രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നത് വലിയ പ്രശ്‌നമല്ലെന്നോ അല്ലെങ്കില്‍ ശരീരത്തിന് നല്ലതാണെന്നോ പലർക്കും തോന്നാം, പ്രത്യേകിച്ച് രാവിലെ വിശപ്പില്ലാത്തപ്പോള്‍.
എന്നാല്‍, രക്തത്തിലെ പഞ്ചസാരയുടെ അളവിനെക്കുറിച്ച് ആശങ്കയുള്ളവർ പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് അന്നത്തെ ദിവസത്തെ മൊത്തം ഭക്ഷണത്തോടുള്ള ശരീരത്തിന്റെ പ്രതികരണത്തെ ബാധിച്ചേക്കാം. ഇതിന്റെ ഫലങ്ങള്‍ ഉടനടി പ്രകടമാകണമെന്നില്ലെങ്കിലും കാലക്രമേണ അത് ശരീരത്തെ സാരമായി ബാധിക്കും.
ദിവസത്തിന്റെ അവസാന ഭാഗങ്ങളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയേക്കാം
പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോള്‍ ശരീരം ആ കാലറികള്‍ വെറുതെ സൂക്ഷിച്ചുവെക്കുക അല്ല ചെയ്യുന്നത്. പകരം, പിന്നീട് കഴിക്കുന്ന കാർബോഹൈഡ്രേറ്റുകളോട് ശരീരം കൂടുതല്‍ പ്രതികരിക്കുകയും ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുകയും ചെയ്യാം.
ഇതിനെ സെക്കൻഡ് മീല്‍ ഇഫക്റ്റ് എന്ന് വിളിക്കുന്നു. രാവിലെ ഭക്ഷണം കഴിക്കുന്നത് അടുത്ത വേളയിലെ ഭക്ഷണത്തിലെ ഗ്ലൂക്കോസിനെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാൻ ശരീരത്തെ സഹായിക്കും. പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിലൂടെ ഈ മേന്മ നഷ്ടപ്പെടുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർക്ക് അടുത്ത ഭക്ഷണത്തിനുശേഷം രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഉയർന്ന രീതിയില്‍ കാണപ്പെടാം.
ഫ്രീ ഫാറ്റി ആസിഡുകള്‍ ഉയരുന്നത് അടുത്ത ഭക്ഷണവേളയില്‍ ഗ്ലൂക്കോസ് കൈകാര്യം ചെയ്യാനുള്ള ശരീരത്തിന്റെ ശേഷിയെ കുറച്ചേക്കാം. ഗ്ലൂക്കോസിന്റെ അളവിലെ വലിയ വ്യതിയാനങ്ങള്‍ ക്ഷീണം, അമിതമായ വിശപ്പ്, ശാരീരിക അസ്വസ്ഥതകള്‍ എന്നിവയ്ക്ക് കാരണമാകാം.
കരള്‍ കൂടുതല്‍ ഗ്ലൂക്കോസ് പുറത്തുവിടുന്നു
ഊർജസ്വലത നിലനിർത്താൻ രാവിലെ കരള്‍ സംഭരിച്ചുവെച്ചിരിക്കുന്ന ഗ്ലൂക്കോസ് പുറത്തുവിടാറുണ്ട്. എന്നാല്‍ പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോള്‍, കരള്‍ ഗ്ലൂക്കോസ് പുറത്തുവിടുന്നത് ആവശ്യമുള്ളതിലും കൂടുതല്‍ സമയം തുടരുന്നു. ഊർജം നിലനിർത്താൻ കരള്‍ ഗ്ലൂക്കോസിന്റെ ഉത്പാദനം കൂട്ടുന്നു. ഭക്ഷണം കഴിക്കാത്തതിനാല്‍ ഇൻസുലിൻ അളവ് കുറഞ്ഞുനില്‍ക്കുകയും ഗ്ലൂക്കോസ് ഉത്പാദനം തുടരുകയും ചെയ്യുന്നു. ഇൻസുലിൻ റെസിസ്റ്റൻസ് ഉള്ളവരില്‍ ഈ പ്രഭാവം കൂടുതല്‍ വ്യക്തമായി കാണാം.
