Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സഞ്ജുവിനും ശ്രേയസിനും വെല്ലുവിളി; ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റൻ ചര്‍ച്ചകളില്‍ രജത് പാട്ടിദാറിന്റെ പേരും

സഞ്ജുവിനും ശ്രേയസിനും വെല്ലുവിളി; ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റൻ ചര്‍ച്ചകളില്‍ രജത് പാട്ടിദാറിന്റെ പേരും

India T20 Captain: ഗുജറാത്ത് ടൈറ്റൻസിന് എതിരെ ആധികാരിക ജയവുമായാണ് തുടരെ രണ്ടാം വട്ടം ഐപിഎല്‍ ഫൈനലിലേക്ക് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എത്തിയത്.

നേരിട്ട് ഫൈനലിലേക്ക് ടിക്കറ്റ് ഉറപ്പിക്കാൻ ആർസിബിയെ മുൻപില്‍ നിന്ന് നയിച്ചത് ക്യാപ്റ്റൻ രജത് പാട്ടിദാർ ആണ്. 33 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒൻപത് സിക്സും പറത്തി 93 റണ്‍സ് രജത് തകർത്തടിച്ചതോടെയാണ് ഗില്ലിന്റെ ടീമിന് മുൻപില്‍ 254 എന്ന വിജയ ലക്ഷ്യം ആർസിബിക്ക് വെക്കാനായതും കലാശപ്പോരിലേക്ക് എത്താനായതും. ആർസിബിയെ തുടരെ രണ്ടാം വട്ടം ഫൈനലിലേക്ക് എത്തിച്ചതോടെ സൂര്യകുമാർ യാദവിന് ശേഷം ഇന്ത്യയുടെ ക്യാപ്റ്റൻസി സ്ഥാനത്തേക്ക് രജത്തിനെ പരിഗണിക്കണം എന്ന ആവശ്യം മുൻ താരങ്ങളില്‍ നിന്നും ആരാധകരില്‍ നിന്നും ഉയരുന്നു.

ഇന്ത്യയെ 2026ലെ ടി20 ലോക കിരീടത്തിലേക്ക് നയിച്ചെങ്കിലും ബാറ്റിംഗില്‍ രണ്ട് വർഷത്തോളമായി തുടരുന്ന മോശം ഫോം ആണ് സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻ സ്ഥാനത്തിന് ഭീഷണിയാവുന്നത്. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് സൂര്യകുമാർ യാദവിനെ മാറ്റുന്ന കാര്യത്തില്‍ ഗംഭീറിന്റെ തീരുമാനം നിർണായകമാവും എന്നാണ് റിപ്പോർട്ടുകള്‍.

സൂര്യകുമാർ യാദവിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റുകയാണ് എങ്കില്‍ പകരം ആര് എന്ന ചർച്ച ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് സജീവമാണ്. പഞ്ചാബ് കിംഗ്സിനെ ടൂർണമെന്റിന്റെ തുടക്കത്തില്‍ തുടർ ജയങ്ങളിലേക്ക് നയിച്ച സമയം ശ്രേയസ് അയ്യരുടെ പേരിനായിരുന്നു കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരുന്നത്. എന്നാല്‍ സീസണില്‍ കൂടുതല്‍ ദിവസങ്ങളില്‍ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിന്നിട്ടും പഞ്ചാബിനെ പ്ലേഓഫിലെത്തിക്കാൻ ശ്രേയസിന് സാധിച്ചില്ല. മാത്രമല്ല, നിലവില്‍ ഇന്ത്യയുടെ ടി20 ടീമില്‍ ശ്രേയസ് ഇല്ല എന്നതും താരത്തിന്റെ സാധ്യതകള്‍ ഇപ്പോള്‍ കുറയ്ക്കുന്നു.

ഇന്ത്യയുടെ ടി20 2026 ലോകകപ്പ് ഹീറോ സഞ്ജു സാംസണിന്റെ പേരാണ് സൂര്യയുടെ പിൻഗാമിയായി പിന്നെ ഉയരുന്നത്. ലോകകപ്പിലെ പ്രകടനത്തിലൂടെ ടീമില്‍ സ്ഥാനം നിലനിർത്തിയ സഞ്ജുവിന് ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സിനെ നയിച്ച അനുഭവസമ്പത്തുണ്ട്. ഈ ഐപിഎല്‍ സീസണില്‍ രണ്ട് സെഞ്ചുറികളോടെ സഞ്ജു ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പമുള്ള ആദ്യ സീസണ്‍ ആഘോഷമാക്കി.

സഞ്ജു സാംസണിന് പുറമെ മുംബൈ ഇന്ത്യൻസ് താരം തിലക് വർമയുടെ പേരും ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി അഭ്യൂഹമുണ്ട്. ജൂണിലെ ഇന്ത്യ എയുടെ പര്യടനത്തില്‍ തിലകിനെ ഇന്ത്യയുടെ ക്യാപ്റ്റനാക്കിയതോടെയാണ് ഇത്.

രജത്തിന്റെ വളർച്ച

നിലവിലെ സീസണില്‍ രജത്തിന് കീഴില്‍ ആർസിബി ലീഗ് ഘട്ടത്തില്‍ 14 കളിയില്‍ ഒൻപതിലും ജയിച്ചു. അഞ്ച് മത്സരങ്ങളിലാണ് തോല്‍വി നേരിട്ടത്. ആദ്യ ക്വാളിഫയറില്‍ കരുത്തരായ ഗുജറാത്തിനെ തോല്‍പ്പിച്ചതും രജത്തിന്റെ ക്യാപ്റ്റൻസി മികവ് വ്യക്തമാക്കുന്നു. 2022ല്‍ പരിക്കേറ്റ മറ്റൊരു താരത്തിന് പകരക്കാരനായാണ് രജത് പാട്ടിദാർ ആർസിബിയില്‍ എത്തിയത്. ശാന്തതയോടെയുള്ള തന്റെ ബാറ്റിംഗ് ശൈലിയിലൂടെ രജത് അന്ന് ഏവരെയും ആകർഷിച്ചു.

