിക്കൂ
വയറിലെ കൊഴുപ്പ് കുറയുമോ?
"പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും, കാരണം മധുരമുള്ള ഭക്ഷണങ്ങള്‍ അമിതമായി കാലറി ശരീരത്തിലെത്താനും കൊഴുപ്പ് അടിഞ്ഞുകൂടാനും കാരണമാകുന്നു," സിങ് പറഞ്ഞു.
എങ്കിലും, വയറിലെ കൊഴുപ്പ് കുറയുന്നത് മൊത്തത്തിലുള്ള ജീവിതശൈലിയെ ആശ്രയിച്ചിരിക്കുമെന്ന് അവർ ഊന്നിപ്പറയുന്നു. "ശരീരത്തിലെത്തുന്ന ആകെ കാലറിയുടെ അളവ്, പതിവായ വ്യായാമം, നല്ല ഉറക്കം, സമ്മർദം നിയന്ത്രിക്കല്‍ എന്നിവ ഇതില്‍ വലിയ പങ്കുവഹിക്കുന്നു. ഒരാള്‍ പഞ്ചസാര ഒഴിവാക്കിയാലും മറ്റ് ഭക്ഷണങ്ങളിലൂടെ അമിതമായി കാലറി കഴിക്കുന്നത് തുടരുകയോ ശാരീരിക അധ്വാനം ഇല്ലാതിരിക്കുകയോ ചെയ്താല്‍, അതിന്റെ ഗുണം പരിമിതമായിരിക്കും."
മധുരം കഴിക്കാനുള്ള ആഗ്രഹം മാറുമോ?
"ആരംഭഘട്ടത്തില്‍, പഞ്ചസാരയില്‍ നിന്ന് ലഭിക്കുന്ന പെട്ടെന്നുള്ള ഊർജത്തിന് തലച്ചോറ് ശീലിച്ചതുമൂലം ആളുകള്‍ക്ക് മധുരത്തോട് കൂടുതല്‍ താല്‍പ്പര്യം തോന്നാം," സിങ് പറയുന്നു. "എന്നാല്‍ രണ്ട് മുതല്‍ നാല് ആഴ്ചകള്‍ക്കുള്ളില്‍, നമ്മുടെ രുചിമുകുളങ്ങളും തലച്ചോറിലെ റിവാർഡ് പാത്ത്‌വേകളും ഇതിനോട് പൊരുത്തപ്പെട്ടു തുടങ്ങും."
ഈ ഘട്ടത്തില്‍ പ്രകൃതിദത്തമായ മധുരമുള്ള ഭക്ഷണങ്ങള്‍ (പഴങ്ങള്‍ പോലുള്ളവ) കൂടുതല്‍ സ്വാദിഷ്ടമായി തോന്നിത്തുടങ്ങും. ക്രമേണ മധുരത്തോടുള്ള അമിതാസക്തി ഇല്ലാതാവുകയും ചെയ്യും. കുറച്ചു മാസങ്ങള്‍ കഴിയുമ്പോള്‍, പഴയതുപോലെ മധുരം കഴിക്കാനുള്ള ആഗ്രഹം പലരിലും ഇല്ലാതാകു. കൃത്യമായ ഭക്ഷണക്രമം, പോഷകാഹാരം, ആവശ്യത്തിന് വെള്ളം കുടിക്കുക എന്നിവ ഈ മാറ്റം എളുപ്പമാക്കാൻ സഹായിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

