Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പുതിയ യൂസര്‍നെയിം ഫീച്ചര്‍: കേന്ദ്രത്തിന്റെ നോട്ടീസും വാട്സാപ്പിന്റെ പ്രതിരോധവും

പുതിയ യൂസര്‍നെയിം ഫീച്ചര്‍: കേന്ദ്രത്തിന്റെ നോട്ടീസും വാട്സാപ്പിന്റെ പ്രതിരോധവും

ന്യൂഡല്‍ഹി: വ്യാജരേഖ ചമയ്ക്കല്‍, സാമ്പത്തിക തട്ടിപ്പുകള്‍ തുടങ്ങിയവയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ പുതിയ 'യൂസർനെയിം' ഫീച്ചർ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച്‌ കേന്ദ്രം വാട്സ്‌ആപ്പിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്.

പുതിയ ഫീച്ചറിനെക്കുറിച്ച്‌ വിശദീകരണം നല്‍കാൻ കേന്ദ്ര ഐടി മന്ത്രാലയം വാട്സാപ്പിന് മൂന്ന് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

മറ്റൊരു ഉപയോക്താവുമായി ആദ്യമായി ബന്ധപ്പെടുമ്പോള്‍ തങ്ങളുടെ ഫോണ്‍ നമ്പറുകള്‍ മറച്ചുവെക്കാനും, പകരം ഒരു യൂസർനെയിം തിരഞ്ഞെടുക്കാനും ഉപയോക്താക്കളെ ഘട്ടം ഘട്ടമായി അനുവദിക്കുമെന്ന് വാട്സാപ്പ് അറിയിച്ചിരുന്നു. ഫോണ്‍ നമ്പർ ഇല്ലാത്ത സാഹചര്യത്തില്‍ ഒരാളെ ബന്ധപ്പെടാൻ അവരുടെ കൃത്യമായ യൂസർനെയിം അറിഞ്ഞിരിക്കണമെന്നതിനാല്‍, വാട്സാപ്പ് സംഭാഷണങ്ങള്‍ കൂടുതല്‍ സ്വകാര്യമാക്കാനാണ് ഈ ഫീച്ചർ സഹായിക്കുകയെന്ന് കമ്പനി അവകാശപ്പെടുന്നു.

തട്ടിപ്പുകാർ തങ്ങള്‍ മറ്റാരോ ആണെന്ന് നടിച്ച്‌ ഉപയോക്താക്കളെ പറ്റിക്കാൻ ഈ ഫീച്ചർ ഉപയോഗിക്കുമെന്നാണ് ചിലർ ആശങ്കപ്പെടുന്നത്. ടെലിഗ്രാം, സിഗ്നല്‍ തുടങ്ങിയ മെസ്സേജിംഗ് ആപ്പുകളില്‍ ഇതിനകം തന്നെ ഇത്തരം ഫീച്ചറുകള്‍ ലഭ്യമാണ്. വരും മാസങ്ങളില്‍ ഈ ഫീച്ചർ പുറത്തിറക്കുമെന്ന് വാട്സ്‌ആപ്പ് നേരത്തെ അറിയിച്ചിരുന്നു. യൂസർനെയിം ഫീച്ചറുമായി ബന്ധപ്പെട്ട് ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാരിന്റെ നോട്ടീസിന് മറുപടിയായി കമ്പനി വ്യക്തമാക്കി.

വാട്സാപ്പിന്റെ യൂസർനെയിം ഫീച്ചറില്‍ സർക്കാരിന് ആശങ്ക എന്തുകൊണ്ട്?

