ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം പതിപ്പിലെ തങ്ങളുടെ മൂന്നാം മത്സരത്തിലും ജയം കണ്ടെത്താനാകാതെ കേരള ബ്ലാസ്റ്റേഴ്സ്. ചെന്നൈയിന് എഫ്സിക്കെതിരായ സതേണ്‍ ഡെര്‍ബിയില്‍ ഗോള്‍രഹിത സമനില വഴങ്ങിയാണ് കേരള ബ്ലാസ്റ്റേഴ്സ് കന്നി ജയത്തിനായുള്ള കാത്തിരിപ്പ് തുടരുന്നത്. തകര്‍പ്പന്‍ പെനാല്‍റ്റി സേവിലൂടെ ചെന്നൈയിന്‍ സുവര്‍ണാവസരം തകര്‍ത്ത ആല്‍ബിനോ ഗോമസാണ് തോല്‍വി ഒഴിവാക്കിയത്.
ആദ്യ മിനിറ്റുകളില്‍ മത്സരത്തിന്റെ പൂര്‍ണ ആധിപത്യം ചെന്നൈയിന്‍ എഫ്സിക്കായിരുന്നു. പന്തില്‍ താളം കണ്ടെത്താന്‍ പ്രയാസപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിന്റെ പിഴവുകളെല്ലാം അവസരങ്ങളാക്കി മാറ്റി ചെന്നൈയിന്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്ത് നിരന്തര അക്രമണങ്ങള്‍ അഴിച്ചുവിട്ടു.
പ്രതിരോധത്തില്‍ ബക്കാറി കോനയുടെ പ്രകടനമാണ് ചെന്നൈക്ക് വലിയ വിലങ്ങുതടിയായത്. കളി മെനയാന്‍ മധ്യനിരയും മുന്നേറ്റവും പരാജയപ്പെട്ടപ്പോഴും പ്രതിരോധത്തില്‍ ബക്കാറി കോന സൃഷ്ടിച്ച കോട്ട തകര്‍ക്കാന്‍ ചെന്നൈക്ക് സാധിച്ചില്ല. എന്നാല്‍ 20-ാം മിനിറ്റില്‍ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത കേരള ബ്ലാസ്റ്റേഴ്സ് നിരന്തരം അവസരങ്ങള്‍ സൃഷ്ടിച്ചു. 26-ാം മിനിറ്റില്‍ സില്‍വസ്റ്റര്‍ പന്ത് ബ്ലാസ്റ്റേഴ്സ് ഗോള്‍വലയില്‍ എത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
പിന്നാലെ വലത് വിങ്ങിലൂടെ നിരവധി മുന്നേറ്റങ്ങളാണ് ഫകുണ്ടോ പെരേരയും നയൊറമും ചെന്നൈ ഗോള്‍മുഖത്തേക്ക് നടത്തിയത്. എന്നാല്‍ ലക്ഷ്യം കാണാന്‍ സാധിച്ചില്ല. 29-ാം മിനിറ്റില്‍ രോഹിത്തിന്റെ ലോങ് റേഞ്ച് ഏറെ പണിപ്പെട്ടാണ് ചെന്നൈ ഗോള്‍കീപ്പര്‍ തട്ടിയകറ്റിയത്. നയൊറം വീണ്ടും ചെന്നൈ പ്രതിരോധത്തിലേക്ക് ഇരച്ചു കയറിയെങ്കിലും ഫലമുണ്ടായില്ല. 45-ാം മിനിറ്റില്‍ ബക്കാറി കോനയ്ക്ക് യെല്ലോ കാര്‍ഡ് ലഭിച്ചത് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ രാഹുലിനെയും ജെസലിനെയും പ്ലെയിങ് ഇലവനിലെത്തിച്ച കിബു പ്രതിരോധവും മുന്നേറ്റവും ഒരുപോലെ ശക്തമാക്കി. പിന്നാലെ അക്രമണത്തിന്റെ മൂര്‍ച്ച കൂട്ടിയ ചെന്നൈയും ലക്ഷ്യം ഗോള്‍ തന്നെയെന്ന് വ്യക്തമാക്കി. ഇതോടെ മത്സരം കൂടുതല്‍ വാശിയേറിയതായി. 74-ാം മിനിറ്റില്‍ ക്രിവല്ലാരോയെ ബോക്സിനുള്ളില്‍ സിഡോഞ്ച ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി അവസരം സില്‍വസ്റ്റര്‍ കളഞ്ഞുകുടിച്ചത് ചൈന്നൈക്ക് തിരിച്ചടിയായി. ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസിന്റെ തകര്‍പ്പന്‍ സേവാണ് ബ്ലാസ്റ്റേഴ്സിന് തുണയായത്.
അവസാന അഞ്ച് മിനിറ്റിലേക്ക് ജീക്സണെയും മുറെയെയും കളത്തിലെത്തിച്ച കിബു അപ്പോഴും ഗോളിനായുള്ള ശ്രമമാണ് നടത്തിയത്. ഇഞ്ചുറി ടൈമിന് തൊട്ടുമുമ്ബ് സിഡോ പരുക്കേറ്റ് പുറത്തായതോടെ ബ്ലാസ്റ്റേഴ്സ് പത്ത് പേരായി ചുരുങ്ങി. ഇഞ്ചുറി ടൈമിലും ഗോള്‍ പിറക്കാതെ വന്നതോടെ മത്സരം സമനിലയില്‍. കേരള ബ്ലാസ്റ്റേഴ്സ് സീസണില്‍ വഴങ്ങുന്ന രണ്ടാമത്തെ സമനിലയാണിത്.

