Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പറയുമ്പോള്‍ ആനന്ദം കിട്ടുന്ന ചിലരുണ്ട് അവര്‍ സന്തോഷിക്കട്ടെ; വിസ്മയക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച്‌ മോഹൻലാല്‍

പറയുമ്പോള്‍ ആനന്ദം കിട്ടുന്ന ചിലരുണ്ട് അവര്‍ സന്തോഷിക്കട്ടെ; വിസ്മയക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച്‌ മോഹൻലാല്‍

സാമൂഹിക വിഷയങ്ങളില്‍ മകള്‍ വിസ്മയ മോഹൻലാല്‍ സ്വീകരിച്ച നിലപാടിനെതിരെ ഉയർന്ന സൈബർ വിമർശനങ്ങള്‍ക്കിടെ പ്രതികരണവുമായി നടൻ മോഹൻലാലും ഭാര്യ സുചിത്രയും.

സോഷ്യല്‍ മീഡിയയെ പേടിച്ച്‌ ജീവിക്കാൻ കഴിയില്ലെന്നും, അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും ഇരുവരും വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയിലെ വിമർശനങ്ങളെക്കുറിച്ച്‌ സംസാരിക്കവെയാണ് മോഹൻലാല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. "ഇത് സോഷ്യല്‍ മീഡിയയെ പേടിച്ച്‌ ജീവിക്കേണ്ട കാലമാണ്. പക്ഷേ അങ്ങനെ പേടിച്ച്‌ ജീവിക്കാനാണെങ്കില്‍ ഒന്നും പറയാതെ ഇരിക്കുകയേ പറ്റൂ. മുഖം പോലും കാണിക്കാത്ത ചില ആളുകളാണ് ഇങ്ങനെ വിമർശിക്കുന്നത്," എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇതുമായി ബന്ധപ്പെട്ട് സുഹൃത്തിനോട് സംസാരിച്ച ഒരു അനുഭവവും മോഹൻലാല്‍ പങ്കുവെച്ചു. "ഇത്തരക്കാർ പണ്ടും ഉണ്ടായിരുന്നു. അന്ന് സോഷ്യല്‍ മീഡിയ ഇല്ലാത്തതുകൊണ്ട് അവർ നമ്മള്‍ അറിയാതെ പ്രാകുമായിരുന്നു," എന്നാണ് സുഹൃത്ത് തമാശയായി പറഞ്ഞതെന്ന് മോഹൻലാല്‍ പറഞ്ഞു.

"മറ്റുള്ളവരെ ഇങ്ങനെ പറഞ്ഞ് ആനന്ദം കണ്ടെത്തുന്ന ചില ആളുകളുണ്ട്. അവർ സന്തോഷിക്കട്ടെ," എന്നും താരം പറഞ്ഞു. വിസ്മയ മോഹൻലാല്‍ ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്ന 'തുടക്കം' എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മനോരമ ഓണ്‍ലൈനിന്‌ നല്‍കിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വ്യക്തമാക്കിയത്.

വിസ്മയയുടെ നിലപാടിനെക്കുറിച്ച്‌ പ്രതികരിച്ച മോഹൻലാലിന്റെ ഭാര്യ സുചിത്ര, കുട്ടികളെ വളർത്തിയ രീതിയെക്കുറിച്ചും തുറന്നുപറഞ്ഞു.

"ഞങ്ങള്‍ കുട്ടികളെ വളർത്തിയത് ചിന്തിക്കാനും ആ ചിന്ത പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കി തന്നെയാണ്. ചിന്തിക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കുമ്പോള്‍ അത് തുറന്ന് പറയരുതെന്ന് കുട്ടികളോട് പറയാൻ ഒരിക്കലും സാധിക്കില്ല," എന്നാണ് സുചിത്ര പറഞ്ഞത്.

വിസ്മയ പങ്കുവെച്ചത് അവളുടെ വ്യക്തിപരമായ ചിന്താഗതിയും നിലപാടുമാണെന്നും, അത് മറ്റുള്ളവരുടെ അഭിപ്രായങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കാമെങ്കിലും അത് പ്രകടിപ്പിക്കാനുള്ള അവകാശം അവള്‍ക്കുണ്ടെന്നും സുചിത്ര വ്യക്തമാക്കി.

അടുത്തിടെ സി ജെ പി പ്രതിഷേധവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നിലപാടിനെ വിമർശിച്ച്‌ വിസ്മയ മോഹൻലാല്‍ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറി വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരുന്നു. തുടർന്ന് സംവിധായകൻ മേജർ രവി, രാഷ്ട്രീയം വ്യക്തമായി മനസ്സിലാക്കാതെയാണ് വിസ്മയ പോസ്റ്റ് പങ്കുവെച്ചതെന്ന വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു.

എന്നാല്‍ അതിന് പിന്നാലെ, തന്റെ നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്ന് വിസ്മയ വ്യക്തമാക്കിയിരുന്നു. ഈ വിവാദങ്ങള്‍ക്കിടെയാണ് മകളുടെ അഭിപ്രായസ്വാതന്ത്ര്യത്തെ പിന്തുണച്ച്‌ മോഹൻലാലും സുചിത്രയും തുറന്നുപറഞ്ഞിരിക്കുന്നത്.

അന്ന് കളിയാക്കിയവർക്ക് 'അഗ്നിപരീക്ഷ'യിലൂടെ ബിഗ് ബോസിൻ്റെ മറുപടി; അനീഷിൻ്റെ കുറിപ്പ് ശ്രദ്ധ നേടുന്നു

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam