Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പിഎം ശ്രീയില്‍ സര്‍ക്കാരിന്റെ വാദം പൊളിയുന്നു; പദ്ധതിയില്‍ നിന്ന് പിന്മാറാനാകുമെന്ന് കേന്ദ്രം

പിഎം ശ്രീയില്‍ സര്‍ക്കാരിന്റെ വാദം പൊളിയുന്നു; പദ്ധതിയില്‍ നിന്ന് പിന്മാറാനാകുമെന്ന് കേന്ദ്രം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകുന്നതിലെ സർക്കാർ വാദങ്ങള്‍ പൊളിയുന്നു. പദ്ധതിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

അബ്ദുല്‍ വഹാബ് എംപിയുടെ ചോദ്യത്തിന് രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍ കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പദ്ധതിക്കായി കരാറില്‍ ഒപ്പുവച്ചെന്നും ഇനി പിൻമാറാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രിയടക്കം യുഡിഎഫ് നേതാക്കള്‍ മുൻപ് പറഞ്ഞിരുന്നു. ഇതിനു വിപരീതമായ കാര്യങ്ങളാണ് ഇപ്പോള്‍ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സർക്കാർ പിന്നോട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് ഇന്നലെ വാർത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. പദ്ധതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും യുഡിഎഫ് യോഗത്തില്‍ ഇത് സംബന്ധിച്ച്‌ ധാരണയായെന്നും അടൂർ പ്രകാശ് എംപി പറഞ്ഞു. ഏതൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പാക്കുകയെന്ന് സർക്കാർ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

എല്‍ഡിഎഫ് സർക്കാർ ഒപ്പിട്ട കരാറില്‍ നിന്നും പിന്മാറാൻ സാധിക്കില്ലെന്നും, കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അര്‍ഹതപ്പെട്ട ഫണ്ട് ലഭിക്കേണ്ടതുണ്ടെന്നും അടക്കം വാദങ്ങള്‍ നിരത്തിയായിരുന്നു യുഡിഎഫ് ആദ്യം എതിർത്ത പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനെ യുഡിഎഫ് കണ്‍വീനർ ന്യായീകരിച്ചത്. അതേസമയം, പദ്ധതിയുമായി ബന്ധപ്പെട്ട് ഫണ്ട് നല്‍കിയ സംസ്ഥാനങ്ങളുടേ പട്ടികയും കേന്ദ്രം പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ കേരളത്തിന്റെ പേര് ഉണ്ടായിരുന്നില്ലാ എന്നതും ശ്രദ്ധേയമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam