ഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ലഘൂകരിച്ച് അമേരിക്കയും ഇറാനും തമ്മില്‍ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ.
മേഖലയില്‍ സുസ്ഥിരമായ സമാധാനവും സ്ഥിരതയും കൈവരിക്കാൻ നീക്കം സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നയതന്ത്ര ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും മാത്രമേ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാൻ സാധിക്കൂ എന്ന ഇന്ത്യയുടെ നിലപാട് മന്ത്രാലയം ആവർത്തിച്ചു. സംഘർഷം ആഗോള ഊർജ്ജ വിപണിയെയും വ്യാപാര ശൃംഖലകളെയും സാരമായി ബാധിച്ച പശ്ചാത്തലത്തില്‍, ഹോർമുസ് കടലിടുക്കിലൂടെയുള്ള തടസ്സമില്ലാത്ത കപ്പല്‍ ഗതാഗതം ഉടൻ പുനസ്ഥാപിക്കപ്പെടുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
പാക്കിസ്ഥാൻ്റെ നയതന്ത്ര ഇടപെടലുകളെ തുടർന്നാണ് ഇരു രാജ്യങ്ങളും താല്‍ക്കാലികമായി വെടിനിർത്തലില്‍ എത്താൻ തീരുമാനിച്ചത്. ഇറാൻ്റെ സിവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്ന സമയപരിധി അവസാനിക്കാൻ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോഴാണ് ഈ നിർണ്ണായക പ്രഖ്യാപനം ഉണ്ടായത്.
ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന്‍ സമ്മതിച്ചുവെന്ന് യു.എസ് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. ശാശ്വതസമാധാനത്തിനായി ചര്‍ച്ചകള്‍ നടത്താന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. വെള്ളിയാഴ്ച പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലായിരിക്കും ചര്‍ച്ചകള്‍ നടക്കുക.
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്, ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ എന്നിവരുമായുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍, ഇറാനിലേക്ക് ഇന്ന് രാത്രി നടത്താനിരുന്ന വിനാശകരമായ സൈനിക നീക്കം നിര്‍ത്തുകയാണെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടേയും സംയുക്ത സൈനികമേധാവിയുടേയും അഭ്യര്‍ഥനയുടെ അടിസ്ഥാനത്തിലും ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറക്കാമെന്ന ഇറാന്റെ ഉറപ്പിന്‍മേലുമാണ് രണ്ടാഴ്ചത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതെന്നായിരുന്നു ഡോണള്‍ഡ് ട്രപ് വ്യക്തമാക്കിയത്.

