രാവിലെ വിശപ്പ് തോന്നാറില്ലേ? വിശപ്പിലെ ഈ മാറ്റം തുടരുകയോ മറ്റ് ലക്ഷണങ്ങളോടൊപ്പം വരികയോ ചെയ്യുകയാണെങ്കില്‍ ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
ഉറക്കത്തിന്റെ ഗുണനിലവാരം, മാനസിക സമ്മർദം, ഹോർമോണ്‍ മാറ്റങ്ങള്‍, ഭക്ഷണ സമയം, വ്യക്തിഗത ഉപാപചയ പ്രവർത്തനങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ രാവിലത്തെ വിശപ്പിനെ സ്വാധീനിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ക്കൊപ്പം ചിലരില്‍ വിശപ്പില്‍ മാറ്റങ്ങള്‍ അനുഭവപ്പെടാമെങ്കിലും, രാവിലെ മാത്രം വിശപ്പില്ലാത്തത് ഇൻസുലിൻ പ്രതിരോധത്തിന്റെയോ പ്രമേഹത്തിന്റെയോ ലക്ഷണമാകണമെന്നില്ല. ഒരു ലക്ഷണത്തെ മാത്രം വേറിട്ട് കാണുന്നതിന് പകരം, ശരീരത്തിന്റെ ആകമാനമുള്ള അവസ്ഥ മനസിലാക്കാൻ ശ്രമിക്കുക.
രാവിലെ എന്തുകൊണ്ട് വിശപ്പ് തോന്നുന്നില്ല?
പിഎസ്ആർഐ ഹോസ്പിറ്റലിലെ എൻഡോക്രൈനോളജി ആൻഡ് ഡയബറ്റോളജി വിഭാഗം സീനിയർ കണ്‍സള്‍ട്ടന്റായ ഡോ.ഹിമിക ചൗളയുടെ അഭിപ്രായത്തില്‍, "രാവിലെ വിശപ്പില്ല എന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലല്ല എന്ന് അർത്ഥമാക്കുന്നില്ല." ഉപാപചയ പ്രവർത്തനം, ഹോർമോണ്‍ മാറ്റങ്ങള്‍, ഉറക്കത്തിന്റെ ഗുണനിലവാരം, മാനസിക സമ്മർദം, ഭക്ഷണ ശീലങ്ങള്‍ എന്നിവയെല്ലാം വിശപ്പിനെ സ്വാധീനിക്കാമെന്ന് അവർ വിശദീകരിച്ചു.
ഉദാഹരണത്തിന്, നിങ്ങള്‍ രാത്രിയില്‍ വലിയ അളവില്‍ ഭക്ഷണം കഴിക്കുകയോ രാത്രി വൈകി ലഘുഭക്ഷണം കഴിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍, രാവിലെ ഉണരുമ്പോഴും വയറു നിറഞ്ഞതായി അനുഭവപ്പെടാം. കൂടാതെ, സിർക്കാഡിയൻ താളത്തിലെ വ്യത്യാസങ്ങള്‍ കൊണ്ടും വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകള്‍ കൊണ്ടും ചില ആളുകളില്‍ സ്വാഭാവികമായിത്തന്നെ രാവിലെ വിശപ്പ് കുറവായിരിക്കാം.
രക്തത്തിലെ പഞ്ചസാരയുടെ അളവിലെ വ്യതിയാനങ്ങള്‍ ചില വ്യക്തികളില്‍ വിശപ്പിനെ ബാധിച്ചേക്കാം, എന്നാല്‍ രാവിലത്തെ വിശപ്പ് മാത്രം അടിസ്ഥാനമാക്കി ഒരാള്‍ക്ക് പ്രമേഹമോ ഇൻസുലിൻ പ്രതിരോധമോ ഉണ്ടോ എന്ന് ഉറപ്പിക്കാൻ കഴിയില്ല.
രാത്രി വൈകിയുള്ള ഭക്ഷണവും മോശം ഉറക്കവും രാവിലത്തെ വിശപ്പിനെ ബാധിക്കുമോ?
"ഉറങ്ങാൻ പോകുന്നതിനു മുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നത് അടുത്ത ദിവസം രാവിലെ വയറു നിറഞ്ഞതായി തോന്നാൻ ഇടയാക്കും," ഡോ.ചൗള വിശദീകരിച്ചു. ഇടയ്ക്കിടെ രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരത്തെയും ബാധിക്കും. സമയബന്ധിതമല്ലാത്ത ഭക്ഷണക്രമവും രാത്രി വൈകി ഉയർന്ന കാലറിയുള്ള ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുന്നതും സാധാരണ വിശപ്പിന്റെ രീതികളെ തടസപ്പെടുത്തുകയും ഉപാപചയ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.