തുടക്കത്തില്‍ ഉന്മേഷം തോന്നിയാലും പിന്നീട് കടുത്ത ക്ഷീണം അനുഭവപ്പെടാം
രാവിലെ ഭക്ഷണം ഒഴിവാക്കുമ്പോള്‍ ചിലർക്ക് ശ്രദ്ധയും ഊർജവും കൂടുതലായി തോന്നാറുണ്ട്. എന്നാല്‍ സമയം വൈകുന്തോറും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയോ വ്യതിയാനങ്ങള്‍ വരികയോ ചെയ്യുകയും ഇത് കടുത്ത ക്ഷീണത്തിലേക്ക് നയിക്കുകയും ചെയ്യാം. രാവിലെ കോർട്ടിസോള്‍ ഹോർമോണിന്റെ അളവ് കൂടുതലായതിനാല്‍ താല്‍ക്കാലികമായി രക്തത്തിലെ പഞ്ചസാര ഉയർന്നുനില്‍ക്കാം. കോർട്ടിസോളിന്റെ അളവ് കുറയുമ്പോള്‍ ഊർജ നിലയും താഴുന്നു. രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നത് പിന്നീട് കൂടുതല്‍ ഭക്ഷണം കഴിക്കാനുള്ള സാധ്യത കൂട്ടുന്നു.
ഇൻസുലിൻ സെൻസിറ്റിവിറ്റിയെ ബാധിക്കുന്നു
ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ ഭക്ഷണം കഴിക്കുന്നത് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താൻ സഹായിക്കും. ആദ്യത്തെ ഭക്ഷണം വൈകുമ്പോള്‍, പിന്നീട് കഴിക്കുന്ന കാർബോഹൈഡ്രേറ്റ് ഫലപ്രദമായി കൈകാര്യം ചെയ്യാൻ ശരീരത്തിന് സാധിക്കാതെ വരുന്നു. ശരീരത്തിന്റെ സ്വാഭാവിക ജൈവഘടികാരം അനുസരിച്ച് ഇൻസുലിൻ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്നത് രാവിലത്തെ സമയങ്ങളിലാണ്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഈ സ്വാഭാവിക നേട്ടത്തെ തടസപ്പെടുത്തുന്നു.
വിശപ്പ് കൂട്ടുന്ന ഹോർമോണുകള്‍ വില്ലനായേക്കാം
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് വിശപ്പ് കുറയ്ക്കണമെന്നില്ല. പകരം, അത് വിശപ്പ് വർധിപ്പിക്കുന്ന ഹോർമോണുകളുടെ അളവ് കൂട്ടുകയും പിന്നീട് അമിതമായി ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യാം. ഭക്ഷണം ഒഴിവാക്കുമ്പോള്‍ വിശപ്പ് കൂട്ടുന്ന ഗ്രെലിൻ എന്ന ഹോർമോണിന്റെ അളവ് ഉയർന്നേക്കാം. പെട്ടെന്ന് ഊർജം നല്‍കുന്ന പ്രോസസ് ചെയ്ത കാർബോഹൈഡ്രേറ്റുകളോട് കൊതി തോന്നാം. പിന്നീട് വലിയ അളവില്‍ ഭക്ഷണം കഴിക്കുന്നത് രക്തത്തില്‍ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ കാരണമാകുന്നു.
എല്ലാവരിലും പ്രഭാവം ഒരുപോലെയല്ല
പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോള്‍ എല്ലാവരുടെയും ശരീരം ഒരുപോലെയല്ല പ്രതികരിക്കുന്നത്. ചിലരില്‍ ഇത് പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെങ്കിലും പ്രമേഹമോ പ്രീ-ഡയബറ്റിസോ ഉള്ളവർ, ഇൻസുലിൻ റെസിസ്റ്റൻസ്, മെറ്റാബോളിക് സിൻഡ്രോം എന്നിവയുള്ളവർ, രാവിലെ ഭക്ഷണം ഒഴിവാക്കുമ്പോള്‍ പിന്നീട് അമിതമായി ഭക്ഷണം കഴിക്കുന്ന സ്വഭാവമുള്ളവർ എന്നിവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യതിയാനങ്ങള്‍ വരാൻ സാധ്യത കൂടുതലാണ്.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