തുടർന്ന് 2025ല്‍ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം രജത്തിന്റെ കൈകളിലേക്ക് എത്തി. ഫൈനലില്‍ പഞ്ചാബ് കിംഗ്സിനെ പരാജയപ്പെടുത്തിക്കൊണ്ട് ഫ്രാഞ്ചൈസിയെ അവരുടെ കന്നി ഐപിഎല്‍ കിരീടത്തിലേക്ക് രജത് ടീമിനെ നയിച്ചു. ഇതിലൂടെ വിരാട് കോഹ്‌ലിയുടെ 18 വർഷത്തെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാൻ രജത്തിനായി.

മൂന്ന് ഐപിഎല്‍ ഫൈനലുകളില്‍ പരാജയപ്പെട്ട ആർസിബിയെ പലപ്പോഴും "ചോക്കേഴ്സ്" എന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ പാട്ടിദാറിന്റെ നേതൃത്വത്തിന് കീഴില്‍ ആർസിബിയുടെ ഭാഗ്യം മാറിമറിഞ്ഞു. ഇപ്പോള്‍ തങ്ങളുടെ കിരീടം നിലനിർത്തുന്നതിന്റെ തൊട്ടരികിലാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു.

കോഹ്‌ലി ഇപ്പോഴും ഫ്രാഞ്ചൈസിയുടെ പ്രധാന മുഖമായി തുടരുമ്പോഴും ആർസിബിയുടെ വിജയത്തില്‍ പാട്ടിദാറും തുല്യമായ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. തീരുമാനങ്ങള്‍ എടുക്കുന്നതിലെ രജത്തിന്റെ പക്വത, കൃത്യമായ ബൗളിംഗ് മാറ്റങ്ങള്‍, മത്സരങ്ങള്‍ വിജയിപ്പിക്കാനുള്ള പ്രകടനങ്ങള്‍ എന്നിവയെല്ലാം ശ്രദ്ധേയമായിരുന്നു.

അന്താരാഷ്ട്ര തലത്തിലേക്ക് വരുമ്പോള്‍ 32കാരനായ രജത് ഇതുവരെ മൂന്ന് ടെസ്റ്റുകളും ഒരു ഏകദിനവും കളിച്ചിട്ടുണ്ടെങ്കിലും ട്വന്റി20 ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ല.

"ഒരു ടീം കെട്ടിപ്പടുക്കുമ്പോള്‍ ഞാൻ ആദ്യം പേരെഴുതുന്ന രണ്ട് അല്ലെങ്കില്‍ മൂന്ന് കളിക്കാരുണ്ടാകും. അതില്‍ ഒരാള്‍ തീർച്ചയായും പാട്ടിദാർ ആയിരിക്കും. ഇന്ത്യയുടെ ടി20 ടീമില്‍ നിങ്ങള്‍ക്ക് രജത് പാട്ടിദാറിനെ ആവശ്യമുണ്ട്. അതില്‍ രണ്ടാമതൊരു ചിന്തയ്ക്ക് സ്ഥാനമില്ല," മുൻ ഇന്ത്യൻ താരം അമ്പാട്ടി റായുഡു ഇഎസ്‌പിഎൻക്രിക്‌ഇൻഫോയോട് പറഞ്ഞു.

സൂര്യകുമാർ യാദവിന് പകരം പാട്ടിദാറിനെ ഇന്ത്യയുടെ ടി20 ക്യാപ്റ്റനാക്കണമോ എന്ന ചോദ്യത്തിന്, "അതെ, തീർച്ചയായും," എന്നായിരുന്നു റായുഡുവിന്റെ മറുപടി. രജത് പാട്ടിദാറിനെ നേരിട്ട് ഇന്ത്യയുടെ ടി20 ക്യാപ്റ്റനായി നിയമിക്കുന്നത് വലിയൊരു നീക്കമായിരിക്കുമെങ്കിലും സമീപകാലത്തായി ശ്രേയസ് അയ്യർ, സഞ്ജു സാംസണ്‍ എന്നിവരെയെല്ലാം നിഴലിലാക്കുന്ന പ്രകടനമാണ് പാട്ടിദാർ പുറത്തെടുത്തത്. ക്യാപ്റ്റനായിട്ടല്ലെങ്കില്‍ പോലും ഇന്ത്യയുടെ ടി20 ടീമില്‍ രജത് തീർച്ചയായും ഒരു സ്ഥാനം അർഹിക്കുന്നുണ്ട്.

ഞായറാഴ്ച അഹമ്മദാബാദില്‍ വെച്ച്‌ ആർസിബി തങ്ങളുടെ രണ്ടാം ഐപിഎല്‍ കിരീടം കൂടി സ്വന്തമാക്കുകയാണെങ്കില്‍, അത് ഇന്ത്യൻ ടീമിലേക്കുള്ള വരാനുള്ള പാട്ടിദാറിന്റെ സ്ഥാനവും ഒരുപക്ഷേ ക്യാപ്റ്റൻ സ്ഥാനവും കൂടുതല്‍ ശക്തമാക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam