ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ബിസിനസ്സ് ബുദ്ധിയുള്ള നടനും നിർമ്മാതാവും ആരെന്ന് ചോദിച്ചാല്‍ ഇനി ബോളിവുഡിനും ഒരൊറ്റ ഉത്തരമേയുള്ളൂ അത് നമ്മടെ സ്വന്തം പൃഥ്വിരാജ് തന്നെ 'കാണ്ടേ', 'കാബില്‍' തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡില്‍ തന്റേതായ ശൈലി വളർത്തിയെടുത്ത പ്രമുഖ സംവിധായകൻ സഞ്ജയ് ഗുപ്തയാണ് ഇപ്പോള്‍ പൃഥ്വിരാജിനെ പരസ്യമായി പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.
തന്റെ ഔദ്യോഗിക എക്സ് (X) ഹാൻഡിലിലൂടെ പൃഥ്വിരാജിന്റെ സിനിമാ നിർമ്മാണ ശൈലിയെയും അദ്ദേഹത്തിന്റെ വിവേകപൂർണ്ണമായ ബിസിനസ്സ് തീരുമാനങ്ങളെയും വാനോളം പുകഴ്ത്തുകയാണ് സഞ്ജയ് ഗുപ്ത. അദ്ദേഹത്തിന്റെ എക്സ് പോസ്റ്റ് ഇങ്ങനെ:
"മലയാള സൂപ്പർതാരം പൃഥ്വിരാജ് തന്റെ ഭൂരിഭാഗം ചിത്രങ്ങളും സ്വന്തമായി നിർമ്മിക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ട് അതിന്റെ കാരണം അദ്ദേഹത്തിന്റെ പ്രതിഫലമാണ് സാധാരണയായി ഒരു സിനിമയുടെ ബഡ്ജറ്റിലെ ഏറ്റവും വലിയ ചിലവ്. അതുകൊണ്ട് അദ്ദേഹം ആ തുക മുൻകൂട്ടി വാങ്ങാതെ മാറ്റിവെക്കുന്നു, പകരം സിനിമയുടെ ലാഭവിഹിതം വാങ്ങാൻ തയാറാകുന്നു. ഇതോടെ സിനിമ സുരക്ഷിതവും, ലാഭകരവുമായി മാറുന്നു.
എന്തുകൊണ്ട് ഇത് സിനിമാ ലോകത്ത് ഒരു പൊതുനിയമമായിക്കൂടാ? പല താരങ്ങളും വലിയ വേദികളിലിരുന്ന് സിനിമയുടെ പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുന്നതിന് പകരം പൃഥ്വിരാജിനെപ്പോലെ പ്രവർത്തിക്കാൻ തുടങ്ങിയാല്‍ ഇൻഡസ്ട്രിയിലെ പകുതി പ്രശ്നങ്ങളും താനേ അവസാനിക്കും!"
താരങ്ങളുടെ വാനോളമുയരുന്ന പ്രതിഫലം കാരണം ബോളിവുഡില്‍ പല വമ്പൻ പ്രൊജക്റ്റുകളും പ്രതിസന്ധിയിലാകുകയും വലിയ ചർച്ചകള്‍ നടക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സഞ്ജയ് ഗുപ്തയുടെ ഈ നിരീക്ഷണം എന്നത് ഏറെ ശ്രദ്ധേയമാണ്.
മലയാള സിനിമയുടെ ഭാവിയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതില്‍ നിർണ്ണായക പങ്കുവഹിച്ച പൃഥ്വിരാജ് സുകുമാരൻ, വെറുമൊരു നടൻ മാത്രമല്ലെന്ന് പലവട്ടം തെളിയിച്ചിട്ടുള്ളതാണ്. 'ലൂസിഫർ' പോലുള്ള ഇൻഡസ്ട്രി ഹിറ്റുകളിലൂടെ മികച്ച സംവിധായകനായും, 'പൃഥ്വിരാജ് പ്രൊഡക്ഷൻസ്' വഴി മികച്ച നിർമ്മാതാവായും മാറിയ അദ്ദേഹം, കലയെയും ബിസിനസ്സിനെയും ഒരേപോലെ കൊണ്ടുപോകാൻ കഴിയുന്ന അപൂർവ്വം പ്രതിഭകളില്‍ ഒരാളാണ്. സിനിമയോടുള്ള പൃഥ്വിയുടെ ഈ മാതൃകാപരമായ സമീപനത്തെ ബോളിവുഡിലെ ഒരു സീനിയർ ഡയറക്ടർ തന്നെ പ്രശംസിച്ചത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ആസ്തി 332 കോടി, 100 കോടിയുടെ ബംഗ്ലാവ്; സിനിമയില്ലെങ്കിലും റാണിയെപ്പോലെ രേഖയുടെ ആഢംബര ജീവിതം!

