ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാൻ ഏറ്റവും കൂടുതല്‍ നിർദ്ദേശിക്കപ്പെടുന്ന മരുന്നുകളില്‍ ഒന്നാണ് മെറ്റ്‌ഫോമിൻ.
എന്നാല്‍ അടുത്ത കാലത്തായി, ശരീരഭാരം കുറയ്ക്കാനും ആയുസ്സ് വർദ്ധിപ്പിക്കാനും ഈ മരുന്ന് സഹായിക്കുമെന്ന വാർത്തകള്‍ വന്നതോടെ പ്രമേഹമില്ലാത്തവരും ഇതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ പ്രമേഹമില്ലാത്തവർ ഇത് പതിവായി കഴിക്കുന്നത് സുരക്ഷിതമാണോ? താനെയിലെ കിംസ് ഹോസ്പിറ്റലിലെ ഡയബറ്റോളജി വിഭാഗം മേധാവി ഡോ. വിജയ് നെഗലൂർ ഇത് വ്യക്തമാക്കുന്നുണ്ട്.
"പ്രമേഹമില്ലാത്ത ഒരാള്‍ ഇത് ദിവസവും കഴിക്കുന്നത് സാധാരണഗതിയില്‍ ശുപാർശ ചെയ്യില്ല," എന്നാണ് ഡോ. നെഗലൂർ പറയുന്നത്. കൃത്യമായ നിർദ്ദേശപ്രകാരം കഴിക്കുമ്പോള്‍ മെറ്റ്‌ഫോമിൻ സുരക്ഷിതമാണെങ്കിലും, അത് പ്രത്യേക ശാരീരിക അവസ്ഥകള്‍ പരിഹരിക്കാൻ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.
"വ്യക്തമായ ആവശ്യമില്ലാതെ ഇത് കഴിക്കുന്നത് ശരീരത്തിലെ സാധാരണ ഗ്ലൂക്കോസ് സന്തുലിതാവസ്ഥയെ തകർക്കും, കൂടാതെ പറയത്തക്ക ഗുണങ്ങളൊന്നും നല്‍കിയെന്നും വരില്ല," എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പാർശ്വഫലങ്ങള്‍
മെറ്റ്‌ഫോമിൻ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും, ആവശ്യമില്ലാതെ ദീർഘകാലം ഉപയോഗിക്കുന്നത് പാർശ്വഫലങ്ങളുണ്ടാക്കിയേക്കാം. "ഓക്കാനം, വയറിളക്കം, വയറിലെ അസ്വസ്ഥതകള്‍, വിശപ്പില്ലായ്മ എന്നിവയാണ് സാധാരണ പാർശ്വഫലങ്ങള്‍," എന്ന് ഡോ. നെഗലൂർ വിശദീകരിക്കുന്നു. കാലക്രമേണ വിറ്റാമിന്റെ കുറവിനും ഈ മരുന്ന് കാരണമാകുമെന്ന് ഡോ.നെഗലൂർ മുന്നറിയിപ്പ് നല്‍കുന്നു.
"ഇത് വിറ്റാമിൻ ബി 12-ന്റെ കുറവിന് കാരണമാകും. ഒപ്പം ക്ഷീണത്തിലേക്കോ അല്ലെങ്കില്‍ ഞരമ്പുകള്‍ക്കുണ്ടാകുന്ന തരിപ്പ് പോലുള്ള പ്രശ്നങ്ങളിലേക്കോ നയിക്കാം," എന്നും ഡോ. വിജയ് നെഗലൂർ പറയുന്നു.
"വൃക്കയ്ക്കോ കരളിനോ പ്രശ്നങ്ങളുള്ളവരില്‍ ലാക്റ്റിക് അസിഡോസിസ് എന്ന അവസ്ഥ ഉണ്ടായേക്കാം. ഇത് അപൂർവ്വമാണെങ്കിലും ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമാണ്," ഡോക്ടറുടെ മേല്‍നോട്ടമില്ലാതെ ഈ മരുന്ന് കഴിക്കുന്നത് അപകടകരമാണെന്ന് ചൂണ്ടികാട്ടി ഡോ.നെഗലൂർ വ്യക്തമാക്കി.
ശരീരഭാരം കുറയ്ക്കാനും ആയുസ്സ് വർദ്ധിപ്പിക്കാനും
ശരീരഭാരം കുറയ്ക്കാനോ വാർദ്ധക്യത്തെ ചെറുക്കാനോ മെറ്റ്‌ഫോമിൻ സഹായിക്കുമെന്ന അവകാശവാദങ്ങളാണ് ഇതിന്റെ പ്രചാരം വർദ്ധിപ്പിക്കുന്നത്. ഈ നിരീക്ഷണങ്ങളില്‍ ചില സത്യങ്ങളുണ്ടാകാമെങ്കിലും വിദഗ്ധർ ജാഗ്രത പാലിക്കണമെന്ന് ഡോ. നെഗലൂർ നിർദ്ദേശിക്കുന്നു.
"ചിലരില്‍ ഇത് വിശപ്പ് കുറയ്ക്കുകയും ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ നേരിയ തോതില്‍ ശരീരഭാരം കുറഞ്ഞേക്കാം," എന്ന് ഡോ. നെഗലൂർ പറയുന്നു. എന്നാല്‍ ഇതിനുള്ള തെളിവുകള്‍ ഇന്നും പഠനവിധേയമാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു."ശരീരഭാരം കുറയ്ക്കാനോ ദീർഘകാല ആരോഗ്യത്തിനോ വേണ്ടിയുള്ള ഒരു കുറുക്കുവഴിയല്ല ഇത്," എന്ന് ഡോ.നെഗലൂർ വ്യക്തമാക്കി.
ആരൊക്കെ ഇത് പൂർണ്ണമായും ഒഴിവാക്കണം?
"വൃക്ക അല്ലെങ്കില്‍ കരള്‍ സംബന്ധമായ പ്രശ്നങ്ങളുള്ളവർ, അമിതമായി മദ്യം ഉപയോഗിക്കുന്നവർ, ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ തുടങ്ങിയവർ ഇത് ലാഘവത്തോടെ കഴിക്കരുത്," എന്ന് ഡോ. നെഗലൂർ മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ ഗർഭിണികളും മറ്റ് മരുന്നുകള്‍ കഴിക്കുന്നവരും സ്വയം ഈ മരുന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ഡോ. വിജയ് നെഗലൂർ കൂട്ടിച്ചേർത്തു.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

