Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
റൊണാള്‍ഡോയുടെ ലോകകപ്പ് സ്വപ്നം തകര്‍ത്തത് ആ ഒരു നിമിഷം! പോര്‍ച്ചുഗലിനെ വീഴ്ത്തി സ്പെയ്ൻ ക്വാര്‍ട്ടറില്‍

റൊണാള്‍ഡോയുടെ ലോകകപ്പ് സ്വപ്നം തകര്‍ത്തത് ആ ഒരു നിമിഷം! പോര്‍ച്ചുഗലിനെ വീഴ്ത്തി സ്പെയ്ൻ ക്വാര്‍ട്ടറില്‍

Portugal vs Spain World Cup 2026: ബ്രസീല്‍ ഇതിഹാസ താരം നെയ്മർ ജൂനിയർ കണ്ണീരോടെ മഞ്ഞക്കുപ്പായം അഴിച്ചതിന് പിന്നാലെ വിശ്വ കിരീടം എന്ന സ്വപ്നം സാക്ഷാത്കരിക്കാനാവാതെ മടങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

2026 ഫിഫ ലോകകപ്പിന്റെ പ്രീ ക്വാർട്ടർ പോരാട്ടത്തില്‍ അയല്‍ക്കാരായ പോർച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് സ്പെയിൻ ക്വാർട്ടർ ഫൈനലില്‍ പ്രവേശിച്ചു. ടെക്സാസിലെ ഡാളസ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ പകരക്കാരനായി ഇറങ്ങിയ മിക്കല്‍ മെറിനോ നേടിയ ഗോളാണ് റൊണാള്‍ഡോയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ തകർത്തത്.

സ്പെയിൻ വിജയം പിടിച്ചെടുത്തത് എങ്ങനെ?

മത്സരത്തിലുടനീളം സ്പെയിനിന് ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് പോച്ചുഗലില്‍ നിന്നും വന്നത്. പന്തടക്കത്തിലും ആക്രമണത്തിലും സ്പെയിൻ നേരിയ മേധാവിത്വം പുലർത്തിയെങ്കിലും പോർച്ചുഗലിന്റെ പ്രതിരോധം തകർക്കാൻ അവർക്ക് പാടുപെടേണ്ടി വന്നു.

മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെയാണ് 91-ാം മിനിറ്റില്‍ സ്പെയിൻ ആരാധകരെ ആവേശത്തിലാഴ്ത്തിയ ആ നിമിഷം പിറന്നത്. മിക്കല്‍ മെറിനോ പോർച്ചുഗല്‍ ഗോളി ഡിയോഗോ കോസ്റ്റയെ മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു. 85-ാം മിനിറ്റില്‍ ഡാനി ഓല്‍മോയ്ക്ക് പകരക്കാരനായി ആണ് മെറിനോ കളത്തിലിറങ്ങിയത്.

91-ാം മിനിറ്റില്‍ പോർച്ചുഗല്‍ പ്രതിരോധം റഫറിയോട് തർക്കിച്ചു നിന്ന നിമിഷം മുതലെടുത്ത് മെറിനോ കളി വേഗത്തില്‍ പുനരാരംഭിക്കുകയും ബോക്സിലേക്ക് കുതിച്ചു കയറി ഗോള്‍ നേടുകയും ചെയ്തു. ഈ ഒറ്റ ഗോളിന്റെ കരുത്തില്‍ നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിൻ ലോകകപ്പിന്റെ അവസാന എട്ടില്‍ ഇടംപിടിച്ചു. മത്സരത്തില്‍ 15 ഷോട്ടുകളാണ് സ്പെയ്നില്‍ നിന്ന് വന്നത്. ഓണ്‍ ടാർഗറ്റിലേക്ക് എത്തിയത് ആറെണ്ണവും. മറുവശത്ത് പോർച്ചുഗല്‍ 10 ഷോട്ടുകള്‍ ഉതിർത്തപ്പോള്‍ ടാർഗറ്റിലേക്ക് എത്തിയത് മൂന്നെണ്ണം മാത്രം. പന്ത് കൈവശം വെക്കുന്നതിലും പാസ് കൃത്യതയിലും പോർച്ചുഗലിനേക്കാള്‍ നേരിയ മുൻതൂക്കം സ്പെയ്നിനായിരുന്നു.

റൊണാള്‍ഡോയുടെ പ്രകടനം എങ്ങനെ?

തന്റെ കരിയറിലെ 233-ാം അന്താരാഷ്ട്ര മത്സരത്തിനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോർച്ചുഗലിനായി ബൂട്ട് കെട്ടിയത്. തന്റെ അവസാന ലോകകപ്പ് ക്യാമ്പയിൻ വിജയകരമാക്കാൻ റൊണാള്‍ഡോ 90 മിനിറ്റും മൈതാനത്ത് സജീവമായി ഉണ്ടായിരുന്നു. മുൻനിരയില്‍ പോർച്ചുഗലിന്റെ ആക്രമണങ്ങള്‍ക്ക് താരം നേതൃത്വം നല്‍കിയെങ്കിലും സ്പെയിനിന്റെ യുവ പ്രതിരോധ നിരയായ പൗ കുബാർസിയും ലപോർട്ടയും റൊണാള്‍ഡോയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഗോള്‍ നേടാൻ ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും അവ ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.

ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ തന്റെ ആറാം ലോകകപ്പില്‍ നിന്നും കണ്ണീരോടെ റൊണാള്‍ഡോയ്ക്ക് കളം വിടേണ്ടി വന്നു. ഇത് തന്റെ അവസാന ലോകകപ്പ് ആയിരിക്കും എന്ന് സ്പെയ്നിന് എതിരായ മത്സരത്തിന് മുൻപ് റൊണാള്‍ഡോ പറഞ്ഞിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam