Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രമേഹമുള്ളവര്‍ വെറും വയറ്റില്‍ കുതിര്‍ത്ത ബദാം കഴിച്ചാല്‍ എന്ത് സംഭവിക്കും?

പ്രമേഹമുള്ളവര്‍ വെറും വയറ്റില്‍ കുതിര്‍ത്ത ബദാം കഴിച്ചാല്‍ എന്ത് സംഭവിക്കും?

രോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീൻ, നാരുകള്‍, അവശ്യ വൈറ്റമിനുകള്‍ എന്നിവയാല്‍ സമ്പന്നമായ ബദാം ഒരു സൂപ്പർഫുഡ് ആണെന്ന കാര്യത്തില്‍ ആർക്കും സംശയമില്ല.

ജീവിതശൈലി രോഗങ്ങള്‍ ഉള്ളവരോട് ദിവസേനയുള്ള ഭക്ഷണക്രമത്തില്‍ ബദാം ഉള്‍പ്പെടുത്താൻ ആരോഗ്യവിദഗ്ധർ എപ്പോഴും നിർദേശിക്കാറുണ്ട്. പ്രമേഹബാധിതരെ സംബന്ധിച്ചിടത്തോളം, അവർ കഴിക്കുന്ന ചെറിയൊരു ഭക്ഷണം പോലും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുമെന്നതിനാല്‍, ഏത് ഭക്ഷണവും കൃത്യമായി മനസിലാക്കി കഴിക്കേണ്ടത് അനിവാര്യമാണ്.

നമ്മുടെ വീടുകളില്‍ പണ്ടുമുതലേയുള്ള ഒരു ശീലമാണ് രാവിലെ വെറും വയറ്റില്‍ കുതിർത്ത ബദാം കഴിക്കുന്നത്. ബദാം കുതിർക്കുന്നതിലൂടെ അതിലെ പോഷകങ്ങള്‍ എളുപ്പത്തില്‍ ശരീരത്തിന് ആഗിരണം ചെയ്യാൻ സാധിക്കുമെന്നും ദഹനം സുഗമമാക്കുമെന്നും പ്രമേഹം നിയന്ത്രിക്കുമെന്നുമാണ് പരമ്പരാഗതമായുള്ള വിശ്വാസം. എന്നാല്‍ ഈ ശീലം പ്രമേഹരോഗികള്‍ക്ക് ശരിക്കും പ്രയോജനകരമാണോ അതോ ഇതൊരു വെറും മിഥ്യാധാരണയാണോ?.

ഡയറ്റീഷ്യനും പ്രമേഹ വിദഗ്ധയുമായ കനിക മല്‍ഹോത്ര ഇതിനെക്കുറിച്ച്‌ പറയുന്നത് ഇങ്ങനെയാണ്: "പ്രമേഹമുള്ളവരോ പ്രീ-ഡയബറ്റിസ് ഉള്ളവരോ രാവിലെ വെറും വയറ്റില്‍ ബദാം (കുതിർത്തതോ അല്ലാത്തതോ) കഴിക്കുന്നത് കൊണ്ട് മാത്രം അവരുടെ ഫാസ്റ്റിങ് ഗ്ലൂക്കോസിലോ ദീർഘകാല ഗ്ലൈസെമിക് മാർക്കറായ എച്ച്‌ബിഎ1സി ലെവലിലോ കാര്യമായ കുറവുണ്ടാകുന്നില്ല."

ഭക്ഷണശേഷമുള്ള പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ബദാം

വെറും വയറ്റില്‍ കഴിക്കുന്നത് കൊണ്ട് ഫാസ്റ്റിങ് ഷുഗർ കുറയില്ലെങ്കിലും, ബദാമിന് മറ്റൊരു വലിയ ഗുണമുണ്ടെന്ന് കനിക മല്‍ഹോത്ര വ്യക്തമാക്കുന്നു. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണത്തോടൊപ്പമോ അതിന് തൊട്ടുമുമ്പോ ബദാം കഴിക്കുന്നത് ഭക്ഷണശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർധനവ് തടയാൻ സഹായിക്കും.