ഉറക്കവും ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ശരിയായ ഉറക്കം ലഭിക്കാത്തത് വിശപ്പ് നിയന്ത്രിക്കുന്ന ഹോർമോണുകളെയും മാനസികസമ്മർദത്തോടുള്ള പ്രതികരണങ്ങളെയും ഭക്ഷണത്തോടുള്ള ആഗ്രഹങ്ങളെയും ബാധിച്ചേക്കാം. എന്നിരുന്നാലും, ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. ഒരു ദിവസം രാത്രി വൈകി ഭക്ഷണം കഴിക്കുന്നതോ ഉറക്കം കുറയുന്നതോ മെറ്റബോളിക് പ്രശ്നമുണ്ടെന്നതിന്റെ സൂചനയല്ല.
വിശപ്പും ഉപാപചയ പ്രവർത്തനങ്ങളും ആരോഗ്യകരമായി നിലനിർത്താൻ കൃത്യസമയത്ത് ഭക്ഷണം കഴിക്കാനും, സന്തുലിതമായ അത്താഴം കഴിക്കാനും, ദിവസവും 7 മുതല്‍ 9 മണിക്കൂർ വരെ ഉറങ്ങാനും ഡോ.ചൗള നിർദേശിച്ചു.
രാവിലത്തെ വിശപ്പില്ലായ്മ ഇൻസുലിൻ പ്രതിരോധത്തിന്റെയോ പ്രമേഹത്തിന്റെയോ ലക്ഷണമാണോ?
ആകണമെന്നില്ല. ശരീരത്തിലെ കോശങ്ങള്‍ക്ക് ഇൻസുലിനോട് ഫലപ്രദമായി പ്രതികരിക്കാൻ കഴിയാതെ വരികയും, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നത് പ്രയാസകരമാവുകയും ചെയ്യുമ്പോഴാണ് ഇൻസുലിൻ പ്രതിരോധം ഉണ്ടാകുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയില്‍ നിലനിർത്താൻ ശരീരത്തിന് സാധിക്കാതെ വരുമ്പോഴാണ് ടൈപ്പ് 2 പ്രമേഹം വികസിക്കുന്നത്.
രക്തത്തിലെ ഗ്ലൂക്കോസ് വ്യതിയാനങ്ങള്‍ ചിലരില്‍ വിശപ്പിനെ സ്വാധീനിച്ചേക്കാമെങ്കിലും, രാവിലെ വിശപ്പില്ലാത്തത് ഇതില്‍ ഏതെങ്കിലും അവസ്ഥയുടെ വിശ്വസനീയമായ ഒരു ലക്ഷണമായി കരുതാൻ കഴിയില്ല.
"രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനങ്ങള്‍ അനുസരിച്ച് ചിലരില്‍ വിശപ്പില്‍ മാറ്റങ്ങള്‍ അനുഭവപ്പെടാറുണ്ട്, എന്നാല്‍ രാവിലെ മാത്രം വിശപ്പ് കുറയുന്നത് പ്രമേഹത്തിന്റെയോ ഇൻസുലിൻ പ്രതിരോധത്തിന്റെയോ മറ്റ് മെറ്റബോളിക് പ്രശ്നങ്ങളുടെയോ ഉറപ്പുള്ള ലക്ഷണമായി കരുതാനാവില്ല," ഡോ.ചൗള പറഞ്ഞു. രാവിലത്തെ വിശപ്പിനെക്കുറിച്ച് മാത്രം ചിന്തിക്കാതെ, ഈ മാറ്റം തുടർച്ചയായി ഉണ്ടാകുന്നുണ്ടോയെന്നും മറ്റ് ലക്ഷണങ്ങള്‍ കൂടെയുണ്ടോയെന്നും ശ്രദ്ധിക്കുക.
രാവിലെ വിശപ്പില്ലാത്തതില് എപ്പോഴാണ് ആശങ്കപ്പെടേണ്ടത്?
മിക്ക ആളുകള്‍ക്കും, രാവിലെ വിശപ്പില്ലാതെ ഉണരുന്നത് ഒരു ആശങ്കയ്ക്ക് കാരണവുമല്ല, പ്രത്യേകിച്ചും പകല്‍ സമയത്ത് അവർ ആവശ്യത്തിന് ഭക്ഷണം കഴിക്കുകയും ശരീരഭാരം സ്ഥിരമായി നിലനിർത്തുകയും ചെയ്യുന്നുണ്ടെങ്കില്‍. എന്നിരുന്നാലും, വിശപ്പിലെ തുടർച്ചയായ മാറ്റങ്ങളെ, പ്രത്യേകിച്ച് മറ്റ് ലക്ഷണങ്ങള്ക്കൊപ്പമുണ്ടെങ്കില്, അവഗണിക്കരുതെന്ന് ഡോ.ചൗള ഉപദേശിച്ചു.
ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
കാരണം വ്യക്തമല്ലാത്ത ശരീരഭാരം കുറയല്‍: ഭക്ഷണക്രമത്തിലോ വ്യായാമത്തിലോ മാറ്റം വരുത്താതെ ശരീരഭാരം കുറയുന്നുണ്ടെങ്കില്‍ വൈദ്യപരിശോധന അത്യാവശ്യമാണ്.
അമിതമായ തളർച്ച: തുടർച്ചയായ ക്ഷീണത്തിന് മെറ്റബോളിക് അല്ലെങ്കില്‍ ഹോർമോണ്‍ സംബന്ധമായ പല കാരണങ്ങളുണ്ടാകാം.
അമിതമായ ദാഹവും അടിക്കടിയുള്ള മൂത്രമൊഴിക്കലും: രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതിന്റെ പ്രധാന ലക്ഷണങ്ങളാണിത്. ഇവ നീണ്ടുനിന്നാല്‍ പരിശോധിക്കേണ്ടതാണ്.
കാഴ്ച മങ്ങല്‍: രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയരുമ്പോള്‍ ചിലപ്പോള്‍ കാഴ്ചയില്‍ മാറ്റങ്ങള്‍ സംഭവിക്കാം.
തലകറക്കം, അമിതമായി വേർക്കല്‍, വിറയല്‍, നെഞ്ചിടിപ്പ്: ഇൻസുലിനോ അല്ലെങ്കില്‍ പഞ്ചസാര കുറയ്ക്കാനുള്ള മരുന്നുകളോ കഴിക്കുന്നവരില്‍ രക്തത്തിലെ ഗ്ലൂക്കോസ് കുറയുന്നതിന്റെ ലക്ഷണങ്ങളാകാം ഇവ.
"ഈ ലക്ഷണങ്ങള്‍ പ്രമേഹമോ മറ്റ് ദഹന, ഹോർമോണ്‍, അല്ലെങ്കില്‍ മെറ്റബോളിക് സംബന്ധമായ രോഗങ്ങളുടെയോ ലക്ഷണങ്ങളാകാം," ഡോ.ചൗള വിശദീകരിച്ചു.
രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനം കൊണ്ടാണെന്ന് സ്വയം കരുതുന്നതിന് പകരം, ലക്ഷണങ്ങള്‍ തുടരുകയാണെങ്കില്‍ ഒരു ഡോക്ടറെ കാണാൻ അവർ നിർദേശിച്ചു. ഫാസ്റ്റിങ് ബ്ലഡ് ഗ്ലൂക്കോസ് അല്ലെങ്കില്‍ എച്ച്ബിഎ1സി ഉള്‍പ്പെടെയുള്ള പരിശോധനകള്‍ ആവശ്യമാണോയെന്ന് നിർണയിക്കാൻ ഒരു ഡോക്ടർക്ക് കഴിയും.
വിശപ്പില്ലെങ്കില്‍ നിർബന്ധിച്ച് പ്രഭാതഭക്ഷണം കഴിക്കണമെന്നുണ്ടോ?
"മിക്ക ആളുകളും വിശപ്പില്ലെങ്കില്‍ വലിയ അളവില്‍ പ്രഭാതഭക്ഷണം കഴിക്കാൻ സ്വയം നിർബന്ധിതരാകേണ്ടതില്ല. ദിവസം മുഴുവൻ ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍ വിശപ്പ് തോന്നുമ്പോള്‍ മാത്രം ഭക്ഷണം കഴിച്ചാല്‍ മതി," ഡോ.ചൗള പറഞ്ഞു. എന്നാല്‍ ഇതിലൊരു പ്രധാന അപവാദമുണ്ട്. ഇൻസുലിനോ ചില പ്രമേഹ മരുന്നുകളോ കഴിക്കുന്ന പ്രമേഹരോഗികള്‍ ഭക്ഷണ സമയം ക്രമീകരിക്കുന്നതിനെക്കുറിച്ച് തങ്ങളുടെ ഡോക്ടറുമായി സംസാരിക്കണം.
ഇത്തരം മരുന്നുകള്‍ കഴിക്കുന്നവർ ഭക്ഷണം വൈകിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. വൈകി പ്രഭാതഭക്ഷണം കഴിക്കുകയാണെങ്കില്‍, മധുരമുള്ള പലഹാരങ്ങളോ റിഫൈൻഡ് കാർബോഹൈഡ്രേറ്റുകളോ കഴിക്കുന്നതിന് പകരം സന്തുലിതമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

