Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രാവിലെ ഗ്രീൻ ടീ കുടിച്ചാല്‍ മലശോധന ഉടനുണ്ടാകുമോ?

രാവിലെ ഗ്രീൻ ടീ കുടിച്ചാല്‍ മലശോധന ഉടനുണ്ടാകുമോ?

രാവിലെ ഒരു കപ്പ് ചൂടുള്ള ഗ്രീൻ ടീ കുടിച്ച ഉടൻ തന്നെ വയറ്റില്‍ നിന്നു പോകാൻ മുട്ടുന്നതായി പലർക്കും അനുഭവപ്പെടാറുണ്ട്.

അതുകൊണ്ട് തന്നെ ഗ്രീൻ ടീ ഒരു സ്വാഭാവിക ലാക്സറ്റീവ് (വയറിളക്ക മരുന്ന്/മലശോധന സഹായി) ആണോ എന്ന സംശയം പലരിലും ഉയർന്നുവരാറുണ്ട്. എന്നാല്‍ ഗ്രീൻ ടീ നേരിട്ട് ഒരു മലശോധന മരുന്നായി പ്രവർത്തിക്കുകയല്ല ചെയ്യുന്നത്, മറിച്ച്‌ നമ്മുടെ ദഹനവ്യവസ്ഥയോട് അത് പ്രതികരിക്കുന്ന രീതിയാണ് ഇതിന് പിന്നിലെന്ന് വിശദീകരിക്കുകയാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ.ജോസഫ് സല്‍ഹാബ്.

ഗ്രീൻ ടീ കുടിക്കുമ്പോള്‍ വയറ്റില്‍ സംഭവിക്കുന്നത് എന്ത്?

ചില ആളുകളില്‍ ഗ്രീൻ ടീ കുടിക്കുന്നത് കുടലിന്റെ ചലനങ്ങളെ വേഗത്തിലാക്കാറുണ്ട്. എന്നാല്‍ ഇത് തികച്ചും ഒരു മലശോധന മരുന്നാണെന്ന് പറയാനാകില്ലെന്ന് ഫ്ലോറിഡയില്‍ നിന്നുള്ള ദഹനവ്യവസ്ഥാ വിദഗ്ധനായ ഡോ.സല്‍ഹാബ് തന്റെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ വ്യക്തമാക്കി.

"ചൂടുള്ള പാനീയത്തിന്റെയും അതിലടങ്ങിയിരിക്കുന്ന കുറഞ്ഞ അളവിലുള്ള കഫീന്റെയും സംയോജനം മനുഷ്യ ശരീരത്തിലെ ഗ്യാസ്ട്രോകോളിക് റിഫ്ലെക്സിനെ ഉത്തേജിപ്പിക്കുന്നു. ഇത് വൻകുടലിന് സങ്കോചിക്കാൻ സന്ദേശം നല്‍കുകയും മലവിസർജനത്തിന് പ്രേരണ നല്‍കുകയും ചെയ്യുന്നു. പലർക്കും രാവിലെ കുടിക്കുന്ന ഒരു കപ്പ് ഗ്രീൻ ടീ മലശോധന സുഗമമാക്കാൻ സഹായിക്കുന്നത് ഇതുകൊണ്ടാണ്," അദ്ദേഹം പറഞ്ഞു.

ഗ്രീൻ ടീയുടെ മറ്റ് പ്രധാന ആരോഗ്യ ഗുണങ്ങള്‍

മലശോധന സുഗമമാക്കുന്നതിന് പുറമെ ഗ്രീൻ ടീ നല്‍കുന്ന മറ്റ് ചില പ്രധാന ആരോഗ്യ ഗുണങ്ങളും ഡോ.സല്‍ഹാബ് ചൂണ്ടിക്കാട്ടി. ഗ്രീൻ ടീയില്‍ പോളിഫെനോളുകളും EGCG പോലുള്ള കാറ്റെച്ചിനുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ശക്തമായ ആന്റിഓക്സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഗ്രീൻ ടീ പതിവായി കുടിക്കുന്നത് രക്തസമ്മർദം, എല്‍ഡിഎല്‍ കൊളസ്ട്രോള്‍, ഹൃദയാരോഗ്യം, ഓർമ്മശക്തി, തലച്ചോറിന്റെ പ്രവർത്തനം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

കുടലിലെ സൂക്ഷ്മജീവികളുടെ ആരോഗ്യം വർധിപ്പിക്കാൻ ഗ്രീൻ ടീക്ക് സാധിക്കും. കേവലം 10 ദിവസം ഗ്രീൻ ടീ കുടിച്ചവരില്‍ കുടലിന് ഗുണകരമായ ബൈഫിഡോബാക്ടീരിയം എന്ന ബാക്ടീരിയകളുടെ എണ്ണത്തില്‍ വർധനവുണ്ടായതായി ഒരു ചെറിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഫാറ്റി ലിവർ ഉള്ളവരില്‍ ലിവർ എൻസൈമുകളിലും മെറ്റബോളിക് സൂചകങ്ങളിലും പുരോഗതി വരുത്താൻ ഗ്രീൻ ടീ സഹായിക്കുമെന്ന് ചില ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഫാറ്റി ലിവർ പൂർണമായും തടയുന്നതില്‍ ഇതിന്റെ പങ്ക് വ്യക്തമാകാൻ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്.

മലബന്ധം അകറ്റാനും ദഹനം സുഗമമാക്കാനും മാത്രമല്ല; കുടല്‍, ഹൃദയം, തലച്ചോറ്, കരള്‍ എന്നിവയുടെ ആരോഗ്യ സംരക്ഷണത്തിനും രക്തസമ്മർദം നിയന്ത്രിക്കാനും സഹായിക്കുന്ന ലളിതവും എന്നാല്‍ ഏറെ ശാസ്ത്രീയ പിന്തുണയുള്ളതുമായ ഒരു പാനീയമാണ് ഗ്രീൻ ടീ എന്ന് ഡോ.സല്‍ഹാബ് വ്യക്തമാക്കി.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam