രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്തുക എന്നത് ഇന്നത്തെ കാലത്ത് പലരും നേടിരുന്ന വലിയൊരു വെല്ലുവിളിയാണ്.
എന്നാല്‍ നമ്മുടെ അടുക്കളയില്‍ തന്നെ സുലഭമായി ലഭിക്കുന്ന മൂന്ന് സാധാരണ ചേരുവകള്‍ കൊണ്ട് പ്രമേഹം നിയന്ത്രിക്കാനും ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും സാധിക്കുമെന്ന് വ്യക്തമാക്കുകയാണ് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖർജി.
ബോളിവുഡ് താരം പ്രിയങ്ക ചോപ്ര, രേഖ, സീനത്ത് അമൻ, സിമി ഗരേവാള്‍ തുടങ്ങിയ പ്രമുഖരുടെ ഡയറ്റീഷ്യനായ അഞ്ജലി മുഖർജി അടുത്തിടെ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ ലളിതമായ ആരോഗ്യ രഹസ്യം പങ്കുവെച്ചത്. നമ്മുടെ അടുക്കളകളില്‍ എപ്പോഴും ലഭ്യമാകുന്ന കറുവാപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ എന്നീ മൂന്ന് സുഗന്ധവ്യഞ്ജനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ മൂന്ന് ചേരുവകളുടെയും പൊടി സമമായി കലർത്തി ചെറുചൂടുവെള്ളത്തില്‍ ചേർത്താണ് രാവിലെ കുടിക്കേണ്ടത്.
പ്രധാന ആരോഗ്യ ഗുണങ്ങള്‍
ഷുഗർ ലെവല്‍ നിയന്ത്രിക്കുന്നു: അനുയോജ്യമായ ഭക്ഷണക്രമത്തോടൊപ്പം രാവിലെ ഈ സുഗന്ധവ്യഞ്ജന മിശ്രിതം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താൻ സഹായിക്കും.
ആന്റിഓക്സിഡന്റുകളാല്‍ സമൃദ്ധം: കറുവാപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ എന്നിവയില്‍ ധാരാളം സ്വാഭാവിക ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീര കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്ന ഫ്രീ റാഡിക്കലുകളെ തടയുന്നു.
ശരീരത്തിലെ വീക്കം കുറയ്ക്കുന്നു: പല ജീവിതശൈലീ രോഗങ്ങള്‍ക്കും കാരണമാകുന്ന വിട്ടുമാറാത്ത ഇൻഫ്ലമേഷൻ (അണുബാധ/വീക്കം) തടയാൻ ഈ പാനീയം സഹായിക്കും.
ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു: രാവിലെ വെറുംവയറ്റില്‍ ചെറുചൂടുവെള്ളത്തില്‍ ഈ കൂട്ട് കുടിക്കുന്നത് ദഹനവ്യവസ്ഥയെ കൂടുതല്‍ കാര്യക്ഷമമാക്കുന്നു.
എന്തുകൊണ്ട് ആന്റിഓക്സിഡന്റുകള്‍ പ്രധാനം?
ശരീരത്തില്‍ ഉണ്ടാവുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് മൂലമുള്ള കോശക്ഷയങ്ങളെ പ്രതിരോധിക്കാൻ ആന്റിഓക്സിഡന്റുകള്‍ അത്യാവശ്യമാണ്. ദീർഘകാല അടിസ്ഥാനത്തില്‍ കാൻസർ, ഹൃദ്രോഗങ്ങള്‍, പ്രായമാകുമ്പോഴുണ്ടാകുന്ന കാഴ്ചക്കുറവ് തുടങ്ങിയവയെ ഒരുപരിധിവരെ തടയാൻ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണശീലം സഹായിക്കും.
ജീവിതരീതിയില്‍ വരുത്തുന്ന ചെറിയ പോസിറ്റീവായ മാറ്റങ്ങളാണ് ദീർഘകാല ആരോഗ്യം നല്‍കുന്നത്. കൃത്യമായ ഭക്ഷണക്രമത്തിനും വ്യായാമത്തിനുമൊപ്പം ഈ പാനീയം നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