പ്രഭാതഭക്ഷണത്തോടൊപ്പം ബദാം കഴിക്കുന്നത് സെക്കൻഡ്-മീല്‍ ഇഫക്റ്റ് ഉണ്ടാക്കുന്നു. അതായത്, ഇത് കഴിക്കുന്നതിലൂടെ വയർ നിറഞ്ഞതായി തോന്നുകയും, അടുത്ത തവണ കഴിക്കുന്ന ഭക്ഷണത്തിന് ശേഷം രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് കൂടാതിരിക്കാൻ സഹായിക്കുകയും ചെയ്യും. എന്നാല്‍ വളരെക്കാലമായി പ്രമേഹമുള്ളവരില്‍ ഈ മാറ്റം നേരിയ തോതില്‍ മാത്രമായിരിക്കും.

ബദാമിലെ പോഷകങ്ങളും ഇൻസുലിൻ പ്രതിരോധവും

ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, നാരുകള്‍, അണ്‍സാച്ചുറേറ്റഡ് ഫാറ്റുകള്‍ എന്നിവ പ്രമേഹ നിയന്ത്രണത്തിന് എങ്ങനെയാണ് സഹായിക്കുന്നതെന്ന് നോക്കാം.

മഗ്നീഷ്യം: കോശങ്ങള്‍ ഗ്ലൂക്കോസ് ശരിയായി ഉപയോഗപ്പെടുത്തുന്നതിന് മഗ്നീഷ്യം അത്യാവശ്യമാണ്. ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ കുറവുണ്ടാകുന്നത് പ്രമേഹം കൂടുതല്‍ സങ്കീർണമാകാൻ കാരണമാകും.

നാരുകള്‍: ബദാമിലെ ഡയറ്ററി ഫൈബർ കാർബോഹൈഡ്രേറ്റ് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് പതുക്കെയാക്കുന്നു. ഇത് രക്തത്തില്‍ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുന്നു.

ആരോഗ്യകരമായ കൊഴുപ്പുകള്‍: ബദാമിലുള്ള മോണോഅണ്‍സാച്ചുറേറ്റഡ് ഫാറ്റുകള്‍ വയർ നിറഞ്ഞതായി തോന്നിക്കാനും, ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനും, ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.

പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അളവും

ബദാം ആരോഗ്യത്തിന് മികച്ചതാണെങ്കിലും ചില കാര്യങ്ങളില്‍ നിയന്ത്രണം ആവശ്യമാണ്. ബദാമില്‍ ഉയർന്ന അളവില്‍ കാലറി അടങ്ങിയിരിക്കുന്നതിനാല്‍ ദിവസവും 5 മുതല്‍ 10 വരെ കുതിർത്ത ബദാം (ഏകദേശം 30-40 ഗ്രാം) കഴിക്കുന്നതാണ് ഉചിതം.

അമിതമായി ബദാം കഴിക്കുന്നത് ശരീരത്തില്‍ കാലറി കൂടാനും ശരീരഭാരം വർധിക്കാനും കാരണമായേക്കാം. ബദാം കഴിക്കുന്നത് പ്രമേഹത്തിനുള്ള സാധാരണ മരുന്നുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നില്ല. എങ്കിലും, നട്സ് അലർജിയുള്ളവർ ബദാം പൂർണമായും ഒഴിവാക്കണം.

ദിവസവും ബദാം കഴിക്കുന്നത് സുരക്ഷിതവും ഭക്ഷണത്തിന്റെ ഗുണനിലവാരം കൂട്ടുന്നതുമാണ്. എന്നാല്‍ ബദാം കഴിക്കുന്നത് കൊണ്ട് മാത്രം പ്രമേഹം പൂർണമായി മാറില്ല. കൃത്യമായ ഭക്ഷണക്രമത്തിന്റെയും ആരോഗ്യകരമായ ജീവിതശൈലിയുടെയും ഒരു ഭാഗമായി വേണം ബദാമിനെ കാണാൻ.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam