Dailyhunt
രാമജന്മഭൂമി ട്രസ്റ്റ് മേധാവിക്ക് കോവിഡ്; മോദിക്കൊപ്പം വേദി പങ്കിട്ടു

രാമജന്മഭൂമി ട്രസ്റ്റ് മേധാവിക്ക് കോവിഡ്; മോദിക്കൊപ്പം വേദി പങ്കിട്ടു

രാമജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാല്‍ ദാസ് (മധ്യത്തില്‍)

അയോധ്യ: രാമജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാല്‍ ദാസിന് കോവിഡ്-19 സ്ഥിരീകരിച്ചു. അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജയ്‌ക്ക് പിന്നാലെയാണ് ഇദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞയാഴ്‌ച നടന്ന രാമക്ഷേത്ര ഭൂമിപൂജ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മഹന്ത് നൃത്യ ഗോപാല്‍ ദാസ് വേദി പങ്കിട്ടിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ എന്നിവരും കോവിഡ് സ്ഥിരീകരിച്ച ട്രസ്റ്റ് മേധാവിക്കൊപ്പം വേദി പങ്കിട്ടിരുന്നു.

ഓഗസ്റ്റ് അഞ്ചിനാണ് രാമക്ഷേത്ര ഭൂമിപൂജ ചടങ്ങുകള്‍ നടന്നത്.

സ്ഥിതിഗതികള്‍ വളരെ ശ്രദ്ധയോടെ നിരീക്ഷിക്കണമെന്ന് യുപി സര്‍ക്കാര്‍ മഥുര ജില്ലാ ഭരണകൂടത്തിനും ആരോഗ്യവകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഹന്ത് നൃത്യ ഗോപാല്‍ ദാസിന്റെ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് യുപി മുഖ്യമന്ത്രി ആശുപത്രിയിലെ വിദഗ്‌ധ സംഘത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മഥുരയില്‍ ശ്രീകൃഷ്ണ ജന്മാഷ്‌ടമി ആഘോഷങ്ങളില്‍ പങ്കെടുത്തതിന് ശേഷം നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് മഹന്ത് നൃത്യ ഗോപാല്‍ ദാസിനു കോവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചത്.

മഥുര ജില്ലയിലെ മേദാന്ത ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചികിത്സാ കാര്യങ്ങളുടെ മേല്‍നോട്ട ചുമതല മഥുര ജില്ലാ കളക്ടര്‍ക്ക്‌ നല്‍കിയിട്ടുണ്ട്. ആരോഗ്യനില തൃപ്‌തികരമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പനിയും ശ്വാസമെടുക്കാന്‍ നേരിയ തോതില്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നു.

രാമക്ഷേത്ര നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ട്രസ്റ്റിന്റെ തലവനാണ് മഹന്ത് നൃത്യ ഗോപാല്‍ ദാസ്. കേന്ദ്ര സര്‍ക്കാര്‍ ഒരു ട്രസ്റ്റ് രൂപീകരിച്ച്‌ ക്ഷേത്ര നിര്‍മാണം പൂര്‍ണമായും ആ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് നടക്കേണ്ടതെന്നായിരുന്നു സുപ്രീം കോടതി വിധി. രാമക്ഷേത്രത്തിനു തറക്കല്ലിട്ടതു മോദിയാണ്. തറക്കല്ലിടല്‍ ചടങ്ങിനു ശേഷം നടന്ന സമ്മേളനത്തിലും രാമജന്മഭൂമി ട്രസ്റ്റ് മേധാവിക്കൊപ്പം മോദി വേദി പങ്കിട്ടിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam