ഏകദേശം 4000 കോടി രൂപ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രമായ 'രാമായണ'ത്തെക്കുറിച്ച് പുറത്തുവരുന്ന പുതിയ വാർത്തകള്‍ സിനിമാ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.
രണ്‍ബീർ കപൂറും യാഷും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഒടിടി അവകാശത്തിനായി ലഭിച്ച 700 കോടി രൂപയുടെ റെക്കോർഡ് വാഗ്ദാനം നിർമ്മാതാവായ നമിത് മല്‍ഹോത്ര നിരസിച്ചതായാണ് റിപ്പോർട്ടുകള്‍.
ഇന്ത്യൻ സിനിമയുടെ ചരിത്രത്തില്‍ ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന ഡിജിറ്റല്‍ ഓഫറുകളില്‍ ഒന്നായിരുന്നു ഇതെങ്കിലും, തന്റെ ചിത്രത്തിന്റെ മൂല്യത്തിലും ആഗോളതലത്തിലുള്ള സ്വാധീനത്തിലും ഉള്ള ഉറച്ച വിശ്വാസമാണ് ഇത്രയും വലിയൊരു തുക വേണ്ടെന്നു വെക്കാൻ നിർമ്മാതാവിനെ പ്രേരിപ്പിച്ചത്. 700 കോടിക്ക് പകരം ആയിരം കോടി രൂപയെങ്കിലും ഡിജിറ്റല്‍ അവകാശത്തിലൂടെ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നമിത് മല്‍ഹോത്ര ഇപ്പോള്‍ നീങ്ങുന്നത്.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ'ത്തില്‍ ശ്രീരാമനായി രണ്‍ബീർ കപൂറും സീതയായി സായ് പല്ലവിയും രാവണനായി യാഷും വേഷമിടുന്നു. സണ്ണി ഡിയോള്‍ ഹനുമാനായും രവി ദുബെ ലക്ഷ്മണനായും എത്തുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളിലായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
ചിത്രത്തിന്റെ രണ്ട് ഭാഗങ്ങള്‍ക്കും കൂടെയാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ 700 കോടി രൂപ വാഗ്ദാനം ചെയ്തത്. എന്നാല്‍ സിനിമയുടെ നിർമ്മാണത്തിനായി ചിലവാക്കിയ 4000 കോടി രൂപയും അതിന്റെ ദൃശ്യഭംഗിയും പരിഗണിക്കുമ്പോള്‍ ഈ തുക കുറവാണെന്നാണ് നമിത് മല്‍ഹോത്രയുടെയും സംഘത്തിന്റെയും വിലയിരുത്തല്‍.
വരും തലമുറകള്‍ പോലും ചർച്ച ചെയ്യുന്ന ഒരു ലെഗസി ചിത്രമായാണ് നിർമാതാക്കള്‍ രാമായണത്തെ കാണുന്നത്. അതിനാല്‍ തന്നെ സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക് അവകാശങ്ങള്‍ ഇപ്പോള്‍ തന്നെ വിറ്റു പണമാക്കാതെ കൂടുതല്‍ മികച്ച ഡീലുകള്‍ക്കായി കാത്തിരിക്കാനാണ് നിർമ്മാതാവിന്റെ തീരുമാനം.
ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങുന്നതോടെ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ തങ്ങളുടെ വാഗ്ദാനം വർദ്ധിപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അണിയറപ്രവർത്തകർ. നമിത് മല്‍ഹോത്രയുടെ തന്നെ ഉടമസ്ഥതയിലുള്ള വിഎഫ്‌എക്സ് കമ്പനിയായ 'ഡിഎൻഇജി' (DNEG) ആണ് ചിത്രത്തിന്റെ ഗംഭീരമായ ദൃശ്യവിസ്മയങ്ങള്‍ ഒരുക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു പ്രോജക്റ്റ് എന്ന നിലയില്‍ 1000 കോടി രൂപ എന്നത് ന്യായമായ വിലയാണെന്ന് ഇവർ വിശ്വസിക്കുന്നു. ആവശ്യമെങ്കില്‍ ആദ്യ ഭാഗത്തിന്റെ അവകാശം മാത്രം ഇപ്പോള്‍ നല്‍കി, അതിന്റെ തിയേറ്റർ വിജയം വിലയിരുത്തിയ ശേഷം രണ്ടാം ഭാഗത്തിന്റെ വില നിശ്ചയിക്കുന്ന 'ധുരന്ധർ' മോഡല്‍ തന്ത്രവും നിർമാതാക്കള്‍ ആലോചിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള തിയേറ്റർ കളക്ഷനിലൂടെ ബാക്കിയുള്ള 3000 കോടി രൂപ തിരിച്ചുപിടിക്കാമെന്നാണ് നിർമ്മാതാക്കളുടെ കണക്കുകൂട്ടല്‍.
സാധാരണയായി വലിയ സിനിമകള്‍ റിലീസിന് മുൻപേ ഒടിടി കരാറുകള്‍ ഒപ്പിട്ട് സുരക്ഷിതരാകാനാണ് നിർമ്മാതാക്കള്‍ ശ്രമിക്കാറുള്ളത്. എന്നാല്‍ നമിത് മല്‍ഹോത്ര ഇവിടെ എടുത്തിരിക്കുന്നത് വലിയൊരു റിസ്ക് തന്നെയാണ്. ഇന്ത്യൻ സിനിമയുടെ ഗതി മാറ്റാൻ പോകുന്ന ഒരു ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന രാമായണം, ബോക്സ് ഓഫീസില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് നമിത് മല്‍ഹോത്ര ഉറച്ചു വിശ്വസിക്കുന്നു. പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, ഡിഎൻഇജി, യാഷിന്റെ മോണ്‍സ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 2026 ദീപാവലിക്ക് ഒന്നാം ഭാഗവും 2027 ദീപാവലിക്ക് രണ്ടാം ഭാഗവും റിലീസ് ചെയ്യാനാണ് നിലവിലെ തീരുമാനം.

