Dailyhunt
രഞ്ജിത്തിന്റെ അറസ്റ്റ് അത്ഭുതപ്പെടുത്തുന്നില്ല, ശിക്ഷകള്‍ വെറും പ്രഹസനം: പാര്‍വതി തിരുവോത്ത്

രഞ്ജിത്തിന്റെ അറസ്റ്റ് അത്ഭുതപ്പെടുത്തുന്നില്ല, ശിക്ഷകള്‍ വെറും പ്രഹസനം: പാര്‍വതി തിരുവോത്ത്

ലൈംഗികാതിക്രമ കേസില്‍ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച്‌ നടി പാർവതി തിരുവോത്ത്. രഞ്ജിത്തിന്റെ അറസ്റ്റ് തന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ലെന്നും, കുറ്റം ചെയ്തവർ അതിനുള്ള ശിക്ഷ അനുഭവിക്കുന്നില്ലെന്നും പാർവതി തുറന്നടിച്ചു.

കൊച്ചിയില്‍ വെച്ച്‌ നടന്ന ഒരു സിനിമ ചിത്രീകരണത്തിനിടെ കാരവനില്‍ വെച്ച്‌ ലൈംഗികമായി ഉപദ്രവിച്ചു എന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയിലെ വിവേചനങ്ങളും ചൂഷണങ്ങളും ചർച്ചയാകുന്നതിനിടെയാണ് പ്രമുഖ സംവിധായകൻ തന്നെ വീണ്ടും ഇത്തരമൊരു കേസില്‍ കുടുങ്ങുന്നത്. സിനിമ മേഖലയിലെ സ്ത്രീസുരക്ഷയ്ക്കായി നടപ്പിലാക്കിയെന്ന് പറയപ്പെടുന്ന സംവിധാനങ്ങള്‍ എത്രത്തോളം ഫലപ്രദമാണെന്ന ചോദ്യവും ഇതോടെ ഉയരുന്നുണ്ട്.

ഡബ്ല്യു.സി.സി സ്ഥാപക അംഗം കൂടിയായ പാർവതി, സിസ്റ്റം അതിജീവിതരെ പരാജയപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടി. "രഞ്ജിത്തിന്റെ അറസ്റ്റ് എനിക്ക് വലിയ ഷോക്കോ അത്ഭുതമോ ആയി തോന്നുന്നില്ല. ഇത് ആവർത്തിക്കപ്പെടുന്ന കുറ്റകൃത്യമാണ്. മുൻപ് ചെയ്ത തെറ്റുകള്‍ക്ക് അർഹമായ വില നല്‍കാത്തവരാണിവർ," പാർവതി പറഞ്ഞു.

പരാതികള്‍ വരുമ്പോള്‍ ഇപ്പോഴും ചർച്ചകള്‍ നടക്കുന്നത് അതിജീവിത പറയുന്നത് വിശ്വസിക്കാമോ എന്നതിനെക്കുറിച്ചാണെന്നും ഇതില്‍ താൻ ഏറോ മടുത്തിരിക്കുകയാണെന്നും പാർവതി കൂട്ടിച്ചേർത്തു. 'തളർന്നു പോയി ഞാൻ' എന്ന കരീന കപൂറിന്റെ വാക്കുകള്‍ കടമെടുത്താണ് പാർവതി തന്റെ മാനസികാവസ്ഥ വ്യക്തമാക്കിയത്.

കുറ്റവാളികള്‍ക്ക് ലഭിക്കുന്ന ശിക്ഷാനടപടികള്‍ വെറും പ്രഹസനമാണെന്ന് പാർവതി വിമർശിച്ചു. "ശിക്ഷ എന്ന പേരില്‍ ഇവിടെ നടക്കുന്നത് വെറും അഭിനയമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോള്‍ എന്തുകൊണ്ട് ഇവർ പരാതിയുമായി മുന്നോട്ട് വന്നില്ലെന്ന് പലരും ചോദിച്ചു. എന്നാല്‍ പരാതിയുമായി മുന്നോട്ട് വരുന്ന നിമിഷം മുതല്‍ സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടുകയാണ്," പാർവതി പറഞ്ഞു. ന്യൂസ് 18യോട് സംസാരിക്കുമ്പോഴായിരുന്നു പാർവതിയുടെ പ്രതികരണം.

അതിജീവിതർ നേരിടുന്ന സാമ്പത്തികവും സാമൂഹികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ച്‌ സമൂഹം വേണ്ടത്ര ബോധവാന്മാരല്ല. പലർക്കും പേരുകള്‍ അറിയാനുള്ള ആകാംക്ഷ മാത്രമാണുള്ളതെന്നും നീതി നടപ്പിലാക്കുന്നതില്‍ താല്‍പ്പര്യമില്ലെന്നും പാർവതി കുറ്റപ്പെടുത്തി.

കേരള ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ കൂടിയായ രഞ്ജിത്തിനെ മാർച്ച്‌ 31-നാണ് ഇടുക്കിയിലെ തൊടുപുഴയില്‍ വെച്ച്‌ അറസ്റ്റ് ചെയ്തത്. ഇതിനെത്തുടർന്ന് ഫെഫ്ക അദ്ദേഹത്തെ സംഘടനയില്‍ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് മുൻപ് 2024-ലും 2025-ലും രഞ്ജിത്തിനെതിരെ ലൈംഗികാരോപണങ്ങള്‍ ഉയർന്നിരുന്നുവെങ്കിലും നിയമനടപടികള്‍ രഞ്ജിത്തിന് അനുകൂലമായിരുന്നു.

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന നടി, യുവനടന്റെ ഭാര്യ: ആളെ മനസ്സിലായോ?

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam