31 കാരനായ ഹിന്ദി ടെലിവിഷൻ താരം മൊഹ്സിൻ ഖാൻ തനിക്ക് ഹൃദയാഘാതം ഉണ്ടായതിന് കാണം ഫാറ്റി ലിവർ ആണെന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചർച്ചാവിഷയമായിരുന്നു.
വിശ്രമമില്ലാത്ത ഏഴു ദിവസത്തെ ജോലി സമയവും, ഉറക്കമില്ലായ്മയുമൊക്കെ അതിനു പിന്നിലെ മറ്റ് കാരണങ്ങളായിരുന്നു എന്ന് ഒരു അഭിമുഖത്തിലാണ് മൊഹ്സിൻ തുറന്നുപറഞ്ഞത്. അധികം ആരും സംസാരിക്കാത്ത നോണ്‍-അല്‍ക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) എങ്ങനെയാണ് ഹൃദയത്തിന് വലിയൊരു ഭീഷണിയാകുന്നത് എന്നാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. തെറ്റായ ഭക്ഷണക്രമം, വ്യായാമക്കുറവ്, അമിതവണ്ണം, വേണ്ടത്ര ഉറക്കമില്ലായ്മ തുടങ്ങിയ ജീവിതശൈലി പ്രശ്നങ്ങള്‍ കാരണം യുവാക്കളില്‍ ഈ രോഗാവസ്ഥ ഇപ്പോള്‍ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഫാറ്റി ലിവറിന് കാരണമാകുന്ന ജീവിതശൈലി ശീലങ്ങള്‍ എന്തൊക്കെയാണ്?
നിരവധി മോശമായ ജീവിതശൈലി ശീലങ്ങള്‍ ഫാറ്റി ലിവറിന് കാരണമാകുന്നുണ്ട്. സംസ്കരിച്ച ഭക്ഷണങ്ങളും പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണവും ഒപ്പം വ്യായാമമില്ലായ്മയും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ഇൻസുലിൻ പ്രതിരോധത്തിനും കാരണമാകുന്നു. ഇവ രണ്ടും ഫാറ്റി ലിവറിനുള്ള പ്രധാന കാരണങ്ങളാണ്.
"ഇവയെല്ലാം കൂടാതെ, ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ സാധാരണയായി കാണുന്ന ഉറക്കമില്ലായ്മയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. തുടർച്ചയായ ഉറക്കക്കുറവ് ശരീരത്തിലെ ആവാസവ്യവസ്ഥയെ തകരാറിലാക്കുകയും, കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും ഇൻസുലിൻ പ്രതിരോധത്തിനും കാരണമാവുകയും ചെയ്യുന്നു. ശരീരത്തിന്റെ സ്വാഭാവികമായ ഉറക്കക്രമം നല്ല ഉറക്കത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ഈ ക്രമം തെറ്റുന്നത് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇടയാക്കുന്ന ഹോർമോണ്‍ വ്യതിയാനങ്ങള്‍ക്ക് കാരണമാകും. കൂടാതെ, വേണ്ടത്ര ഉറക്കം ലഭിക്കാതിരിക്കുന്നത് വിശപ്പ് കൂട്ടാനും ഭക്ഷണങ്ങളോട് ആസക്തി തോന്നാനും ഇടയാക്കും. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കരളില്‍ കൊഴുപ്പ് തടിയ്ക്കുന്നതിനും കാരണമാകുന്നു," ഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ സീനിയർ ഗ്യാസ്ട്രോഎൻറോളജിസ്റ്റ് ഡോ. സുദീപ് ഖന്ന പറയുന്നു.
കൂടാതെ, ആവശ്യത്തിന് ഉറങ്ങുന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍, നിർദ്ദേശിക്കപ്പെട്ട ഏഴ് മുതല്‍ എട്ട് മണിക്കൂർ വരെയുള്ള ഉറക്കത്തില്‍ നിന്ന് ഓരോ മണിക്കൂർ കുറയുമ്പോഴും കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത 24 ശതമാനം വർദ്ധിക്കുന്നതായി 2022-ല്‍ ജപ്പാനില്‍ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നുണ്ട്.
ഫാറ്റി ലിവർ എങ്ങനെയാണ് ഹൃദയാരോഗ്യത്തെ ബാധിക്കുന്നത്?
കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ശരീരത്തില്‍ നീർക്കെട്ടിനും ഇൻസുലിൻ പ്രതിരോധത്തിനും കാരണമാകുന്നു. ഇത് ഹൃദയത്തെയും ബാധിക്കാം. "കരളിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനങ്ങള്‍ തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. കരളില്‍ കൊഴുപ്പടിയുമ്പോള്‍ അത് ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളില്‍ നീർക്കെട്ട് ഉണ്ടാക്കുകയും രക്തയോട്ടത്തെ ബാധിക്കുകയും ചെയ്യും. ഫാറ്റി ലിവർ ഉള്ളവർക്ക് രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി ഹൃദയാഘാതത്തിന് കാരണമാകുന്ന അഥീറോസ്ക്ളീറോസിസ് (രക്തധമനികളുടെ ഭിത്തികളില്‍ കൊഴുപ്പും കൊളസ്ട്രോളും അടിഞ്ഞുകൂടി അവയുടെ വ്യാസം കുറയുന്ന അവസ്ഥ) എന്ന അവസ്ഥയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്.
കൂടാതെ, കൊഴുപ്പും പഞ്ചസാരയും നിയന്ത്രിക്കാനുള്ള കരളിന്റെ കഴിവ് കുറയുന്നത് ഉയർന്ന കൊളസ്ട്രോളും ട്രൈഗ്ലിസറൈഡുകളും വർദ്ധിപ്പിക്കും. ഇത് ഹൃദയത്തിന് കൂടുതല്‍ ആഘാതമേല്‍പ്പിക്കുന്നു," എന്ന് ഡല്‍ഹി ഫോർട്ടിസ് എസ്‌കോർട്‌സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റർവെൻഷണല്‍ കാർഡിയോളജി പ്രിൻസിപ്പല്‍ ഡയറക്ടർ ഡോ. നിഷീത് ചന്ദ്ര പറയുന്നു.
ഉറക്കമില്ലായ്മ ഫാറ്റി ലിവറിനെ കൂടുതല്‍ വഷളാക്കുകയും ഹൃദയസംബന്ധമായ അപകടസാധ്യതകള്‍ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. "ഉറക്കക്കുറവും ഫാറ്റി ലിവറും കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ മൂലം, മോശമായ ഉറക്കശീലമുള്ള ആളുകളില്‍ ഉയർന്ന രക്തസമ്മർദ്ദം, ഹൃദയമിടിപ്പിലെ വ്യതിയാനങ്ങള്‍ തുടങ്ങിയ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്," ഡോ. സുദീപ് ഖന്ന പറയുന്നു.
ഭക്ഷണത്തില്‍ എന്തൊക്കെ ശ്രദ്ധിക്കണം, ഏതൊക്കെ ഒഴിവാക്കണം?
ശുദ്ധീകരിച്ച പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പുകളും സംസ്കരിച്ച ഭക്ഷണങ്ങളും അടങ്ങിയ ഭക്ഷണക്രമമാണ് ഫാറ്റി ലിവർ ഉണ്ടാക്കുന്നതില്‍ പ്രധാന വില്ലൻ. മധുരപാനീയങ്ങളും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കണം. "ഇത്തരം ഭക്ഷണങ്ങള്‍ ശരീരത്തില്‍ അമിത കൊഴുപ്പ് വർദ്ധിപ്പിക്കാനും ഫാറ്റി ലിവർ വഷളാക്കാനും കാരണമാകും. അതിനാല്‍, ധാന്യങ്ങള്‍, മാംസം, പരിപ്പ് വർഗ്ഗങ്ങള്‍ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണങ്ങളും ധാരാളം പച്ചക്കറികളും കഴിക്കുന്നത് ഈ രോഗാവസ്ഥ തടയാൻ സഹായിക്കും," ഡോ. നിഷീത് ചന്ദ്ര പറയുന്നു.
ഇന്ത്യയിലെ ഫാറ്റി ലിവർ അവസ്ഥ എന്താണ്?
ഏകദേശം 35 ശതമാനം മുതിർന്നവരിലും ഏതെങ്കിലും തരത്തിലുള്ള ഫാറ്റി ലിവർ രോഗമുണ്ട്. ഇത് ഹൃദ്രോഗത്തിനുള്ള പ്രധാന കാരണമായി മാറുന്നു. "രോഗം സ്ഥിരീകരിച്ച എല്ലാവരെയും ഹൃദ്രോഗമുണ്ടോ എന്ന് പരിശോധിക്കുകയും, അപകടങ്ങള്‍ ഒഴിവാക്കാനുള്ള മുൻകരുതലുകള്‍ എടുക്കുകയും വേണം," ന്യൂഡല്‍ഹി സിംഗാറാം ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎൻറോളജി വിഭാഗം വൈസ് ചെയർമാൻ ഡോ. പിയൂഷ് രഞ്ജൻ പറയുന്നു.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

