ഡല്‍ഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ കടുത്ത വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തകർത്തതിന് വിദ്യാഭ്യാസ മന്ത്രിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പണ്ടേ പുറത്താക്കേണ്ടതായിരുന്നു എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തന്നെ വ്യക്തിപരമായി ആക്രമിച്ചതുകൊണ്ട് മന്ത്രി ചെയ്ത തെറ്റുകള്‍ ഇല്ലാതാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
സിബിഎസ്‌ഇ ഫലപ്രഖ്യാപനത്തിന് പിന്നാലെ മാർക്കുകളില്‍ വ്യാപകമായ ക്രമക്കേടും കുറവും സംഭവിച്ചതായി വിദ്യാർത്ഥികളും രക്ഷിതാക്കളും പരാതിപ്പെട്ടിരുന്നു. ഇതേത്തുടർന്ന് സിബിഎസ്‌ഇയുടെ ഓണ്‍ സ്ക്രീൻ മാർക്കിംഗ് കരാർ 'COEMPT' എന്ന കമ്പനിക്ക് നല്‍കിയതിനെ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന് മറുപടിയായി, തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ കാരണം രാഹുല്‍ ഗാന്ധി നിരാശനാണെന്നും രാജ്യത്തിന്റെ ശാസ്ത്ര-സാങ്കേതിക പുരോഗതിയെ അദ്ദേഹം എതിർക്കുകയാണെന്നും ധർമേന്ദ്ര പ്രധാൻ ആരോപിച്ചു.
ഇതിന് പിന്നാലെയാണ് എക്സിലൂടെ രാഹുല്‍ ഗാന്ധി ശക്തമായ മറുപടിയുമായി രംഗത്തെത്തിയത്. "ധർമേന്ദ്ര പ്രധാൻ ജി, നിങ്ങള്‍ക്ക് എന്നെ എത്ര വേണമെങ്കിലും ആക്രമിക്കാം, എന്നാല്‍ അത് നിങ്ങളുടെ തെറ്റുകളെ കഴുകിക്കളയില്ല. 18.5 ലക്ഷം കുട്ടികള്‍ക്ക് വേണ്ടിയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ നിന്ന് എന്നെ തടയാൻ അതിനാവില്ല," രാഹുല്‍ ഗാന്ധി കുറിച്ചു.
"മുൻപ് ഗ്ലോബാരേന എന്ന പേരില്‍ പ്രവർത്തിച്ചിരുന്നതും നിരവധി വിവാദങ്ങളില്‍ പെട്ടതുമായ 'COEMPT' എന്ന കമ്പനിക്ക് സിബിഎസ്‌ഇ മൂല്യനിർണ്ണയ കരാർ നല്‍കിയത് എന്തിനാണ്? ആരുടെ ഉത്തരവ് പ്രകാരമാണ് ഇത് ചെയ്തത്? എന്തുകൊണ്ട് കമ്പനിയുടെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷണം നടത്തിയില്ല? കോഎംപ്റ്റ് മാനേജ്‌മെന്റും മോദി സർക്കാരും തമ്മിലുള്ള ബന്ധമെന്താണ്? കമ്പനിയുടെ പശ്ചാത്തലം അറിഞ്ഞിട്ടും നിങ്ങള്‍ ഈ കരാറുമായി മുന്നോട്ട് പോയി, അല്ലെങ്കില്‍ നിങ്ങള്‍ ഒന്നും അന്വേഷിച്ചതേയില്ല. രണ്ട് രീതിയിലായാലും ഈ ഒത്തുകളിയില്‍ നിങ്ങള്‍ക്കും പങ്കുണ്ട്," രാഹുല്‍ ഗാന്ധി ആരോപിച്ചു.
പ്രധാനമന്ത്രിക്ക് വിദ്യാർത്ഥികളോട് കരുതലുണ്ടായിരുന്നെങ്കില്‍ അദ്ദേഹം നിങ്ങളെ വളരെ മുമ്പുതന്നെ പുറത്താക്കണമായിരുന്നു എന്നും രാഹുല്‍ കൂട്ടിച്ചേർത്തു. അതേസമയം, സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയ പ്രക്രിയയില്‍ ചില അപാകതകള്‍ സംഭവിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഇതിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുന്നുവെന്നും എല്ലാ തലങ്ങളിലും കർശനമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

