പുകവലിയും പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവുമാണ് ശ്വാസകോശ അർബുദത്തിന്റെ പ്രധാന കാരണങ്ങളെന്ന് നമുക്കറിയാം. എന്നാല്‍, ജീവിതത്തില്‍ ഒരിക്കല്‍ പോലും പുകവലിക്കാത്തവരിലും ഇന്ന് ശ്വാസകോശ അർബുദം വർധിച്ചുവരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരിടത്താണ് ഒളിച്ചിരിക്കുന്നത്-നമ്മുടെ സ്വന്തം അടുക്കളയില്‍.
ഇന്റേണല്‍ മെഡിസിൻ വിദഗ്ധനായ ഡോ.പ്രിയം ബർദോലോയ് ആണ് പുകവലിക്കാത്തവരില്‍ ശ്വാസകോശ അർബുദ സാധ്യത വർധിപ്പിക്കുന്ന ഈ നിശബ്ദ അപകടത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.
അടുക്കളയില്‍ പുക പുറന്തള്ളാനുള്ള സംവിധാനങ്ങളോ കൃത്യമായ വായുസഞ്ചാരമോ ഇല്ലാതെ ഉയർന്ന ചൂടില്‍ ഭക്ഷണം പാചകം ചെയ്യുന്നതാണ് ഈ അപകടത്തിന് കാരണം. കൂടുതല്‍ ചൂടില്‍ എണ്ണ ഉപയോഗിച്ച് വറുക്കുകയോ പൊരിക്കുകയോ ചെയ്യുന്ന സമയത്ത് എണ്ണകള്‍ വിഘടിക്കുകയും വിഷവാതകങ്ങള്‍ വായുവില്‍ കലരുകയും ചെയ്യുന്നു.
ഉയർന്ന ചൂടില്‍ എണ്ണ ചൂടാകുമ്പോള്‍ പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകള്‍, അക്രോലിൻ പോലുള്ള ആല്‍ഡിഹൈഡുകള്‍ തുടങ്ങിയ വിഷവസ്തുക്കള്‍ വായുവിലേക്ക് വ്യാപിക്കുന്നു. വായുസഞ്ചാരമില്ലാത്ത അടുക്കളയില്‍ ദീർഘകാലം ഇത്തരത്തിലുള്ള പുക ശ്വസിക്കുന്നത് ശ്വാസകോശത്തിന്റെ ഉള്‍ഭിത്തിയിലുള്ള കോശങ്ങളെ പതുക്കെ നശിപ്പിക്കുന്നു.
വിഷപ്പുക തുടർച്ചയായി ശ്വസിക്കുന്നത് കോശങ്ങളിലെ ഡിഎൻഎ ഘടനയ്ക്ക് വ്യതിയാനങ്ങള്‍ വരുത്തുകയും, ഇത് പതുക്കെ അർബുദമായി മാറുകയും ചെയ്യുന്നു. വീട്ടില്‍ കൂടുതല്‍ സമയം പാചകത്തിനായി ചെലവഴിക്കുന്നവരെയാണ് (പ്രത്യേകിച്ച് സ്ത്രീകളെ) ഈ വില്ലൻ കൂടുതല്‍ ബാധിക്കുന്നത്.
ക്രാഷ് ഡയറ്റുകളില്ലാതെ 26 കിലോ ഭാരം കുറച്ച് യുവതി; രഹസ്യം ലളിതമായ 'കാലറി ഡെഫിസിറ്റ്' രീതി
ശ്വാസകോശ ആരോഗ്യം ഉറപ്പാക്കാൻ ചില ലളിത മാർഗങ്ങള്‍
- പാചകം ആരംഭിക്കുമ്പോള്‍ തന്നെ അടുക്കളയിലെ എക്സോസ്റ്റ് ഫാനോ ചിമ്മിനിയോ ഓണ്‍ ചെയ്യുക.
- പാചകം ചെയ്യുമ്പോള്‍ അടുക്കളയിലെ ജനലുകള്‍ തുറന്നിടുക.
- പാചകത്തിനിടെ ഉണ്ടാകുന്ന പുകയും എണ്ണമയമുള്ള വായുവും അടുക്കളയ്ക്കുള്ളില്‍ കെട്ടിക്കിടക്കാതെ ഉടൻ തന്നെ പുറത്തുപോകുന്നുണ്ടെന്ന് ഉറപ്പാക്കുക.
പുകവലിക്കാതിരുന്നതുകൊണ്ടു മാത്രം നമ്മള്‍ പൂർണമായും സുരക്ഷിതരാകുന്നില്ല. അടുക്കളയിലെ ചെറിയൊരു ശ്രദ്ധക്കുറവ് വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാമെന്ന് തിരിച്ചറിഞ്ഞ് ആവശ്യമായ മുൻകരുതലുകള്‍ സ്വീകരിക്കാം.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