പുതിയ ഫീച്ചർ ഓണ്‍ലൈൻ തട്ടിപ്പുകള്‍, ഫിഷിംഗ്, ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍, വ്യാജരേഖ ചമച്ചുള്ള ആക്രമണങ്ങള്‍ എന്നിവ ഗണ്യമായി വർദ്ധിപ്പിക്കാൻ കാരണമായേക്കാമെന്ന് കേന്ദ്രം വാട്സാപ്പിന് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കിയതായാണ് വിവരം. യഥാർത്ഥ വ്യക്തികളോടും സ്ഥാപനങ്ങളോടും സാമ്യമുള്ള യൂസർനെയിമുകള്‍ ഉപയോഗിക്കാൻ തട്ടിപ്പുകാരെ അനുവദിക്കുന്നതിലൂടെ പ്രമുഖ വ്യക്തികള്‍, പൊതു അധികാരികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, സർക്കാർ ഏജൻസികള്‍ എന്നിവരുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ നിർമ്മിക്കാൻ ഇത് വഴിയൊരുക്കുമെന്നും സർക്കാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ വിഷയത്തിലുള്ള ആശങ്കകള്‍ ഇലക്‌ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തെ അറിയിച്ചതായി മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. ഈ പുതിയ ഫീച്ചറിന്റെ അപകടസാധ്യതകള്‍ സർക്കാർ വിലയിരുത്തുമെന്നും, ഇത് നിലവിലുള്ള നിയമസംവിധാനങ്ങള്‍ക്ക് വിരുദ്ധമാണോ എന്ന് പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

തട്ടിപ്പുകാർ പ്രമുഖ വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരുമായി ബന്ധപ്പെട്ട യൂസർനെയിമുകളോ അവയോട് സാമ്യമുള്ള പേരുകളോ കൈക്കലാക്കാൻ സാധ്യതയുണ്ടെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. അവർ മറ്റുള്ളവർക്ക് സന്ദേശങ്ങള്‍ അയച്ച്‌ തങ്ങള്‍ മറ്റാരോ ആണെന്ന് നടിച്ചേക്കാം. സാങ്കേതികമായി അറിവില്ലാത്ത സാധാരണക്കാർക്ക് ഇത് വലിയൊരു വെല്ലുവിളിയായിരിക്കും. വാട്സാപ്പ് വഴി 'ഡിജിറ്റല്‍ അറസ്റ്റ്' പോലുള്ള തട്ടിപ്പുകള്‍ ഇതിനകം തന്നെ കാണുന്നുണ്ടെന്നും ഈ ഫീച്ചർ അവർക്ക് കൂടുതല്‍ സഹായകരമായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഭ്യന്തര വിലയിരുത്തലുകള്‍ക്കും വാട്സ്‌ആപ്പുമായുള്ള ആശയവിനിമയത്തിനും ശേഷം വ്യാജരേഖ ചമയ്ക്കല്‍ തടയാൻ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്ന് തോന്നിയാല്‍, ഈ ഫീച്ചർ അവതരിപ്പിക്കുന്നത് പൂർണ്ണമായും തടയണമോ എന്ന് സർക്കാർ ആലോചിച്ചേക്കാമെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇന്ത്യൻ ടെക് ലോകത്തെ ചില പ്രമുഖരും ഈ ഫീച്ചറിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

കൃത്യമായ സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍, സാമ്യമുള്ള യൂസർനെയിമുകള്‍ വ്യാജരേഖ ചമയ്ക്കലിനും തട്ടിപ്പുകള്‍ക്കുമുള്ള പ്രധാന കാരണമായി മാറുമെന്ന് പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖർ ശർമ്മ മുന്നറിയിപ്പ് നല്‍കി. ഇത് ഒട്ടും നല്ല ആശയമല്ലെന്നും ഇത് തട്ടിപ്പുകളുടെയും വ്യാജരേഖ ചമയ്ക്കലുകളുടെയും വർദ്ധനവിന് കാരണമാകുമെന്നും മൊബിക്വിക് സിഇഒ ബിപിൻ പ്രീത് സിംഗ് എക്സില്‍ കുറിച്ചു.

വാട്സാപ്പിന്റെ പ്രതിരോധം

വ്യാജരേഖ ചമയ്ക്കല്‍ തടയുന്നതിനായി പൊതുപ്രവർത്തകർ, സർക്കാർ സ്ഥാപനങ്ങള്‍, സെലിബ്രിറ്റികള്‍ എന്നിവരുടെ പ്രമുഖ പേരുകള്‍ തങ്ങള്‍ മാറ്റിവെച്ചിട്ടുണ്ടെന്ന് വാട്സ്‌ആപ്പ് വക്താവ് പറഞ്ഞു. വാട്സ്‌ആപ്പില്‍ താല്പര്യമുള്ള യൂസർനെയിം റിസർവ് ചെയ്യാനുള്ള അവസരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഫീച്ചർ നിലവില്‍ വന്നിട്ടില്ലെന്നും ഈ വർഷം അവസാനത്തോടെ മാത്രമേ സാവധാനം പുറത്തിറക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേ‌ർത്തു.

ഒരു വ്യക്തിയ്ക്ക് സന്ദേശമയക്കാൻ മറ്റ് ഉപയോക്താക്കള്‍ക്ക് ആ വ്യക്തിയുടെ കൃത്യമായ യൂസർനെയിം അറിഞ്ഞിരിക്കണമെന്ന് വാട്സ്‌ആപ്പ് വ്യക്തമാക്കി. ഒരു അക്കൗണ്ടിന് പുതുതായി എത്ര ആളുകളെ ബന്ധപ്പെടാം എന്നതിന് പരിധി നിശ്ചയിക്കും. ഒരാളുടെ യൂസർനെയിം ഊഹിച്ചെടുക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളെ തടയുമെന്നും വ്യാജരേഖ ചമയ്ക്കലും ദുരുപയോഗങ്ങളും കണ്ടെത്തി നീക്കം ചെയ്യാനുള്ള സംവിധാനങ്ങളും പുതിയ ഫീച്ചറിലുണ്ടെന്ന് വാട്സ്‌ആപ്പ് വ്യക്തമാക്കി.

ആരെങ്കിലും യൂസർനെയിം വഴി ആദ്യമായി സന്ദേശം അയക്കുമ്പോള്‍ അത് പുതിയ അക്കൗണ്ടാണോ, അവർ നിങ്ങളുടെ കോണ്‍ടാക്റ്റില്‍ ഉള്ള വ്യക്തിയാണോ, അവർ ഏതെങ്കിലും പൊതുവായ ഗ്രൂപ്പുകളില്‍ ഉണ്ടോ, അവർ മറ്റൊരു രാജ്യത്ത് നിന്നുള്ള വ്യക്തിയാണോ തുടങ്ങിയ വിവരങ്ങള്‍ വാട്സാപ്പ് പ്രദർശിപ്പിക്കും. ഇത് വഴി അതിന് മറുപടി നല്‍കണോ വേണ്ടയോ എന്ന് ഉപയോക്താവിന് തീരുമാനിക്കാമെന്നും കമ്പനി അറിയിച്ചു.

അധിക സുരക്ഷാ ഫീച്ചർ എന്ന നിലയില്‍, തങ്ങളുടെ യൂസർനെയിം വഴി ആർക്കൊക്കെ ബന്ധപ്പെടാമെന്ന് നിയന്ത്രിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഒപ്ഷണല്‍ 'യൂസർനെയിം കീ', ക്രിയേറ്റർമാർക്കും ചെറുകിട ബിസിനസുകാർക്കും സംഘടനകള്‍ക്കുമായി, അവരുടെ നിലവിലുള്ള ഇൻസ്റ്റാഗ്രാം അല്ലെങ്കില്‍ ഫേസ്ബുക്ക് യൂസർനെയിം തന്നെ വാട്സാപ്പിലും ഉപയോഗിക്കാനുള്ള അവസരം എന്നിവയുണ്ടാകും.

സേവന നിബന്ധനകള്‍ ലംഘിക്കുന്നതായി കരുതുന്ന യൂസർനെയിമുകള്‍ നീക്കം ചെയ്യുകയോ അക്കൗണ്ടുകള്‍ പൂർണ്ണമായി നിരോധിക്കുകയോ ചെയ്യുമെന്ന് വാട്സ്‌ആപ്പ് അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam