Sanju Samson T20: സിംബാബ് വെക്ക് എതിരായ ടി20 സ്ക്വാഡില്‍ ഇന്ത്യയുടെ ലോകകപ്പ് ഹീറോ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താതിരുന്നത് വലിയ വിമർശനത്തിനാണ് വഴിയൊരുക്കുന്നത്.
ടി20 ലോക കിരീടം നിലനിർത്തുന്നതില്‍ നിർണായക പങ്ക് വഹിക്കുകയും ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത സഞ്ജുവിനെ ഏതാനും മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ പേരില്‍ സ്ക്വാഡില്‍ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്നാണ് വിമർശനം.
സഞ്ജു സാംസണിനെ സ്ക്വാഡില്‍ നിന്ന് ഒഴിവാക്കിയ സെലക്ടർമാരുടേയും ടീം മാനേജ്മെന്റിന്റേയും തീരുമാനം തെറ്റി എന്ന് വ്യക്തമാക്കുന്ന മൂന്ന് കാരണങ്ങള്‍...
മൂന്ന് മത്സരങ്ങള്‍ കൊണ്ട് വിധിയെഴുതി
ടി20 ലോകകപ്പിന്റെ ആദ്യ ഘട്ടങ്ങളില്‍ കളിക്കാൻ സാധിക്കാതിരുന്ന സഞ്ജു ഇന്ത്യയുടെ അവസാന മൂന്ന് മത്സരങ്ങളില്‍ അർധ ശതകവുമായി ടീമിനെ മുൻപില്‍ നിന്ന് നയിച്ചാണ് ടൂർണമെന്റിലെ താരമായി മാറിയത്. ടി20 ലോകകപ്പ് കഴിഞ്ഞതിന് ശേഷം സഞ്ജു കളിച്ച മൂന്ന് മത്സരങ്ങളിലാണ് ബാറ്റിംഗില്‍ മലയാളി താരം പരാജയപ്പെട്ടത്. അയർലൻഡിനെതിരായ ആദ്യ ടി20യില്‍ അഞ്ച് റണ്‍സിനും രണ്ടാം മത്സരത്തില്‍ ഒരു റണ്‍സിനുമാണ് സഞ്ജു പുറത്തായത്.
തുടരെ മൂന്ന് ഇന്നിംഗ്സുകളില്‍ പരാജയപ്പെട്ടത് ചൂണ്ടി താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയത് നീതീകരിക്കാനാവില്ല എന്ന പ്രതികരണമാണ് ശക്തമാവുന്നത്. ഇന്ത്യയെ ടി20 ലോകകപ്പ് ജയത്തിലേക്ക് നയിച്ച സഞ്ജു കൂടുതല്‍ അവസരം അർഹിക്കുന്നുണ്ട്. ഈ കഴിഞ്ഞ മൂന്ന് ഇന്നിംഗ്സുകളിലായി 12 പന്തുകള്‍ മാത്രമാണ് സഞ്ജു നേരിട്ടത്. ഇതില്‍ നിന്ന് സഞ്ജു ഫോമിലാണോ അല്ലയോ എന്ന് തിരിച്ചറിയാനാവില്ല.
പ്രായം സഞ്ജുവിന് നിലവില്‍ വിഷയമല്ല
സഞ്ജുവിനെ സ്ക്വാഡില്‍ നിന്ന് ഒഴിവാക്കിയതിന് കാരണമായി ഉന്നയിക്കുന്ന മറ്റൊന്ന് യുവതാരങ്ങള്‍ക്ക് അവസരം നല്‍കണം എന്നതാണ്. എന്നാല്‍ 31കാരനായ സഞ്ജുവിന് ഇനിയും ഏറെ നാള്‍ കളിക്കാനാവുമെന്ന് വ്യക്തം. പ്രായം 40നോട് അടുക്കുമ്പോഴാണ് രോഹിത് ശർമയും വിരാട് കോഹ്ലിയും 2027ലെ ഏകദിന ലോകകപ്പ് ലക്ഷ്യം വെക്കുന്നത്. ഇത് വെച്ച് നോക്കുമ്പോള്‍ അടുത്ത ഏതാനും വർഷം കൂടി സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താനാവും.
മറ്റ് താരങ്ങളേയും ഭയപ്പെടുത്തുന്ന നീക്കം
ലോകകപ്പ് ഹീറോയായ താരത്തെ മൂന്ന് ഇന്നിംഗ്സുകളില്‍ പരാജയപ്പെട്ടെന്ന് പറഞ്ഞ് സ്ക്വാഡില്‍ നിന്ന് ഒഴിവാക്കുന്നത് മറ്റ് ഇന്ത്യൻ കളിക്കാർക്കുള്ളിലും ഭയം നിറയ്ക്കും എന്ന വിലയിരുത്തല്‍ ശക്തമാണ്. ഇന്ത്യൻ ടീമിനുള്ളില്‍ ഇത് അരക്ഷിതാവസ്ഥ സൃഷ്ടിക്കും. ഒരോ പരാജയവും ടീമിലെ തങ്ങളുടെ സ്ഥാനം നഷ്ടമാക്കും എന്ന ഭയം കളിക്കാരുടെയുള്ളില്‍ പിടിമുറുക്കും.

