കാത്തിരിപ്പിനൊടുവില്‍ രണ്‍ബീർ കപൂർ, സായി പല്ലവി, യാഷ് എന്നിവർ ഒന്നിക്കുന്ന 'രാമായണം' സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.
മര്യാദാ പുരുഷോത്തമനായ ശ്രീരാമനും മൂന്നു ലോകങ്ങളുടെയും പ്രഭുവായ രാവണനും തമ്മിലുള്ള മഹാ യുദ്ധത്തിന്റെ സൂചനകളാണ് ട്രെയിലർ നല്‍കുന്നത്. ഇന്ത്യയില്‍ ബ്രഹ്മ മുഹൂർത്തത്തില്‍; അതായത് പുലർച്ചെ 4:15-നാണ് ട്രെയിലർ റിലീസ് ചെയ്തത്. കൂടാതെ 'സ്പൈഡർമാൻ: ബ്രാൻഡ് നെയിം ഡേ'സിനിമയോടൊപ്പം തിയേറ്ററുകളിലും ഈ ട്രെയിലർ പ്രദർശിപ്പിക്കും.
രാജ്യമില്ലാത്ത ഒരു രാജാവായിട്ടാണ് യാഷ് ട്രെയിലറിൻ്റെ തുടക്കത്തില്‍ എത്തുന്നത്. തുടർന്ന് വളരെ പെട്ടെന്ന് മൂന്ന് ലോകങ്ങളും കീഴടക്കുന്ന രാവണൻ്റെ രാജാവായുള്ള കിരീടധാരണവും ട്രെയിലറില്‍ കാണാം. ഒരു യോദ്ധാവ് എന്ന നിലയിലുള്ള ശ്രീരാമന്റെ (രണ്‍ബീർ കപൂർ) കരുത്ത്, സീതയുടെ (സായി പല്ലവി) സ്വയംവരം, ശ്രീരാമനെയും സീതയെയും ലക്ഷ്മണനെയും (രവി ദുബെ) 14 വർഷത്തെ വനവാസത്തിലേക്ക് അയക്കാനായി കൈകേയി (ലാറ ദത്ത) ആവശ്യപ്പെടുന്ന ദൃശ്യങ്ങളും ട്രെയിലറിലുണ്ട്.
ശ്രീരാമനായി എത്തുന്ന രണ്‍ബീർ കപൂറിന്റെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുമ്പോള്‍, ഏറെ കൈയ്യടി നേടുന്നത് യഷിന്റെ രാവണനാണ്. ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്ന രാവണൻ ആരാധകർക്ക് ആവേശമാകും എന്നതിന് സംശയമില്ല. യഷിന്റെ കരിയറിലെ പീക്ക് ലെവല്‍ പെർഫോമൻസ് എന്നാണ് ട്രെയിലറിന് ആരാധകർ നല്‍കുന്ന കമന്റ്. സാധാരണ വില്ലൻ വേഷങ്ങളില്‍ നിന്ന് തീർത്തും വ്യത്യസ്തമായി, രാജകീയ ഗാംഭീര്യവും ഭയപ്പെടുത്തുന്ന ഭാവാഭിനയും നിറഞ്ഞതാണ് യഷിന്റെ ലുക്ക്.
ഹനുമാനായി എത്തുന്ന സണ്ണി ഡിയോളിനെ ട്രെയിലറില്‍ കാണിച്ചിട്ടില്ല. "എവിടെയാണ് ഹനുമാൻ?" എന്നാണ് ആരാധകർ ചോദിക്കുന്നത്
വലിയ മുതല്‍മുടക്കിലും നമിത് മല്‍ഹോത്രയുടെ ഡി.എൻ.ഇ.ജിർ സ്റ്റുഡിയോയുടെ സാങ്കേതിക മികവിലുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീരാമന്റെ അയോധ്യ, സീതയുടെ വീട്, രാവണന്റെ ലങ്ക എന്നിങ്ങനെ കാലഘട്ടത്തിന് അനുയോജ്യമായ രീതിയിലാണ് ഇതിന്റെ ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
വാല്‍മീകി രാമായണത്തെ അടിസ്ഥാനമാക്കി രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന സിനിമയാണിത്. രണ്‍ബീർ കപൂർ, സായി പല്ലവി, യാഷ് എന്നിവരോടൊപ്പം സണ്ണി ഡിയോള്‍ (ഹനുമാൻ), രവി ദുബെ (ലക്ഷ്മണൻ), കാജല്‍ അഗർവാള്‍ (മണ്ഡോദരി), ലാറ ദത്ത (കൈകേയി), അരുണ്‍ ഗോവില്‍ (ദശരഥൻ), രാകുല്‍ പ്രീത് സിംഗ് (ശൂർപ്പണഖ), ഷീബ ചദ്ദ (മന്ഥര), ആദിനാഥ് കോത്താരെ (ഭരതൻ) തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.
നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും ഡി.എൻ.ഇ.ജിയും യാഷിന്റെ മോണ്‍സ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഏകദേശം 4,000 കോടി രൂപ ചെലവിലാണ് നിർമ്മിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍. ഓസ്കർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഒരു ഇന്ത്യൻ ചിത്രത്തിനായി ഇരുവരും ഒന്നിക്കുന്നത് ഇതാദ്യമാണ്.
പങ്കജ് കുമാർ ഛായാഗ്രഹണവും, 'മാഡ് മാക്സ്' ചിത്രങ്ങളുടെ ആക്ഷൻ ഡയറക്ടറായ ഗയ് നോറിസ് സംഘട്ടന രംഗങ്ങളും ഒരുക്കുന്നു. നിതീഷ് തിവാരിയും ശ്രീധർ രാഘവനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഐമാക്സ് (IMAX) സാങ്കേതികവിദ്യയോടെ ഒരുക്കുന്ന രാമായണം ലോകമെമ്പാടും റിലീസ് ചെയ്യും. ഒന്നാം ഭാഗം 2026 ദീപാവലിക്കും, രണ്ടാം ഭാഗം 2027 ദീപാവലിക്കും തിയേറ്ററുകളില്‍ എത്തും.

